പ്ലസ്ടു ഉന്നത വിജയം: ഹാത്തിം അലിയെ അനുമോദിച്ചു

Gulf News GCC

ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ സ്ട്രീം ടോപ്പര്‍ (കൊമേഴ്‌സ്) ആയി പ്ലസ് 2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹാത്തിം അലിയെ മസ്ജിദ് അബൂബക്കര്‍ സിദ്ദീഖ് ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ (ക്യു.എല്‍.എസ്) പഠിതാക്കള്‍ അനുമോദിച്ചു. QLS ക്ലാസിലെ സ്ഥിരം പഠിതാവായിരുന്നു ഹാത്തിം അലി.

ആധുനിക കാലഘട്ടത്തില്‍ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ കുട്ടികള്‍ക്ക് മതവിദ്യാഭ്യാസവും നിര്‍ബന്ധമായും നല്‍കേണ്ടതുണ്ടെന്നും അതിനായി രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ക്യു.എല്‍.എസ് ഇന്‍സ്ട്രക്റ്റര്‍ മൗലവി ലിയാഖത്തലിഖാന്‍ ഉദ്‌ബോധിപ്പിച്ചു. ലക്ഷ്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്നും അനുമോദന യോഗത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം ശറഫിയയിലെ മസ്ജിദ് അബൂബക്കര്‍ സിദ്ദീഖിന്റെ ഒന്നാം നിലയില്‍ വെച്ച് ഖുതുബയുടെ മലയാള വിവര്‍ത്തനവും ഖുര്‍ആന്‍ പഠനക്ലാസും നടന്നുവരുന്നുണ്ടെന്നും ജീവിത തിരക്കുകള്‍ക്കിടയില്‍ ആഴ്ചയില്‍ ഒരുമണിക്കൂര്‍ സമയമെങ്കിലും ഇതിനായി നാം മാറ്റിവെക്കണമെന്നും മൗലവി അഭ്യര്‍ഥിച്ചു.

പരിപാടിക്ക് ഇസ്ലാഹി സെന്റര്‍ ദഅവാ വിഭാഗം കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഫാറൂഖി, ക്ലാസ് ലീഡര്‍ ഇബ്രാഹീം കണ്ണൂര്‍, മന്‍സൂര്‍ പൊന്നാനി, നവാസ് നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉപരിപഠനത്തിനായി നാട്ടില്‍ പോയ ഹാത്തിമിന് വേണ്ടി പിതാവ് ഷമീര്‍ എന്‍ ടി ഉപഹാരം സ്വീകരിച്ചു.