ഐ എന്‍ ടി യു സി ജില്ലാ സമ്മേളനവും റാലിയും നവംബര്‍ 26, 27 തീയതികളില്‍ കല്പറ്റയില്‍

Wayanad

കല്പറ്റ: രാജ്യത്തെ തൊഴിലാളികള്‍ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ചുമട്ടു തൊഴിലാളി മേഖലയില്‍ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന തരത്തില്‍ അശാസ്ത്രീയമായ നിയമനിര്‍മാണങ്ങള്‍ നടത്തിക്കൊണ്ട് ചുമട്ടുതൊഴിലാളി മേഖലയെ തന്നെ തകര്‍ക്കുന്ന നയസമീപനങ്ങളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളുന്നത്.

റോഡ് സേഫ്റ്റിയുടെ പേര് പറഞ്ഞു കൊണ്ട് മോട്ടോര്‍ മേഖലയില്‍ നടത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ മോട്ടോര്‍ മേഖലയെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇത്തരത്തില്‍ സംഘടിത അസംഘടിത മേഖലകളില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ യോജിച്ചും ഐ എന്‍ ടി യു സി ഒറ്റയ്ക്കും ദേശവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ്. വരും നാളുകളില്‍ ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന വമ്പിച്ച പ്രക്ഷോഭ സമരങ്ങള്‍ക്ക് തൊഴിലാളികളെ സജ്ജരാക്കാനും സമാഗതമായ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലാളികള്‍ക്ക് അനുകൂലമായ ഭരണസംവിധാനം വരാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഐ എന്‍ ടി യു സി മണ്ഡലംതലം മുതല്‍ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായി വയനാട് ജില്ലാ സമ്മേളനവും റാലിയും കല്‍പ്പറ്റയില്‍ 2023 നവംബര്‍ 26,27 ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടക്കുകയാണ്.

വയനാട് ജില്ലയിലെ തൊഴിലാളികളും കര്‍ഷകരും അടക്കം മുഴുവന്‍ ജനവിഭാഗങ്ങളും വലിയ പ്രതിസന്ധി നേരിടുന്നു. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. വന്യമൃഗ ശല്യം കാരണം ജീവനും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം നിര്‍മ്മാണ മേഖലയും പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ് മൂലം മോട്ടോര്‍ മേഖലയും, അട്ടിമറിക്കപ്പെടുന്ന തൊഴില്‍ നിയമങ്ങള്‍ കാരണം തൊഴിലുറപ്പ് മേഖലയും, തോട്ടം മേഖലയും അടക്കം സര്‍വ്വ മേഖലകളിലും തൊഴില്‍ പ്രതിസന്ധി നിലനില്‍ക്കുന്നു. തൊഴിലാളികള്‍ക്ക് ആശ്വാസമേകേണ്ട സര്‍ക്കാറുകള്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. തോട്ടം മേഖലയില്‍ വേതനവര്‍ദ്ധനവ് നടത്താനുള്ള കാലപരിധി എല്ലാം കഴിഞ്ഞിട്ടും നാമമാത്രമായ കൂലി വര്‍ദ്ധനവ് മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ .അംഗനവാടി, ആശാവര്‍ക്കര്‍ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നതുള്‍പ്പെടെ വിവിധ, തൊഴിലാളി വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് നടത്താന്‍ പോകുന്ന വമ്പിച്ച പ്രക്ഷോഭത്തിന്റെ തുടക്കമായിട്ടാണ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.

നവംബര്‍ 26ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന ജില്ലാ റാലി കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച് പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെ ഉമ്മന്‍ചാണ്ടി നഗറില്‍ എത്തി നടക്കുന്ന പൊതു സമ്മേളനം ബെന്നി ബഹനാന്‍ എം പി ഉദ്ഘാടനം ചെയ്യും.

നവംബര്‍ 27ന് രാവിലെ 10 മണിക്ക് വയനാട് ജില്ലയിലെ 41000 തൊഴിലാളികളെ പ്രതിനിധീകരിച്ച് എത്തുന്ന 410 തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഓഡിറ്റോറിയത്തിലെ ആര്യാടന്‍ മുഹമ്മദ് നഗറില്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിലും പ്രതിനിധി സമ്മേളനത്തിലും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ തുടങ്ങി കോണ്‍ഗ്രസ് ഐ എന്‍ ടി യു സി സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

സമ്മേളനത്തോടനുബന്ധിച്ച് വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ജാഥകള്‍ സമ്മേളനം നടക്കുന്ന കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ഉമ്മന്‍ചാണ്ടി നഗറിലേക്ക് എത്തിച്ചേരും. മാനന്തവാടി തലപ്പുഴയിലെ ഡി യേശുദാസ് സ്മൃതി മണ്ഡപത്തില്‍ നിന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എ റെജി നയിക്കുന്ന ഛായാചിത്ര ജാഥ , മേപ്പാടി ചൂരല്‍ മലയില്‍ പി കെ ഗോപാലന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു നയിക്കുന്ന പതാകജാഥ, സുല്‍ത്താന്‍ ബത്തേരി പി ചാത്തു മേസ്ത്രി നഗറില്‍ നിന്നും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ഉമ്മര്‍ കുണ്ടാട്ടില്‍ നയിക്കുന്ന കൊടിമരജാഥ എന്നിവ വൈകുന്നേരം അഞ്ചുമണിക്ക് കല്‍പ്പറ്റയിലെ കൈനാട്ടിയില്‍ സംഗമിക്കുകയും അവിടെ നിന്നും നിരവധി വാഹനങ്ങളുടെയും തൊഴിലാളികളുടെയും അകമ്പടിയോടുകൂടി സമ്മേളന നഗരിയായ പുതിയ ബസ്റ്റാന്‍ഡിലെ ഉമ്മന്‍ചാണ്ടി നഗറിലേക്ക് എത്തിച്ചേരുകയും ചെയ്യും. തുടര്‍ന്ന് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടുകൂടി സമ്മേളനത്തിന് തുടക്കമാകും.

സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കലാ പരിപാടികള്‍ പൊതുസമ്മേളനത്തിന് ശേഷം കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ പൊതുസമ്മേളന നഗരിയില്‍ അരങ്ങേറും. അഖില വയനാട് ഫുട്‌ബോള്‍ മത്സരം കല്‍പ്പറ്റ ലയണ്‍സ് ടര്‍ഫില്‍ വെച്ച് നടന്നു. ക്രിക്കറ്റ് മത്സരം കമ്പളക്കാട് പഞ്ചായത്ത് സ്‌റ്റേഡിയത്തിലും കമ്പവലി മത്സരം മാനന്തവാടിയിലും നടക്കും.

27ന് വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം അഡ്വക്കേറ്റ് ടി സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നതോടുകൂടി സമ്മേളനം അവസാനിക്കും.

പത്രസമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി, സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി സി ജയപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കല്പറ്റ, ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.