കോളേജധ്യാപനത്തില്‍ 56 വര്‍ഷം പിന്നിട്ട നരിവേലി സാര്‍ നാളെ പടിയിറങ്ങുന്നു

Kottayam

പാലാ: പാലാ സെന്റ് തോമസ് കോളജില്‍ നിന്നും പതിനെട്ടാം വയസ്സില്‍ ആരംഭിച്ച സവിശേഷ അദ്ധ്യാ പനത്തിന് 56 വര്‍ഷത്തിനുശേഷം നവംബര്‍ 30ന് തിരശ്ശീല വീഴുന്നു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് അദ്ധ്യാപകന്‍ പാലാ അരുണാപുരം സ്വദേശിയായ ഡോ. സെബാസ്റ്റ്യന്‍ നരിവേലിയാണ് ഒരിക്കല്‍ക്കൂടി ചരിത്രത്തിന്റെ ഭാഗമാകുന്നത്.

നാഷണല്‍ എജ്യുക്കേഷന്‍ പോളിസി2020 അനുസരിച്ച് ഒന്നാം ക്ലാസില്‍ ചേരാന്‍ 6 വയസ്സ് പൂര്‍ത്തിയാകണമെന്നിരിക്കെ സെബാസ്റ്റ്യന്‍ സാര്‍ ആറാം വയസ്സില്‍ ആറാം ക്ലാസിലായിരുന്നു. കോട്ടയം ജില്ലയില്‍ പാലായ്ക്ക് സമീപം കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് സ്‌കൂളിലായിരുന്നു 6 മുതല്‍ 8 വരെ ക്ലാസുകള്‍ പഠിച്ചത്. അക്കാലത്ത് 8ാം ക്ലാസിനൊടുവില്‍ സര്‍ക്കാര്‍ പരീക്ഷയ്ക്ക് വയസ്സ് നിബന്ധന കര്‍ശനമായിരുന്നെ ങ്കിലും സെബാസ്റ്റ്യന് അപ്രതീക്ഷിതമായി ഒഴിവ് ലഭിച്ചു. 9 മുതല്‍ 11 വരെ ക്ലാസുകള്‍ മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ പൂര്‍ത്തിയാക്കി, പ്രീയൂണിവേഴ്‌സിറ്റിക്ക് പാലാ സെന്റ് തോമസ് കോളേജിന്റെ മുറ്റത്തെത്തുമ്പോള്‍ പ്രായം 12. പതിനാറാം വയസ്സില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും 18ല്‍ ബിരുദാനന്തര ബിരുദവും നേടിയത് സംസ്ഥാന റിക്കാര്‍ഡ് ആയി മാറി. എം.എ. പരീക്ഷയുടെ റിസള്‍ട്ട് അറിയാനായി കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം കൂടി ആയിരുന്ന പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് കുരീത്തടത്തെ സമീപിച്ച സെബാസ്റ്റ്യന് കിട്ടയത് സാക്ഷാല്‍ അപ്പോയിന്റ്‌മെന്റ് ‘ഓര്‍ഡര്‍’ ‘നീ മറ്റന്നാള്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റില്‍ പോയിരുന്നോണം. നിനക്കൊരു മേശയും കസേരയും ഇട്ടിരി ക്കും’. എന്നായിരുന്നു. സംസ്ഥാനത്ത് ജൂണിയര്‍ കോളേജുകള്‍ 1964 ല്‍ ആരംഭിച്ചതോടെ 1967 ആയപ്പോഴേക്കും എല്ലാ കോളേജുകളിലും ഇംഗ്ലീഷ് അദ്ധ്യാപകരെ ആവശ്യമുണ്ടായി രുന്നു. ആറു വര്‍ഷം പഠിച്ച കോളേജില്‍ ജോലിക്ക് താല്പര്യമില്ലാതെ തിരുവനന്തപുരം മാര്‍ ഇവാനിയോസിലോ, എറണാകുളം തേവര കോളേജിലോ ജോലി എന്നു തീരുമാനിച്ചിരുന്ന സെബാസ്റ്റ്യന്‍, കുരീത്തടത്തിലച്ചനെ ധിക്കരിക്കാന്‍ ധൈര്യമില്ലാതെ പാലാ സെന്റ് തോമസില്‍ 1967 ജൂലൈ 11 ന് അദ്ധ്യാപകനായി ചുമതലയേറ്റു.

പല ക്ലാസുകളിലും തന്നേക്കാള്‍ പ്രായം കൂടിയ കുട്ടികളെ കണ്ടപ്പോള്‍ ധൈര്യം ചോര്‍ന്നതായി തോന്നിയെങ്കിലും കുരീത്തടത്തിലച്ചന്റെ ദൃശ്യവും അദ്യശ്യവുമായ സാന്നിദ്ധ്യം ധൈര്യം പകര്‍ന്നു. അക്കാലത്ത് ഓള്‍ പ്രമോഷന്‍ സമ്പ്രദായം ഇല്ലാതിരുന്നതിനാല്‍ പല ക്ലാസിലും തോറ്റ് വര്‍ഷം നഷ്ടപ്പെട്ടവര്‍, കൃഷി, കച്ചവടം തുടങ്ങിയ മേഖലകളില്‍ മാതാപിതാക്കളെ കുറെനാള്‍ സഹായിച്ചിട്ടുവന്നവര്‍, അസുഖം, രോഗശുശ്രൂഷ തുടങ്ങിയ കാരണങ്ങളാല്‍ പഠനം മുടങ്ങിയവര്‍, വൈദിക പഠനത്തിനായി സെമിനാരികളില്‍ ചേര്‍ന്ന് ഇടയ്ക്ക് നിര്‍ത്തിപോരുന്നവര്‍ തുടങ്ങി കുട്ടി ഗുരുവിനേക്കാള്‍ പ്രായം കൂടിയ ചേട്ടന്‍മാര്‍ നിരവധി. ഇതിനിടെ 12 വര്‍ഷം നാഷണല്‍ സര്‍വ്വീസ് സ്‌കീം ചുമതലയും വഹിച്ചു. 1999 ല്‍ സെന്റ് തോമസില്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായി. വൈകാതെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോളേജദ്ധ്യാപകന്‍ എന്ന അംഗീകാരം 2000ല്‍ മനോരമ ഈയര്‍ബുക്കും 2001ല്‍ ലിംകാ ബുക്ക് ഓഫ് റിക്കോഡ്‌സും സമ്മാനിച്ചു.

കൂടാതെ പി.എസ്.സി. ഗൈഡുകളിലും പൊതുവിജ്ഞാന പുസ്തകങ്ങളിലും ക്വിസ് മത്സരങ്ങളിലും ഈ ചോദ്യം നിത്യസാന്നിദ്ധ്യമായി.

6 വര്‍ഷം വിദ്യാര്‍ത്ഥിയും 37 വര്‍ഷം അദ്ധ്യാപകനുമായി 43 വര്‍ഷം ഒരേ കോളേജില്‍ പിന്നിട്ടത് മറ്റൊരു സവിശേഷതയാണ്. 2004ല്‍ സെന്റ് തോമസില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ അര ഡസന്‍ സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ നിന്ന് പ്രിന്‍സിപ്പല്‍ പദവിയുടെ ക്ഷണമെത്തി. സ്വീകരിച്ചത് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍. കരിയറിലെ തന്റെ പ്രത്യേക തമൂലം, ജോലിക്കായി അപേക്ഷ കൊടുക്കേണ്ട ആവശ്യമില്ല എന്നതായിരുന്നു നിലപാട്. രണ്ട് വര്‍ഷത്തിനുശേഷം 2007 നവംബര്‍ 27 ന് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയ റിംഗ് കോളേജില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ചു.

സെബാസ്റ്റ്യന്‍ നരിവേലി കൂടി എത്തിയതോടെ അമല്‍ ജ്യോതിയിലെ ബേസിക് സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ് വിഭജിച്ച് ഹ്യൂമാനിറ്റീസ് എന്ന പുതിയ വിഭാഗം തുടങ്ങി. ഒരു വ്യാഴവട്ടം വകുപ്പ് മേധാവിയായിരുന്ന നരിവേലിസാര്‍ 2019 ല്‍ തന്റെ മുന്‍ വിദ്യാര്‍ത്ഥിനി ഡോ. യെലന തോമസിനെ വകുപ്പദ്ധ്യക്ഷസ്ഥാനം ഏല്‍പ്പിച്ച് അഡ്ജംക്ട് പദവിയിലേക്ക് പിന്‍മാറി. 2023 നവംബര്‍ 18 ന് പ്രായത്തിന്റെ പ്ലാറ്റിനം ജൂബിലി. നവംബര്‍ 30ന് പടിയിറക്കം.

പാലാ അല്‍ഫോന്‍സാ കോളേജിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറായിരുന്ന ത്രേസ്യാമ്മ ജേക്കബ് മാടപ്പള്ളിമറ്റം ആണ് ഭാര്യ. രണ്ട് മക്കള്‍ ബിപിന്‍ സകുടുംബം ബര്‍മിംഗ്ഹാമില്‍, ബോബി കുടുംബസമേതം മെല്‍ബണിലും.