കൊച്ചി: ലണ്ടൻ ആസ്ഥാനമായ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം കരസ്ഥമാക്കിയ അണുമഹാകാവ്യം എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു. മേയ് പത്തിന് എറണാകുളം ചിറ്റിലപ്പള്ളി സ്ക്വയറിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ഏരീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പ്രേമാവതി മന്നാടത്ത് പുസ്തകം ഏറ്റുവാങ്ങി.
കഴിഞ്ഞ ആറ് വർഷത്തിലേറെയായി ദിവസവും സമൂഹമാധ്യമങ്ങളിൽ മുടങ്ങാതെ പങ്കുവെച്ചുകൊണ്ടിരിക്കുന്ന ചെറു കവിതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട
ആയിരത്തൊന്ന് കവിതകളാണ് പുസ്തകത്തിൽ ഉള്ളത്. മൂന്നു വർഷം മുൻപ് ആയിരത്തിയൊന്ന് കവിതകൾ ഉൾപ്പെടുത്തി റിലീസ് ചെയ്ത അണുമഹാകാവ്യത്തിന്റെ ആദ്യ ഭാഗത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. വേൾഡ് റിക്കോർഡ് ഉൾപ്പെടെയുള്ള നേട്ടങ്ങളും ആദ്യഭാഗത്തിന് ലഭിച്ചിരുന്നു.
മൂന്നു വർഷം അഥവാ ആയിരം ദിനങ്ങൾ തുടർച്ചയായി മുടങ്ങാതെ കവിതകൾ എഴുതി ദൃശ്യവൽക്കരിച്ച് വീഡിയോ രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനായിരുന്നു റെക്കോർഡ് കരസ്ഥമാക്കിയത്. എന്നാൽ അതേ പരിശ്രമം തടസ്സം വരാതെ വീണ്ടും മുന്നോട്ടു കൊണ്ടുപോവുകയും രണ്ടായിരം ദിനങ്ങൾ പൂർത്തിയാക്കുകയും ചെയ്തുകൊണ്ട് ഒരു ഇരട്ട നേട്ടമാണ് സർ സോഹൻ റോയ് ഇപ്പോൾ കരസ്ഥമാക്കിയിരിക്കുന്നത്. അണുമഹാകാവ്യത്തിന്റെ രണ്ടാം ഭാഗവും അതുകൊണ്ടുതന്നെ മറ്റൊരു ചരിത്ര നേട്ടമാവുകയാണ്.
വിദ്യോപദേശം , നഗ്നസന്ദേശം ,വിചാരണ, നർമ്മവിചാരം,സ്നേഹം,വൈയ്യക്തികം,
വൈവിധ്യാത്മകം എന്നിങ്ങനെയുള്ള ഏഴ് സർഗ്ഗങ്ങളിലായാണ് പുതിയ അണുമഹാകാവ്യം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ മഹാകാവ്യരചനയുടെ നിയമാവലികളെ പൂർണ്ണമായും ഉൾക്കൊള്ളുന്ന ചെറുകാവ്യങ്ങളുടെ രൂപത്തിലാണ് ‘അണുമഹാകാവ്യം’ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മനുഷ്യ ജീവിതം അഭിമുഖീകരിക്കുന്ന വിവിധ നാൾ വഴികൾ അടയാളപ്പെടുത്തിയ അണുമഹാകാവ്യത്തിന്റെ ആദ്യഭാഗം , മൂന്നു വർഷം മുൻപ്.ബഹു കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനായിരുന്നു പ്രകാശനം നിർവഹിച്ചിരുന്നത്.
കഴിഞ്ഞ ആറു വർഷക്കാലത്തിലധികമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ, അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചുപോന്നിരുന്ന “അണുകാവ്യം ” എന്ന് പേരിട്ട നാലുവരിക്കവിതകളാണ് ഇപ്പോൾ രണ്ടായിരം കവിഞ്ഞിരിയ്ക്കുന്നത്.
ആദ്യകാലത്തെഴുതിയ നൂറ്റി ഇരുപത്തിയഞ്ച് കവിതകൾ ഡിസി ബുക്സ് ‘അണുകാവ്യം’ എന്ന പേരിൽ ഒരു പുസ്തകമായി രണ്ടായിരത്തി പതിനെട്ടിൽ പുറത്തിറക്കിയിരുന്നു.
പിന്നീട് അറുനൂറ്റിയൊന്ന് കവിതകളും പൂർത്തിയായപ്പോൾ, അവ ‘അണുമഹാകാവ്യം 601 ‘ എന്ന പേരിൽ സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് പ്രകാശനം ചെയ്യുകയുണ്ടായി. സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ
പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയാണ് പുസ്തകം ഏറ്റു വാങ്ങിയത്. തുടർന്നാണ് , ഏഴാം നൂറ്റാണ്ടിലെ മഹാകാവ്യരചനയുടെ നിയമാവലികളെ പൂർണ്ണമായും ഉൾക്കൊള്ളുന്ന ആയിരത്തൊന്ന് ചെറുകാവ്യങ്ങൾ
അടങ്ങിയ ‘അണുമഹാകാവ്യം ‘ എന്ന ഗ്രന്ഥത്തിലേയ്ക്ക് അദ്ദേഹം കടന്നത്.
സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് സോഹൻ റോയിയുടെ വരികൾക്ക് സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത്.