വിദ്യാസാഗര്‍ സംഗീതത്തിന്‍റെ 25 വര്‍ഷങ്ങള്‍; ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് കൊച്ചി

Cinema

കൊച്ചി: മലയാളിക്ക് സിനിമാ സംഗീതം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്ന പേരുകളിലൊന്നാണ് വിദ്യാസാഗര്‍. തൊണ്ണൂറുകളില്‍ തുടങ്ങിയ വിദ്യാസാഗര്‍ സംഗീതത്തിന്റെ സുവര്‍ണ്ണ കാലഘട്ടം. അന്നുമുതല്‍ ഇന്നുവരെ എത്രയോ തലമുറകളെയാണ് സിനിമാ പാട്ടുകള്‍ മൂളാന്‍ ശീലിപ്പിച്ചത്. 25 വര്‍ഷത്തെ അദ്ദേഹത്തിന്റെ സംഗീതസപര്യയിലൂടെ ഒരു സങ്കലനമാണ് ജൂണ്‍ 10നു കൊച്ചിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി. വിദ്യാസാഗറിന്റെ കേരളത്തിലെ ആദ്യത്തെ ലൈവ് പ്രോഗ്രാമിന് കൊക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സും, നോയ്‌സ് ആന്‍ഡ് ഗ്രൈന്‍സും ചേര്‍ന്നാണ് അവസരം ഒരുക്കുന്നത്. ‘മെലഡി കിങ്’ എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ സംഗീതത്തിനൊപ്പം ഇന്ത്യയിലെ പ്രമുഖ ഗായകരായ. ഹരിഹരന്‍, എം ജി ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ്, നജീം അര്‍ഷാദ്, ഹരീഷ് ശിവരാമകൃഷ്ണന്‍, ദേവാനന്ദ്, ശ്വേതാ മോഹന്‍, മൃദുല വാര്യര്‍, റിമി ടോമി, രാജലക്ഷ്മി, നിവാസ് തുടങ്ങി നിരവധി പേരാണ് പ്രധാനമായും ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.

എന്നും മനസിന്റെ അടിത്തട്ടില്‍ സ്ഥാനം പിടിച്ച, വികാരങ്ങളെ പോലും സ്വാധീനിച്ച, സംഗീതം എന്ന മാസ്മരിക ലോകത്തിലേക്ക് മലയാളിയെ കൂടുതല്‍ അടുപ്പിച്ച.. വിദ്യാസാഗര്‍ എന്ന സംഗീത മാന്ത്രികനെ ഒരുനോക്ക് കാണാനും, പ്രിയ ഗായകരുടെ സ്വരമാധുരിയില്‍ നമ്മള്‍ ഏറെ ആസ്വദിച്ച ഗാനങ്ങള്‍ വീണ്ടും കേള്‍ക്കാനുമുള്ള അസുലഭാവസരം എന്നതാണ് ഈ പരിപാടിയുടെ സവിശേഷത. കൂടുതല്‍ വിവരങ്ങള്‍ https://bit.ly/vidyasagarcochin എന്ന വെബ് സൈറ്റ് വഴി അറിയാം.