സംസ്ഥാനത്തെ സംരംഭങ്ങള്‍ ഏഴുവര്‍ഷം കൊണ്ട് നേടിയത് 551 മില്യണ്‍ ഡോളര്‍

Business

തിരുവനന്തപുരം: കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകരുടെ വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവായി സംസ്ഥാനത്തെ സംരംഭങ്ങള്‍ 2015 മുതല്‍ 551 മില്യണ്‍ ഡോളര്‍ ധനസഹായം നേടിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) റിപ്പോര്‍ട്ട്. ഹഡില്‍ ഗ്ലോബല്‍ ദ്വിദിന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

2015ല്‍ കേരളത്തില്‍ 200 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം തുടങ്ങിയപ്പോള്‍ 2016നും 2021നും ഇടയില്‍ സംസ്ഥാനത്ത് 4000 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചു. എന്നാല്‍ കോവിഡും സാമ്പത്തികമാന്ദ്യവും കാരണം 2021ല്‍ സംസ്ഥാനത്തെ പുതിയ സ്റ്റാര്‍ട്ടപ്പ് രജിസ്‌ട്രേഷനുകളുടെ എണ്ണം കുറഞ്ഞു. നിലവിലെ സര്‍ക്കാരിന്റെ കാലത്ത് കേരളം 15,000 സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കാനും രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതോടെ ഇത് പരിഹരിക്കാനുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്‌കരിക്കുന്നത്.

കേരളത്തിന്റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിലെ ഏറ്റവും ഉയര്‍ന്ന വിഹിതം വളര്‍ച്ചാ മൂലധനമാണ്. അതേസമയം 551 ദശലക്ഷം ഡോളറിന്റെ മൊത്തം ഫണ്ടിംഗ് ഡീലുകളുടെ മൂന്നില്‍ രണ്ട് ഭാഗവും സീഡ് സ്‌റ്റേജ് ഡീലുകളാണ്. വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപ പട്ടിക കണക്കിലെടുത്ത് 93 ശതമാനത്തോടെ കൊച്ചിയാണ് പട്ടികയില്‍ ഒന്നാമത്.

കേരളത്തില്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്വരൂപിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഫിന്‍ടെക്കും സാസ് സ്റ്റാര്‍ട്ടപ്പുകളുമാണ്. 2015 മുതല്‍ കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നേടിയ മൊത്തം നിക്ഷേപത്തിന്റെ 66 ശതമാനവും ഈ മേഖലകളിലാണ്. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ (39 ശതമാനം), ഹെല്‍ത്ത്‌കെയര്‍ (26.7 ശതമാനം), ഡീപ് ടെക് (4.6 ശതമാനം), ട്രാന്‍സ്‌പോര്‍ട്ട് ടെക് (2.9 ശതമാനം) എന്നിവയാണ് പിറകെ. കേരളം ആസ്ഥാനമായുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം 32 മില്യണ്‍ ഡോളറാണ്.

ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും കേരളത്തില്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2014 മുതല്‍ കേരളത്തിലെ ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്ന, സേവന സ്റ്റാര്‍ട്ടപ്പുകള്‍ 15.2 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധാരാളം ഫണ്ടിംഗ് അവസരങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നൊവേഷന്‍ ഗ്രാന്റും സീഡ് ഫണ്ട് സപ്പോര്‍ട്ടും ഉള്‍പ്പെടെ കെഎസ് യുഎം അവതരിപ്പിച്ച സ്‌കീമുകള്‍ ഓഹരി ഇല്ലാതെ പ്രവര്‍ത്തന മൂലധനം വാഗ്ദാനം ചെയ്യുന്നു. സര്‍ക്കാര്‍ വകുപ്പുകളിലേക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായും കേരളം മാറി.

Leave a Reply

Your email address will not be published. Required fields are marked *