വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കല്പറ്റ: ചട്ടവിരുദ്ധമായും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും ഉത്തരവുകള്‍ ഇറക്കുന്ന കേന്ദ്രമായി വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം മാറിയിരിക്കുകയാണെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ ആരോപിച്ചു. ജീവനക്കാരുടെ അവകാശങ്ങളെ ചവിട്ടിയരച്ചും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തും ദ്രോഹിക്കുന്ന നടപടി തുടരുകയാണ്.
2021-22 വര്‍ഷത്തെ ഓണ്‍ലൈന്‍ സ്ഥലം മാറ്റങ്ങള്‍ അട്ടിമറിക്കുന്ന രീതിയില്‍ മാനദണ്ഡ വിരുദ്ധമായി ഇടതുനേതാക്കളെ അനര്‍ഹമായി തിരുകിക്കയറ്റി ഉത്തരവിറക്കിയതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സെക്ഷന്‍ ക്ലര്‍ക്ക്, സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എന്നിവരെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഡയറക്ടറെ തന്നെ വെല്ലുവിളിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം പൊതു സ്ഥലം മാറ്റമെന്ന പേരില്‍ വീണ്ടും സ്ഥലം മാറ്റ കാലാവധി പൂര്‍ത്തീകരിക്കാത്തതും ഓണ്‍ലൈനില്‍ അപേക്ഷിക്കാത്തതുമായ ജീവനക്കാരെ ഉള്‍പ്പെടുത്തി ഒരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജൂണ്‍ 6ന് പൊതു സ്ഥലം മാറ്റത്തിനു വേണ്ടി സ്പാര്‍ക്ക് സോഫ്റ്റ് വയറില്‍ ജീവനക്കാരുടെ വിവരങ്ങള്‍ ലോക്ക് ചെയ്യണമെന്ന ഉത്തരവ് നിലനില്‍ക്കേ സ്ഥലം മാറ്റം നടത്തരുതെന്ന സൂപ്രണ്ടിന്റെ ശുപാര്‍ശ പോലും പരിഗണിക്കാതെയാണ് വികലമായ ഉത്തരവ് പുറത്തിറക്കിയത്.
പുറത്തിറക്കിയ ഉത്തരവ് തന്നെ അപാകതകള്‍ നിറഞ്ഞതാണ്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ ഡിജിറ്റല്‍ സിഗ്‌നേചര്‍ ഇല്ലാതെ കീഴ് ഓഫീസുകളിലേക്ക് ഇ മെയില്‍ ചെയ്തു കൊടുത്ത ഉത്തരവ് പിന്നീട് മാന്വല്‍ സിഗ്‌നേച്ചര്‍ ഇട്ട് വിതരണം ചെയ്തു. കൂടാതെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ എ.എ എന്നതിനു പകരം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ എ.എ എന്ന പേരിലാണ് ഉത്തരവ് ഇറക്കിയിരുന്നത്. ഇത്തരം ഗുരുതരമായ പിഴവുകളാണ് ക്ലര്‍ക്ക്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എന്നിവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്ന ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നതും പതിവാണെന്ന് ജീവനക്കാര്‍ പരാതി ഉന്നയിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഓഫീസ് അറ്റന്‍ഡര്‍മാരുടെ റേഷ്യോ പ്രമോഷനുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് പത്തുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. ആശ്രിത നിയമനത്തിന്റെ ഫയലുകള്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് മടക്കുകയാണ്. ഗ്രേഡ്, പ്രബേഷന്‍ തുടങ്ങിയ അപേക്ഷകള്‍ പോലും നാലും അഞ്ചും മാസം വൈകിപ്പിച്ചാണ് ഫയലില്‍ അപേക്ഷ പോലും പുട്ടപ്പ് ചെയ്യുന്നത്.
ഗുരുതരമായ അനാസ്ഥ തുടരുമ്പോഴും വയനാട് ജില്ലയില്‍ ഉപഡയറക്ടറുടേയും, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റേയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. വിഷയങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് എന്‍.ജി.ഒ അസോസിയേഷന്‍ പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ ഫയലുകള്‍ക്ക് അനക്കം വെച്ചിട്ടുണ്ട്. ന്യായമായി എന്ത് നടക്കണമെങ്കിലും പ്രക്ഷോഭങ്ങള്‍ നടത്തണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയമ പോരാട്ടങ്ങളുമായി മുന്നോട്ട് പോയി അനുകൂല ഉത്തരവ് നേടിയ ജീവനക്കാര്‍ക്ക് പോലും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണെന്നും കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു. കെ.ടി.ഷാജി, ഇ.എസ് ബെന്നി, സി.കെ.ജിതേഷ്, വി.ജെ. ജിന്‍സ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു