സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും ആഗോള വീക്ഷണത്തോടെയുള്ള നവീകരണം ആവശ്യം: വിദഗ്ധര്‍

Business

തിരുവനന്തപുരം: രാജ്യാന്തര വിപണിസാധ്യത തിരിച്ചറിഞ്ഞ് ആഗോള വീക്ഷണത്തോടെ നവീകരിക്കുന്നതിലാണ് സ്റ്റാര്‍ട്ടപ്പുകളുടെയും കമ്പനികളുടെയും വിജയമെന്ന് വിദഗ്ധര്‍. ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ (ടിഎംഎ), ട്രിമ 2023ന്റെ ദ്വിദിന കോണ്‍ക്ലേവില്‍ ‘ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്’ എന്ന വിഷയത്തില്‍ നടന്ന സാങ്കേതിക സെഷനിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ‘ട്രിവാന്‍ഡ്രം 5.0 പ്രോസ്പിരിറ്റി ബിയോണ്ട് പ്രോഫിറ്റ്’ എന്ന പ്രമേയത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ഇന്നൊവേഷന്‍ എന്നത് അത്യാധുനിക നിലവാരത്തെ വീണ്ടും മെച്ചപ്പെടുത്തുന്നതാണെന്ന് പിത്രെ ബിസിനസ് വെഞ്ചേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ അജയ് പിത്രെ പറഞ്ഞു. ഇതുവരെ ആരും ചിന്തിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ സംരംഭകര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിലവിലെ സാഹചര്യത്തില്‍ നവീകരണത്തിനായി ലോകത്ത് സംഭവിക്കുന്ന എന്തും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടേണ്ടതുണ്ട്. വേഗത്തില്‍ പ്രവര്‍ത്തിക്കാനും വിജയിക്കാനുമുള്ള അഭിനിവേശവും പ്രേരണയുമുള്ളതിനാല്‍ ചെറുകിട കമ്പനികള്‍ കൂടുതല്‍ നൂതനമാണ്. എല്ലാ സംരംഭകര്‍ക്കും സമൂഹത്തിന്റെ അഭിവൃദ്ധിക്കായി ഗണ്യമായ സംഭാവന നല്‍കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതൊരു സമൂഹത്തിന്റെയും വികസനത്തെ നയിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നായി ആഗോളതലത്തില്‍ സംരംഭകത്വം വലിയ തോതില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് സെഷന്‍ മോഡറേറ്റ് ചെയ്ത ടിഎംഎ പ്രസിഡന്റും കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്‌സ് െ്രെപവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ സി. പത്മകുമാര്‍ പറഞ്ഞു.

കമ്പനികള്‍ നവീകരിക്കപ്പെടുന്നില്ലെങ്കില്‍ അവ നിലനില്‍ക്കില്ലെന്ന് സഫിന്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ സുജ ചാണ്ടി പറഞ്ഞു. ഈ നവീകരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വാധീനം ചെലുത്തേണ്ടതുണ്ട്. ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്. ഓരോ കമ്പനിയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നവീകരണം തുടരേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പ്രതികൂല സാഹചര്യങ്ങളിലും നിലനില്‍ക്കാനുള്ള ശേഷി ഒരു സ്റ്റാര്‍ട്ടപ്പിന്റെ വിജയം നിര്‍ണയിക്കുന്ന ഘടകമാണ് ഗോഹഡില്‍ സഹസ്ഥാപകയും സിഇഒയുമായ ലക്ഷ്മി മിനി പറഞ്ഞു. ബിസിനസ് പശ്ചാത്തലം ഇല്ലാത്തവരാണ് ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളുടെയും സ്ഥാപകര്‍. അവര്‍ക്ക് മികച്ച ആശയങ്ങളും അഭിനിവേശവും സാങ്കേതിക വൈദഗ്ധ്യവുമുണ്ടായിരിക്കും. എന്നാല്‍ വിപണിയില്‍ പ്രവേശിക്കുന്നതിനും നെറ്റ് വര്‍ക്കിംഗിനും പല വെല്ലുവിളികളും നേരിടേണ്ടി വരും. ഒരു സ്റ്റാര്‍ട്ടപ്പ് സ്ഥാപകന് വെല്ലുവിളികളെ അഭിമുഖീകരിക്കാനും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിലനില്‍ക്കാനും കഴിയണമെന്നും അവര്‍ പറഞ്ഞു.

വിവിധ തലങ്ങളുള്ളതിനാല്‍ വിഭവങ്ങളുടെ ലഭ്യതയാണ് നവീകരണത്തിന്റെ താക്കോലെന്ന് നാവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്‌സ് സിഇഒ സന്ദിത് തണ്ടാശേരി പറഞ്ഞു.