ജനവാസ മേഖലയില്‍ അറവ് മാലിന്യ പ്ലാന്‍റ്: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് ഉപരോധിക്കും

Wayanad

കല്പറ്റ: മലിനീകരണ നിയന്ത്രണ ബോര്‍ഡ്് നിലപാടിനെതിരെ പ്രത്യക്ഷ സമരവുമായി ഒരു പ്രദേശത്തെ ജനങ്ങള്‍ രംഗത്തേക്ക്. കൊളവയല്‍ അറവുമാലിന്യ പ്ലാന്റിനെതിരെ രാപ്പകല്‍ സമരം നടത്തുന്ന ജനങ്ങളാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെ രംഗത്തുവന്നത്. മെയ് 16ന് ബോര്‍ഡിന്റെ കല്പറ്റയിലെ ഓഫിസ് ഉപരോധിക്കാനാണ് തീരുമാനം. രാവിലെ 11 മണിമുതലാണ് കല്പറ്റ പിണങ്ങോട് റോഡിലുള്ള ഓഫിസ് ഉപരോധിക്കുക.

കൊളവയലിലെ അറവുമാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കാനോ മലിനീകരണമുണ്ടാക്കുന്ന പ്ലാന്റിനെതിരെ നടപടി സ്വീകരിക്കാനോ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തയ്യാറാകുന്നില്ല. പ്ലാന്റിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ പ്ലാന്റിന് അനുകൂലമായ നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതോടെയാണ് പ്രത്യക്ഷ സമരത്തിലേക്കിറങ്ങാനും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കല്പറ്റയിലെ ഓഫിസ് ഉപരോധിക്കാനും തീരുമാനിച്ചതെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.