ചേര്‍പ്പുങ്കല്‍ പാലത്തില്‍ ജൂണ്‍ പത്തിന് ഒരു ദിവസത്തെ ഗതാഗതം നിരോധിക്കുന്നു

Kottayam

പാലാ: ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു വേണ്ടി ചേര്‍പ്പുങ്കല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം ജൂണ്‍ 10 ശനിയാഴ്ച പൂര്‍ണ്ണമായും നിരോധിക്കുന്നതിന് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി കാപ്പന്‍ എം എല്‍ എ എന്നിവര്‍ അറിയിച്ചു.

ചേര്‍പ്പുങ്കല്‍ സമാന്തര പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി വിവിധ ഷട്ടറുകള്‍ ക്രമീകരിച്ച് സ്ഥാപിക്കുന്നതിന് പുതിയ പാലത്തിന്റെ നിര്‍മ്മാണത്തിന് ഇടയ്ക്ക് സ്ഥലം ലഭ്യമല്ലാത്തതുകൊണ്ട് ഈ ജോലി ചെയ്യാന്‍ കഴിയാതെ വന്നിരിക്കുകയാണ്.മീനച്ചിലാറ്റില്‍ നിന്ന് വളരെ ഉയരത്തിലും നിര്‍മിക്കുന്ന പാലമായ തുകൊണ്ട് ശ്രമകരമായ ജോലികള്‍ മനുഷ്യ നിര്‍മ്മിതമായി നിര്‍വഹിക്കുവാന്‍ കഴിയാത്ത അവസ്ഥയുണ്ട്. അപകടരഹിതമായി ഇക്കാര്യം നിര്‍വഹിക്കുന്നതിന് പഴയ പാലത്തില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് ഷട്ടറുകള്‍ സ്ഥാപിക്കുന്ന ജോലി ക്രമീകരിക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചത്. എംഎല്‍എമാരായ അഡ്വ. മോന്‍സ് ജോസഫ് , മാണി സി കാപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം ഇന്ന് രാവിലെ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണ സാഹചര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ചേര്‍പ്പുങ്കല്‍ പാലം നിര്‍മ്മാണം പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇക്കാര്യങ്ങള്‍ ആവശ്യമാണെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി.

ചേര്‍പ്പുങ്കല്‍ പള്ളി അധികൃതര്‍, മാര്‍ സ്ലീവാ മെഡിസിറ്റി, സ്‌കൂള്‍ കോളേജ് അധികൃതര്‍ ,വ്യാപാരി വ്യവസായികള്‍ എന്നുവരൊടൊക്കെ ഇപ്പോഴത്തെ അനിവാര്യത ശ്രദ്ധയില്‍പ്പെടുത്തിയതായി എംഎല്‍എമാര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 10ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയുള്ള സമയത്ത് ഇപ്പോഴത്തെ ചേര്‍പ്പുങ്കല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒരു ദിവസത്തേക്ക് പൂര്‍ണ്ണമായും നിരോധിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.സമീപ റോഡുകള്‍ പൊതു ജനങ്ങള്‍ ഒരു ദിവസം ഉപയോഗിക്കുന്നതിന് സഹകരിക്കണമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഭ്യര്‍ത്ഥിച്ചു.

ബ്രിഡ്ജസ് വിഭാഗം കോട്ടയം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ടി ഷാബു, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹനീസ് മുഹമ്മദ് തുടങ്ങിയവരാണ് പൊതുമരാമത്ത് വകുപ്പിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയിലും സന്ദര്‍ശനത്തിനും നേതൃത്വം നല്‍കിയത്. ചേര്‍പ്പുങ്കല്‍ സമാന്തര പാലം നിര്‍മ്മാണം ത്വരിതഗതിയില്‍ പുരോഗമിച്ചതായി ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം വിലയിരുത്തി.

കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മാളിയേക്കല്‍, മണ്ഡലം സെക്രട്ടറി ദീപു തേക്കുംകാട്ടില്‍, ബ്ലോക്ക് മെമ്പര്‍ ജോസി പൊയ്കയില്‍, സാബു ഒഴുങ്ങാലി ,യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സുനില്‍ ഇല്ലിമൂട്ടില്‍, രാജേഷ് തിരുമല ,ജോബി ചിറത്തറ, ആന്റണി വളര്‍കോട്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബേബി മുളവേലിപുറം, നേതാക്കളായ സതിശന്‍, ജോസ് കൊല്ലറാത്ത് വ്യാപാരി വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവരും എം എല്‍ എ മാര്‍ക്കൊപ്പം ഉണ്ടായിരുന്നു.