തണ്ണിക്കോണം നിവാസികളുടെ ദുരിതം നേരിട്ട് കണ്ട് ജഡ്ജിമാര്‍; വാസയോഗ്യമായ താമസ സ്ഥലമില്ലാത്തത് ആശങ്കാജനകം

Eranakulam

കൊച്ചി: നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡ് തണ്ണിക്കോണം പെരുമ്പള്ളി പച്ചക്കാട്ടില്‍ എസ്. സി കോളനി നിവാസികളുടെ ദുരിതം നേരിട്ട് കണ്ട് ജഡ്ജിമാര്‍. ഈ പ്രദേശത്ത് സമുദ്ര നിരപ്പില്‍ നിന്നും 2000ത്തിലേറെ അടി ഉയരമുള്ള കുന്നിന് മുകളില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ താമസിക്കുന്ന നാല് കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകളോ, താമസ സ്ഥലത്ത് കിണറോ, കക്കൂസോ ഇല്ലാത്തവ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദും, ചിറയിന്‍കീഴ് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ചെയര്‍മാനും, ഡിസ്ട്രിക്ട് ജഡ്ജുമായ എസ് സുരേഷ് കുമാറും നേരിട്ടു കണ്ടു. അപകടകരമായ പറക്കെട്ടുകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന ഈ വീടുകള്‍ക്ക് മുകളില്‍ ഇളകി വീഴാറായ നിലയിലുള്ള കൂറ്റന്‍ പാറകള്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജഡ്ജിമാര്‍ അടിയന്തര നടപടികള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ ഉത്തരവിട്ടു. പാറകള്‍ അടര്‍ന്ന് വീണാല്‍ താഴെയുള്ള നിരവധി വീടുകളില്‍ താമസിക്കുന്നവരുടെ ജീവനും ഭീഷണിയിലാണെന്ന് ജഡ്ജിമാര്‍ക്ക് ബോധ്യമായി.

കൂടാതെ നിരവധി വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവര്‍ക്ക് കുടിവെള്ളം പോലും വര്‍ഷങ്ങളായി ലഭിക്കാത്ത അവസ്ഥയിലാണ്. കുത്തനെയുള്ള കുന്നിന്റെ മുകളില്‍ കിണര്‍ കുഴിക്കാനാകാത്തതിനാല്‍ മഴവെള്ളം സംഭരിച്ചാണ് വര്‍ഷങ്ങളായി ഇവര്‍ ഉപയോഗിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ വെള്ളം എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്ന് കോളനി നിവാസികള്‍ ബഹു. ജഡ്ജിമാരെ അറിയിച്ചു. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീടുകളില്‍ താമസിക്കുന്ന ഇവര്‍ക്ക് പ്രാദേശിക ഭരണകൂടം വീട് വെയ്ക്കാനുള്ള സഹായം നല്‍കിയാലും സാധന സാമഗ്രികള്‍ എത്തിക്കാന്‍ കഴിയില്ല. നിലവില്‍ കുടിവെള്ളം പോലും താഴെ നിന്നും ശേഖരിച്ച് മൂന്ന് ദിവസങ്ങളിലായാണ് വീടുകളില്‍ എത്തിക്കുന്നത്. കിണര്‍ ഇല്ലാത്തതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന ദുരിതവും ജഡ്ജിമാര്‍ നേരിട്ട് മനസിലാക്കി. താമസയോഗ്യമായ സ്ഥലത്തേക്ക് ഇവരെ പുനരധിവസിപ്പിണമെന്നാണ് കോളനി നിവാസികള്‍ ബഹു ജഡ്ജിമാരോട് അഭ്യര്‍ത്ഥിച്ചത്. കോളനി സന്ദര്‍ശിച്ച് ദുരിതം നേരിട്ട് മനസിലാക്കിയ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ് 18 ആം തീയതി പ്രശ്‌ന പരിഹാരത്തിന് ഡെപ്യൂട്ടി കളക്ടര്‍, ചിറയിന്‍കീഴ് താലൂക്ക് തഹസീല്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, എസ്.സി എസ്.ടി ഡയറക്ടര്‍, ആറ്റിങ്ങല്‍ ഡിവൈഎസ്പി, നഗരൂര്‍ എസ് എച്ച് ഒ, എന്നിവരെ അടിയന്തിരമായി വിളിച്ചു. താലൂക്ക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി ഇന്‍ ചാര്‍ജ് ജി. സുമ, പാരാ ലീഗല്‍ വാളന്റീയര്‍ താഹിറ ഐ, താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലെ പാരാലീഗല്‍ വാളന്റീയര്‍മാരും ജഡ്ജിമാരുടെ സംഘത്തിനോടൊപ്പം ഉണ്ടായിരുന്നു.