പാലാ: ലോക സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ മാറ്റുരയ്ക്കാന്‍ അവസരം ലഭ്യമായതിന്റെ സന്തോഷത്തിലാണ് കൊച്ചിടപ്പാടി സ്‌റ്റേഹാരാം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അലീനയും നയനയും അധ്യാപകരും.
ജര്‍മ്മനിയില്‍ വച്ച് ജൂണ്‍ 15 മുതല്‍ 29 വരെയാണ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. ബര്‍ലിനില്‍ നടക്കുന്ന ഒളിംപിക്‌സ് കായിക മേളയില്‍ ഭാരതത്തിന് വേണ്ടി ദേശീയ പതാകയുമേന്തി മത്സരിക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഇരുവരും. രണ്ടിനങ്ങളിലായാണ് ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. നയന രമേശ് ബാസ്‌ക്കറ്റ് ബോളിലും അലീന ആന്റെണി നീന്തലിലുമാണ് ഇന്ത്യന്‍ ടീമിന് വേണ്ടി ജഴ്‌സി അണിയുന്നത്.
കുറവിലങ്ങാട് പനമ്പേപറമ്പില്‍ രമേശിന്റെയും മിനിയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് നയന. ചെറുപ്പം മുതലേ കായിക രംഗത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്ന രണ്ട് കുട്ടികളും ഇപ്പോള്‍ കൊച്ചിടപ്പാടി സ്‌നേഹാരാമിന്റെ മക്കളാണ്.ഇരട്ട സഹോദരിയായ നന്ദിത 2014 ല്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡലും വെങ്കല മെഡലും നേടിയിട്ടുണ്ട്.
ആലപ്പുഴ വെളിയനാട് നാലുപറമ്പില്‍ പരേതനായ ആന്റെണിയുടെയും ലൈസാമ്മയുടെയും മൂന്ന് മക്കളില്‍ ഇളയ കുട്ടിയാണ് അലീന. വളരെ ചെറുപ്പ കാലത്ത് സഹോദരന്‍ അഭിഷേകിന്റെ പക്കല്‍ നിന്നും ലഭിച്ച പരിശീലനം അലീനക്ക് മുതല്‍ കൂട്ടായി.
പാലാ തോപ്പന്‍സ് അക്കാഡമിയിലെ പരിശീലകയായ മിനിയാണ് അലീനയുടെ ഗുരുഭൂത. സ്‌കൂളിലെ കായിക അധ്യാപികയായ അല്ലിയമ്മ ജോണ്‍ നയനയെ പരിശീലിപ്പിക്കുന്നു.
ലോക കപ്പ് സ്‌പെഷ്യല്‍ ഒളിംപിക്‌സിന് യാത്രയാവുന്ന ഇരുവര്‍ക്കും സ്‌നേഹാരാമിന്റെ മക്കള്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. എം എസ് റ്റി സഭ ജനറല്‍ കൗണ്‍സിലര്‍ ഫാ.ജോമോന്‍ കൊച്ചയ്യങ്കനാല്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ.സിസ്റ്റര്‍ കാര്‍മ്മല്‍ ജിയോ, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജി ടോണി തോട്ടത്തില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്മിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാണി സി കാപ്പന്‍ എം എല്‍ എ അലീനയ്ക്കും നയനയ്ക്കും ആശംസകള്‍ നേര്‍ന്നു.