ജയിലില്‍ നിന്നും ജാമ്യത്തിലിറക്കിയ അമ്മയെ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അടിച്ചുകൊന്നു

Kerala

കാഞ്ഞിരംകുളം: ജയിലില്‍ നിന്നും ജാമ്യത്തിലിറക്കിയ അമ്മയെ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുവാവ് മര്‍ദിച്ച് കൊലപ്പെടുത്തു. അവണാകുഴി പേരിങ്ങോട്ടുകോണം ബിജുവാണ് അമ്മയെ കൊലപ്പെടുത്തിയത്. ബിജു അമ്മയോട് മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ അമ്മ തയ്യാറായില്ല. തുടര്‍ന്ന് ബിജു അമ്മയെ ദാരുണമായി മര്‍ദിക്കുകയായിരുന്നു. മകന്റെ മര്‍ദനത്തില്‍ ഗുരുതരാവസ്ഥയിലായ അമ്മ പിന്നീട് മരിക്കുകയായിരുന്നു.

ബിജു പോക്‌സോ കേസില്‍ ജയിലിലായിരുന്നു. കഴിഞ്ഞ 12നാണ് അമ്മ ബിജുവിനെ ജാമ്യത്തിലിറക്കിയത്. വീട്ടിലെത്തിയതിന്റെ അടുത്ത ദിവസം തന്നെയാണ് ബിജു അമ്മയെ ക്രൂര മര്‍ദനത്തിനിരയക്കി കൊലപ്പെടുത്തിയത്. അടിയിലും ചവിട്ടലിലും വാരിയെല്ല് പൊട്ടുകയും അടിവയറു മൊത്തം ചവിട്ടിക്കലക്കുകയും ചെയ്തിട്ടുണ്ട്. മകന്റെ അടിയില്‍ വീണ അമ്മയുടെ തലക്കേറ്റ് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മരണകാരണമായത്.

കൊലയ്ക്ക് ശേഷം ബിജു തന്നെയാണ് അമ്മ വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്നതായി സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്ത് ബിജുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.