തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി രേഷ്മ രാജപ്പനാണ് പൊലീസിന്റെ പിടിയിലായത്. നിരവധി പേരെ യുവതി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പരാതി വരുന്ന മുറയ്ക്ക് ഇക്കാര്യത്തിലും അന്വേഷണം ആരംഭിക്കും.
യുവതിക്കെതിരെ ആലത്തൂരില്‍ നിന്ന് മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. വെങ്ങന്നൂര്‍ ആലക്കല്‍ ഹൗസില്‍ പ്രകാശന്റെ മകന്‍ പ്രവീഷില്‍ നിന്ന് രണ്ട് തവണകളിലായി പത്ത് ലക്ഷം രൂപയും വെങ്ങന്നൂര്‍ ബാലന്റെ മകള്‍ മഞ്ജുഷയില്‍ നിന്ന് രണ്ടു തവണകളിലായി 5,50,000 രൂപയും ആലത്തൂര്‍ കുനിശ്ശേരി മുല്ലക്കല്‍ സുശാന്തില്‍ നിന്ന് 2,70,000 രൂപയും ഈ യുവതി കൈക്കലാക്കിയിരുന്നു. ലക്ഷങ്ങളുടെ തട്ടിപ്പ് യുവതി നടത്തിയിട്ടുണ്ടെന്നാണ് വിവരം.