പത്മരാജന്‍ അനുസ്മരണ സമ്മേളനവും പ്രാവ് ചലച്ചിത്രത്തിന്‍റെ പ്രൊമോഷന്‍ ലോഞ്ചും നടന്നു

Cinema

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ പത്മരാജന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി മലയാള സിനിമാലോകത്തെ പ്രഗത്ഭരും ചലച്ചിത്രാസ്വാദകരും ഒത്തുകൂടി. ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ പത്മരാജന്‍ ട്രസ്റ്റ് ഭാരവാഹികളായ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി രാധാലക്ഷ്മി പത്മരാജന്‍, ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ഫിലിം പ്രൊഡ്യൂസര്‍ ഗാന്ധിമതി ബാലന്‍, സിനിമാ സംവിധായകനും പത്മരാജനോടൊപ്പം ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി കൂടെയുണ്ടായിരുന്ന സുരേഷ് ഉണ്ണിത്താന്‍, പ്രൊഫസര്‍ മ്യൂസ് മേരി ജോര്‍ജ്, ഭാരത് ഭവന്‍ ഡയറക്ടറും സിനിമാ സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പത്മരാജന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു.

ചടങ്ങില്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ അച്ഛനെക്കുറിച്ചു തയ്യാറാക്കിയ കുറിപ്പ് ശ്രി ധന്വന്തരി സദസ്സില്‍ അവതരിപ്പിച്ചു. ആ കുറിപ്പ് ഇപ്രകാരമാണ് ‘അച്ഛന്റെ 45മത് പിറന്നാള്‍ ഓര്‍ക്കുന്നു. അന്നു കാലത്ത് കാര്‍ പഠിക്കാന്‍ ഞാന്‍ അച്ഛന്റെ അനിയത്തിയുടെ മകനൊപ്പം പാങ്ങോട് മിലിട്ടറി ക്യാമ്പ് ഭാഗത്തേക്ക് അതിരാവിലെ പോയി. ഡ്രൈവിംഗ് ഗുരു അച്ഛന്റെ പേര്‍സണല്‍ മാനേജര്‍ മോഹന്‍ദാസ്. കാര്‍ എവിടെയൊ മുട്ടി. മടങ്ങി വന്ന അച്ഛന്‍ ഒന്ന് അസ്വസ്ഥനായി. പക്ഷേ പെട്ടെന്ന് തന്നെ ആ വിഷമം മറച്ച്, ‘അതൊന്നും സാരമില്ലെടാ കാര്‍ പഠിക്കുമ്പൊ തട്ടലും മുട്ടലുമൊക്കെ നടക്കും.’ എന്ന് അനന്തിരവനെ ആശ്വസിപ്പിച്ചു. ഉച്ചക്ക് പിറന്നാള്‍ സദ്യക്ക് കൂടാന്‍ വേണുച്ചേട്ടനും ബീന ചേച്ചിയും കുഞ്ഞുമോള്‍ മാളുവിനൊപ്പം വന്നപ്പോള്‍ ആ മങ്ങല് മുഴുവനൊഴിഞ്ഞു. ഉച്ചക്ക് തീരെ പ്രതീക്ഷിക്കാതെ അച്ഛനൊരു ഫോണ്‍ വന്നു. എം.ടി യാണ്. ‘വൈകിട്ട് ഫ്രീ ആണെങ്കില്‍ ഒന്ന് പാരമൗണ്ട് ടൂറിസ്റ്റ് ഹോം വരെ വരു, ഞാനിവിടെയുണ്ട് ‘ . കൂട്ടത്തില്‍ എന്നെ കൂടി കൊണ്ട് വരാന്‍ നിര്‍ദ്ദേശം അതിന് മുമ്പ് അദ്ദേഹത്തിന് ഞാനൊരു കത്തെഴുതിയിരുന്നു. 17 വയസ്സില്‍ എം.ടി ലഹരിയില്‍ പൂണ്ടിരിക്കുന്ന എന്നോട് അച്ഛന്‍ പറഞ്ഞു, ‘സന്ധ്യക്ക് റെഡി ആവ് . എം.ടി.ക്ക് നിന്നെ കാണണമെന്ന് ‘ രാത്രി അവര്‍ക്ക് രണ്ടു പേര്‍ക്കുമിടയില്‍ ഞാനൊരു പുളകത്തിന്റെ കുമിളയില്‍ എം.ടി. പറയുന്നു, ‘ എനിക്കൊരു നോവല്‍ എഴുതി തരൂ പപ്പന്‍. നമ്മുടെയൊക്കെ ശരിയായ തിണ സാഹിത്യമാണ്. ഇടക്കൊക്കെ അവിടെ തിരിച്ചു വരണം ‘ അച്ഛന്‍ സമ്മതിക്കുന്നു. ആ വാക്കാണ് ‘പ്രതിമയും രാജകുമാരിയും ‘ എന്ന സൃഷ്ടിക്ക് ഹേതു. രാത്രി മടങ്ങിയെത്തിയ അച്ഛന്‍ ഡയറിയില്‍ ഇങ്ങനെ കുറിച്ചു , ‘ ഇന്ന് പിറന്നാള്‍, അലോസരത്തില്‍ തുടങ്ങിയ ദിവസം ഒതുക്കത്തില്‍ നന്നായി കലാശിച്ചു ” അച്ഛന്റെ അവസാന ദിനസരിക്കുറിപ്പ്. 33 വര്‍ക്ഷത്തിന് ശേഷം മലയാളം ഇന്നും ആ പിറന്നാള്‍ ഓര്‍ത്തു വെക്കുന്നു ആഘോഷിക്കുന്നു. എല്ലാവര്‍ക്കും സ്‌നേഹം പറയുന്നു. കാലമേ സ്‌നേഹം. തുടര്‍ന്ന് ചടങ്ങില്‍ പത്മരാജന്റെ മലയാള സിനിമയിലേക്കുള്ള സംഭാവനകള്‍ കൂട്ടിയിണക്കി ഒരുക്കിയ സ്‌പെഷ്യല്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

തുടര്‍ന്ന് പത്മരാജന്റെ കഥയെ ആസ്പദമാക്കി ചിത്രീകരണം പൂര്‍ത്തിയാക്കിയ പ്രാവ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ലോഞ്ചിനും ചടങ്ങു വേദിയായി. പ്രാവ് സിനിമയുടെ നിര്‍മ്മാതാക്കളായ തകഴി രാജശേഖരന്‍ (പ്രൊഡ്യൂസര്‍), എസ്.മഞ്ജുമോള്‍ (കോ പ്രൊഡ്യൂസര്‍), സംവിധായകന്‍ നവാസ് അലി, എഡിറ്റര്‍, അഭിനേതാക്കളായ അമിത് ചക്കാലക്കല്‍, അഡ്വക്കേറ്റ് സാബുമോന്‍ അബ്ദുസമദ്, കെ യൂ മനോജ്, അജി ധന്വന്തരി തുടങ്ങി മറ്റു താരങ്ങളും സിനിമയേക്കുറിച്ചു സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ മണക്കാട് ഗോപന്‍ അവതരിപ്പിച്ച പത്മരാജന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത നിശയും നടന്നു.