കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫാമിലി മെഗാക്വിസ്സ് സംഘടിപ്പിച്ചു

Wayanad

കണിയാമ്പറ്റ: ‘വയനാട് വായനാനാട്’ എന്ന പേരില്‍ നടക്കുന്ന വായനാമാസാചരണ പരിപാടികളുടെ ഭാഗമായി കണിയാമ്പറ്റ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുമിച്ചു പങ്കെടുക്കാവുന്ന ഫാമിലി മെഗാക്വിസ്സ് സംഘടിപ്പിച്ചു. കുട്ടികളുടെ സ്വതന്ത്രവായനയും എഴുത്തും പരിപോഷിപ്പിക്കുന്ന വീട്ടകങ്ങള്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ജനകീയസാഹിത്യ ക്വിസ്സ് സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക സ്മിത ശ്രീധരന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ കുഞ്ഞായിഷ കെ മെഗാക്വിസ്സ് ഉദ്ഘാടനം ചെയ്തു.

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി റമില്‍ റോമനും അച്ഛന്‍ ബേബി നാപ്പള്ളിയും ചേര്‍ന്ന ടീം ക്വിസ്സില്‍ ഒന്നാം സ്ഥാനം നേടി. നിദ ഫാത്തിമയും അമ്മ ഷമീറയും രണ്ടാം സ്ഥാനവും ഫിദ ഫാത്തിമ, അമ്മ ഷക്കീല ടീമും സുമയ്യ ബീവി, അമ്മ സജ്‌ന ടീമും മൂന്നാം സ്ഥാനവും നേടി. കണിയാമ്പറ്റയുടെ ജനകീയ ഡോക്ടറായിരുന്ന ഡോ. ഷംസുദ്ദീന്‍ വി യുടെ ഓര്‍മ്മയ്ക്കായുള്ള ക്യാഷ് പ്രൈസും പുസ്തക കിറ്റുമാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കിയത്. കാണികളായെത്തിയ പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലൈവ് സമ്മാനങ്ങളും നല്‍കി.

പി ടി എ പ്രസിഡന്റ് മുജീബ് പിയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനുജേക്കബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സുമ പി എന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ കുഞ്ഞായിഷ, മെമ്പര്‍ ജസി ലസ്‌ലി എന്നിവര്‍ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. അജ്മല്‍ കക്കോവ്, ഡോ. റീന സതീഷ്, എല്‍ബി സെബാസ്റ്റ്യന്‍ എന്നിവര്‍ മെഗാക്വിസിന് ക്വിസ്സ് മാസ്റ്റര്‍മാരായി. സീനിയര്‍ അസിസ്റ്റന്റ് എന്‍ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഷ വടക്കേടത്ത് നന്ദിയും പറഞ്ഞു.