കളിയാണോ യുദ്ധമാണോ കൂടുതല്‍ ത്രസിപ്പിക്കുന്നതെന്ന ചോദ്യത്തിന് മറഡോണയെ മുന്‍നിര്‍ത്തി എന്തുത്തരമാണ് പറയാനാവുക?

Articles

ചുമര്‍ ചിത്രം / സുധീര്‍ പണ്ടാരത്തില്‍

ലോക ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാധനരായ കളിക്കാരില്‍ ഒരാളായ അര്‍ജന്റൈന്‍ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജന്മദിനമാണിന്ന്. മറഡോണയുടെ കളി കണ്ടിട്ടുള്ളവരാരും തന്നെ പിന്നീട് ഫുട്ബാള്‍ എന്ന ഭ്രാന്തില്‍ നിന്ന് മോചിതരായിട്ടുണ്ടാവില്ല. തുകല്‍ പന്തിനെ കാന്തംകൊണ്ടെന്നപോലെ ആകര്‍ഷിച്ച് തന്റെ ഇരുകാലുകളിലുമായി മാറി മാറി തളച്ചിട്ട് പച്ചപ്പുല്ലില്‍ കവിത രചിച്ച ആ അഞ്ചടി ആറിഞ്ചുകാരന്‍ അര്‍ജന്റീനയ്ക്കുവേണ്ടി നാല് ലോകകപ്പുകളില്‍ കളിച്ചു. അതില്‍ 1986 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ‘ദൈവത്തിന്റെ കൈ’ കൊണ്ടുള്ള ആദ്യ ഗോളും, എതിര്‍ ടീമിലെ 6 കളിക്കാരെ വെട്ടിച്ച് 60 വാര ഓടി നേടിയ ‘നൂറ്റാണ്ടിന്റെ ഗോളു’മായി ഇംഗ്ലണ്ടിനെ തോല്പിച്ച മത്സരമാണ് മറഡോണയെ അര്‍ജന്റീനയില്‍ ദൈവ സമാനനാക്കിയത്. അന്നത്തെ കളി ആ രാജ്യത്തെ സംബന്ധിച്ച് വെറുമൊരു ഫുട്ബാള്‍ മത്സരമായിരുന്നില്ല; യുദ്ധമായിരുന്നു പ്രതികാര യുദ്ധം!

‘ രണ്ടു കഷണ്ടിക്കാര്‍ ഒരു ചീപ്പിനു വേണ്ടി നടത്തിയ യുദ്ധം’ എന്ന് ബോര്‍ഹെസ്(Jeorge Luis Borges) പരിഹസിച്ച യുദ്ധമായിരുന്നു 1982 ലെ ഫോക്ലാന്‍ഡ്‌സ് യുദ്ധം. തങ്ങളുടെ തീരത്തു നിന്ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെറും 300 മൈല്‍ മാത്രം അകലെ കിടക്കുന്ന ഫോക് ലാന്റ് ദ്വീപുകള്‍, അവിടെ നിന്ന് 8000 മൈലുകള്‍ക്കകലെയുള്ള ബ്രിട്ടന്‍ കൈവശം വെച്ചനുഭവിക്കുന്നതിന്റെ കൊതിക്കെറുവില്‍, ദ്വീപ് പിടിച്ചെടുക്കാന്‍ അര്‍ജന്റീന നടത്തിയ ശ്രമമാണ് യുദ്ധത്തില്‍ കലാശിച്ചത്. 74 ദിവസം കൊണ്ട് തല്ലുപിടി അവസാനിച്ചു. അര്‍ജന്റീന ദയനീയമായി തോറ്റു പിന്‍മാറി. അതിനെത്തുടര്‍ന്ന് രാജ്യത്തുണ്ടായ കടുത്ത അസംതൃപ്തിക്കും കലാപത്തിനുമൊടുവില്‍ അന്നത്തെ മിലിട്ടറി ജൂന്‍ഡാ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കി. പക്ഷേ, അതു കൊണ്ടൊന്നും അര്‍ജന്റീനക്കാരുടെ ദേശീയ വികാരത്തിനേറ്റ അപമാനത്തിന്റെ മുറിവ് ഉണങ്ങിയില്ല. ബ്രിട്ടനോട് സൈനികമായി ഏറ്റുമുട്ടി പ്രതികാരം ചെയ്യാനുള്ള ത്രാണിയില്ലായ്മ ആ ദരിദ്ര രാജ്യത്തിലെ പ്രജകളുടെ രാത്രികളെ ഉറക്കമില്ലാത്തതാക്കി.

എന്നാല്‍ കാലം അവര്‍ക്കായി ഒരു ശമനൗഷധം കാത്തു വെച്ചിരുന്നു അര്‍ജന്റീന എന്ന ദേശീയ വികാരത്തിന്റെ പ്രതികാര വാഞ്ചയുടെ ശ്വാസ കണികകള്‍ ഊതിയൂതി നിറച്ച ഒരു തുകല്‍പന്ത്, 1986 ലെ മെക്‌സിക്കോ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വിശ്വ പ്രസിദ്ധമായ ആസ്‌ടെക്ക സ്‌റ്റേഡിയത്തില്‍, ആറടി ഉയരവും അതിനൊത്ത കൈ നീളവുമുള്ള പീറ്റര്‍ ഷില്‍ട്ടണ്‍ എന്ന ബാഹുബലി കാത്ത ഇംഗ്ലണ്ടിന്റെ ഗോള്‍വലയിലേക്ക് ‘ദൈവത്തിന്റെ കൈകള്‍’ കൊണ്ടും ദൈവസൃഷ്ടിയേക്കാള്‍ മാന്ത്രികതയാര്‍ന്ന കാലുകള്‍ കൊണ്ടും അടിച്ചു കയറ്റിയ ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ദിവ്യൗഷധം.

74 ദിവസം നീണ്ട യുദ്ധത്തിലേറ്റ പരാജയത്തിന്റെ അപമാനഭാരം മുഴുവന്‍ വെറും 90 മിനിട്ടു കൊണ്ട് കഴുകിക്കളഞ്ഞ, ഫോക്ലാന്‍ഡിലെ പന്ത്രണ്ടായിരം ചതുരശ്ര മീറ്റര്‍ മണ്ണിനു പകരം ഇംഗ്ലണ്ടിനെയെന്നല്ല, ലോകത്തെ മുഴുവന്‍ കീഴടക്കി അര്‍ജന്റീനയ്ക്ക് സമ്മാനിച്ച വീരനായകനെ അവര്‍ ദൈവമായി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ!

യഥാര്‍ത്ഥത്തില്‍ മറഡോണ ആ കളിയില്‍ ഇംഗ്ലണ്ടിനെതിരെ അടിച്ച രണ്ടു ഗോളുകളും യഥാക്രമം കളി നിയമങ്ങളെയും, അറ്റാക്കിംഗ് തന്ത്രത്തിലെ കൂട്ടുത്തരവാദിത്തത്തെയും ലംഘിച്ചുള്ളവയായിരുന്നു. പക്ഷേ, പരാജിതന്റെ പ്രതികാരത്തിനൊപ്പം ലോക മന:സാക്ഷി നിലകൊണ്ടതുകൊണ്ടാണ് ആ ഗോളുകള്‍ വാഴ്ത്തപ്പെട്ടവയായത്. അങ്ങനെയാണ് അയാള്‍ ദൈവ സമാനനായ വീരനായകനായത്.

2020ല്‍ മറഡോണ മരണമടഞ്ഞപ്പോള്‍ അര്‍ജന്റൈന്‍ പ്രസിഡണ്ടിന്റെ കൊട്ടാരമായ ‘കാസ റൊസാഡാ’ യിലാണ് മറഡോണയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചത്. ലോകത്തിലെ മറ്റേതൊരു കായിക പ്രതിഭയ്‌ക്കോ, കലാകാരനോ ഇന്നേവരെ കിട്ടാത്ത ആദരമാണത്.

ഒരേ സമയം കളി ജയിച്ച ക്യാപ്റ്റനും, യുദ്ധം ജയിച്ച പടനായകനും ആയതുകൊണ്ടാണ് ‘കാസാ റൊസാഡ’യുടെ വാതിലുകള്‍ അയാളുടെ ശവമഞ്ചത്തിനു മുമ്പില്‍ ആദരവോടെ തുറക്കപ്പെട്ടത്. കളിയാണോ യുദ്ധമാണോ മനുഷ്യന്റെ ഞരമ്പുകളിലെ ചോരയോട്ടത്തെ കൂടുതല്‍ ത്രസിപ്പിക്കുന്നത് എന്ന ചോദ്യത്തിന് മറഡോണയെ മുന്‍നിര്‍ത്തി എന്തുത്തരമാണ് നമുക്ക് പറയാനാവുക?