ന്യൂനപക്ഷ പീഡനത്തിനുവേണ്ടി നിയമഭേദഗതി നടത്തുന്നത് കരുതിയിരിക്കുക: ഐ എസ് എം

Wayanad

കല്പറ്റ: ന്യൂനപക്ഷങ്ങളെ വിശിഷ്യാ മുസ്ലീങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതിനുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് സംഘപരിവാരം നടത്തുന്നത്. ന്യൂനപക്ഷ പീഡനത്തിന് ഭരണ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ മതേതര സമൂഹം കരുതിയിരിക്കണമെന്ന് ഐ എസ് എം മര്‍ക്കസുദഅ്‌വ ജില്ലാ സമിതി സംഘടിപ്പിച്ച മഹിതം മാനവീയം പരിപാടി ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി, ഏക സിവില്‍ കോഡ് എന്നിവയ്ക്ക് ശേഷം സിവില്‍ ക്രിമിനല്‍ നിയമങ്ങളില്‍ ഫാസിസം കൈ വെച്ചിരിക്കുകയാണ്. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പ്രതിക്ക് മേല്‍ ചുമത്തിയിരുന്ന ശിക്ഷകള്‍ സാധാരണ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ചുമത്താനുള്ള പഴുതുകള്‍ നിയമഭേദഗതിയിലുണ്ട്. ന്യൂനപക്ഷങ്ങളെ ക്രൂരമായി തുറങ്കലിലടക്കാനുള്ള സംഘപരിവാറിന്റെ ഒളിയജണ്ടയുടെ ഭാഗമാണിതെന്ന് സംശയിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ കെ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡണ്ട് ഹാസില്‍ കുട്ടമംഗലം അധ്യക്ഷനായിരുന്നു. കെ എന്‍ എം ജില്ലാ പ്രസിഡണ്ട് അബ്ദുസലീം മേപ്പാടി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നവാസ് എം പി, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ ജിതിന്‍ കെ. ആര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രോഹിത് ബോധി, ഐ എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം റിഹാസ് പുലാമന്തോള്‍, മഷൂദ് മേപ്പാടി, മുഫ്‌ലിഹ് കെ എന്നിവര്‍ പ്രസംഗിച്ചു.