ലഹരിയുടെ ഉറവിടങ്ങളുടെ വേരറുക്കണം – എം.കെ രാഘവൻ എം.പി
കോഴിക്കോട് : ലഹരി വിതരണ ശൃംഖലയുടേത് മാത്രമല്ല ലഹരി ഉറവിടങ്ങളുടെ തന്നെ അടിവേരറുക്കാൻ ശക്തമായ നടപടികളാണ് ആവശ്യമെന്ന് എം.കെ രാഘവൻ എം.പി പ്രസ്താവിച്ചു. സമൂഹം ഒന്നടങ്കം ഏറ്റെടുത്തു കൊണ്ടുള്ള ജനകീയ പ്രചാരണമാണ് ലഹരിവ്യാപനം തടയാൻ കൂടുതൽ ഫലപ്രദമെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തിൻ്റെ നാനാ തട്ടിലുള്ളവരുടെയും യോജിച്ചുള്ള കൂട്ടായ്മ രൂപപ്പെടുത്തി ലഹരി വിരുദ്ധ മുന്നേറ്റം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എൻ .എം മർകസുദ്ദഅവ കോഴിക്കോട് ജില്ലാ സമിതി നല്ല കേരളം പദ്ധതിക്ക് കീഴിൽ “ലഹരിയില്ലാ നാട് ,ശാന്തിയുള്ള വീട് ” എന്ന സന്ദേശവുമായി നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ പ്രസിഡണ്ട് എം.ടി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ലഹരിയുടെ അപകടങ്ങളും ആഘാതങ്ങളും ബോധ്യപ്പെടുത്താൻ കുടുംബകൂട്ടായ്മകളിൽ ശക്തമായ ബോധവൽക്കരണത്തിന് സർക്കാരും സാമൂഹിക സംഘടനകളും പദ്ധതി തയ്യാറാക്കണമെന്നും കാമ്പസുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ വകുപ്പും എക്സൈസ് വകുപ്പും അധ്യാപക- വിദ്യാർത്ഥി സംഘടനകളും നിരീക്ഷണം ശക്തമാക്കി ജാഗ്രത പുലർത്തണമെന്നും കാമ്പയ്ൻ ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ സമ്മേളനം ആവശ്യപ്പെട്ടു.
എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ആർ. എൻ ബൈജു , കെ.എൻ. എം മർകസുദ്ദഅവ സംസ്ഥാന ഭാരവാഹികളായ പി.ടി. അബ്ദുൽ മജീദ് സുല്ലമി , ഡോ: ഇസ്മായിൽ കരിയാട് , ജില്ല സെക്രട്ടറി ടി.പി. ഹുസൈൻ കോയ , ഐ. എസ്. എം സംസ്ഥാന പ്രസിഡണ്ട് ഡോ: കെ.ടി. അൻവർ സാദത്ത് , എം.ജി. എം സംസ്ഥാന സെക്രട്ടറി മുഹ്സിന പത്തനാപുരം , എം.എസ് എം സംസ്ഥാന ട്രഷറർ ശഹീം പാറന്നൂർ , ഐ. ജി. എം സംസ്ഥാന സെകട്ടറി അസ്ന നാസർ, പി.സി അബ്ദുറഹിമാൻ , ടി.കെ. മുഹമ്മദലി, അക്ബർ സാദിഖ്, എൻ.ടി അബ്ദുറഹിമാൻ , ജദീർ കൂളിമാട് , റാഫി രാമനാട്ടുകര , ഷമീന ഇയ്യക്കാട് , നജഫാത്തിമ പ്രസംഗിച്ചു. പ്രചാരണത്തിൻ്റെ ഭാഗമായി സ്ത്രീ ജാഗ്രത സദസ്സ് , വാഹന സന്ദേശ യാത്ര , ഭവന സന്ദർശനം , വിദ്യാർത്ഥി – യുവജന കൂട്ടായ്മ , സൗഹൃദ മുറ്റം , തസ്കിയത് ക്യാമ്പ് എന്നിവ വരും ദിനങ്ങളിൽ നടക്കും