കല്പറ്റ: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കേണ്ട കാലാവധി ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളി ഫെഡറേഷന്റെ (ഐ എന്‍ ടി യു സി) നേതൃത്വത്തില്‍ മാര്‍ച്ച് 15ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. എത്രയും പെട്ടെന്ന് നോട്ടിഫിക്കേഷനിലൂടെ കൂലി വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഐ എന്‍ ടി യു സി വയനാട് ജില്ലാ പ്രസിഡണ്ടും പി എല്‍ സി മെമ്പറുമായ പി പി ആലി ആവശ്യപ്പെട്ടു. കൂലി വര്‍ദ്ധിപ്പിക്കാന്‍ മാനേജ്‌മെന്റും സര്‍ക്കാരും തയ്യാറായില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 15ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് വയനാട് ജില്ലയില്‍ നിന്നും 250 തോട്ടം തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കും. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ജെ ജോയ് എക്‌സ് എം എല്‍ എ എന്നിവര്‍ നേതൃത്വം നല്‍കും.