വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍
ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ ഇന്ത്യയില്‍ മതനിരപേക്ഷത നിലനില്‍ക്കുന്നത് മതമൗലികവാദമോ മതതീവ്രവാദമോ തീണ്ടാത്ത, പരസ്പരാശ്രിതത്വത്തില്‍ കഴിയുന്ന കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ സമാധാനകാലങ്ങളിലെ മതജീവിതങ്ങളില്‍ ആണ്.പക്ഷെ മതസംഘങ്ങളായും രാഷ്ട്രീയസംഘങ്ങളായും ജനങ്ങള്‍ മിക്കവാറും ഇതേ സാധാരണക്കാരായ ആളുകള്‍ നിക്ഷിപ്ത താല്പര്യക്കാരാല്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ ചിത്രമാകെ മാറുന്നു .അധികാരത്തിനും സമ്പത്തിനും വേണ്ടി മതസംഘടനകളാലും രാഷ്ട്രീയസംഘടനകളാലും ഓരോ ദിവസവും മതങ്ങളും മതസ്ഥരായ ജനങ്ങളും ദുരുപയോഗിക്കപ്പെടുന്നു.
എന്ന് വച്ച് ഈ രാഷ്ട്രീയനേതാക്കളൊക്ക വ്യക്തിപരമായി മതാന്ധരാണോ?
അല്ലേ അല്ല. പിണറായി വിജയന് ഉള്ളിന്റെ ഉള്ളില്‍ മുസ്ലീംപക്ഷപാതമുണ്ടോ?ഇല്ല.അങ്ങേര്‍ ഒരു കമ്മ്യൂണിസ്റ്റ് സിദ്ധാന്തക്കാരനെങ്കിലുമാണോ? അല്ലേയല്ല.ഓവൈസിയോ കുഞ്ഞാലിക്കുട്ടിയോ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പോലുമോ ഈമാന്റെ കാര്യത്തില്‍ നമ്മള്‍ തെറ്റിദ്ധരിച്ചിട്ടുള്ളത് പോലെ ദുര്‍വാശിക്കാരാണോ? അല്ല. കേദാര്‍നാഥിലെ ഗുഹയില്‍ ചെന്ന് ധ്യാനസ്ഥനായിരിക്കുന്ന നരേന്ദ്രമോദിക്ക് ഹിന്ദുമതം അടക്കമുള്ള ഭാരതീയ മതങ്ങളിലെ സമ്പന്നമായ ധ്യാനാത്മകതയെ കുറിച്ച് വല്ല ഗ്രാഹ്യവുമുണ്ടോ? അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ നൈതികവും പാരിസ്ഥിതികവും മനുഷ്യാവകാശപരവും ആയ ചെയ്തികള്‍ കാണുമ്പോള്‍ അങ്ങനെ ഉണ്ടെന്നുള്ള ഒരു സംശയത്തിനും അവകാശമില്ല. ഇവരെല്ലാം ഓരോ നിമിഷവും ഒഴിയാബാധ പോലെ അഭിനിവേശിതര്‍ (obsessed ) ആയിട്ടുള്ളത് മതം ഉപയോഗിച്ചുള്ള അമിതാധികാരത്തിലും അതുവഴി നേടാന്‍ ആകുന്ന അളവറ്റ സമ്പത്തിലും ആണ്.
ആത്മീയതയും ഈമാനും പ്രത്യയശാസ്ത്രദൃഢതയും ഇല്ലാത്തവര്‍ മതമെന്ന ഇരുതലവാള്‍ ഉപയോഗിക്കുമ്പോള്‍ അത് നാടിന് ആപല്‍ക്കരമാണ്.ഈ നേതാക്കള്‍ ഒന്നും മതാന്ധരല്ല.പക്ഷെ മതത്തെ ഉപയോഗിച്ചുള്ള അധികാരലാഭത്തിനായി ചാവേറുകള്‍ ആയ ലക്ഷക്കണക്കിന് ഹിന്ദു മുസ്‌ലിം കൃസ്ത്യന്‍ കമ്മ്യൂണിസ്റ്റ് മതാന്ധരെ സൃഷ്ടിച്ചു കൊണ്ടിരിക്കാന്‍ ഇവര്‍ ഓരോ നിമിഷവും ദത്തശ്രദ്ധര്‍ ആണ് .
അവര്‍ക്കറിയാം,രാജ്യത്തായാലും സംസ്ഥാനങ്ങളിലായാലും മതാടിസ്ഥാനത്തില്‍ ഉള്ള ജനസംഖ്യാശാസ്ത്രവും (Demographics ) രാഷ്ട്രീയബലവും സാമ്പത്തിക ബലവും ആണ് എല്ലാം നിര്‍ണ്ണയിക്കുന്നത് എന്ന് . അതിനാല്‍ ,ഇന്ത്യയിലെ ഭൂരിപക്ഷമതസ്ഥരായ ഹിന്ദുക്കളെ സ്വാധീനിക്കാന്‍ ആവശ്യമായ പൊളിറ്റിക്കല്‍ ഹിന്ദുത്വത്തിന്റെ സംസ്‌കാരം, ബിജെപി യില്‍ മാത്രമല്ല,കോണ്‍ഗ്രസിലും ഗോത്രീയപാര്‍ട്ടികള്‍ ആയ യാദവ പാര്‍ട്ടികളിലും മറാത്ത പാര്‍ട്ടികളിലും ദ്രാവിഡ പാര്‍ട്ടികളിലും ജാട്ട് പാര്‍ട്ടികളിലും ഇവയില്‍ പെടാത്ത ഛആഇ പാര്‍ട്ടികളിലും എല്ലാം നിങ്ങള്‍ക്ക് കാണാം.
ഉദാഹരണത്തിന്,70 കള്‍ ആദ്യം ഇന്ദിരയുടെ കോണ്‍ഗ്രസ് ആര്‍ക്കും ഭേദിക്കാന്‍ ആവാത്ത ഒരു കോട്ടയായിരുന്നു. അന്നത്തെ പരിവാര്‍മുഖമായിരുന്ന ജനസംഘത്തിന് മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ ശക്തി കുറഞ്ഞ് പാര്‍ലമെന്റില്‍ 22 സീറ്റുകള്‍ ആണ് ഉണ്ടായിരുന്നത്. ആ പാര്‍ട്ടിയിലെ അക്കാലത്തെ പ്രധാനികള്‍ ആയിരുന്ന വാജ്‌പേയിയും ബല്‍രാജ് മധോക്കും അദ്വാനിയും മറ്റും ഡല്‍ഹിയിലെ ചെറിയ തെരുവുയോഗങ്ങളില്‍ പ്രസംഗിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ദുര്‍ബലമായ ചെറിയ പാര്‍ട്ടി ആയിരുന്നു അന്നത് . അന്നത്തെ നാമമാത്രമായിരുന്ന സംഘ പരിവാര്‍ ശക്തിക്ക് നിരപേക്ഷമായിത്തന്നെ അക്കാലത്തും ഹിന്ദു മുസ്‌ലിം സംഘര്‍ഷങ്ങളും ദളിത് കൂട്ടക്കൊലകളും നടക്കുന്നുണ്ട്.സംഘപരിവാര്‍ വളരുന്ന ഘട്ടമായ എണ്‍പതുകള്‍ക്ക് ശേഷം ഹിന്ദുസമാഹാരണത്തില്‍ സംഘപരിവാറിന് കൂടുതല്‍ ശക്തമായ പ്രാമുഖ്യം ലഭിക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരമുള്ള എല്ലാ ഹിന്ദു മുസ്‌ലിം ലഹളകളിലും ദളിത് കൂട്ടക്കൊലകളിലും സംഘപരിവാര്‍ മാത്രമല്ല മുന്‍പറഞ്ഞ എല്ലാ പാര്‍ട്ടികളിലെയും ഹിന്ദു മതാന്ധരും ഉള്‍പ്പെട്ടിരുന്നു. ദലിത് മുസ്ലിം വിരോധം സര്‍വപാര്‍ട്ടിധര്‍മ്മം ആയിരുന്നു.
ബാബരിമസ്ജിദ് വീണപ്പോഴും ബെല്‍ച്ചിയില്‍ കൂട്ടക്കൊലനടക്കുമ്പോഴും താക്കറെയുടെ നേതൃത്വത്തില്‍ ബോംബെ കലാപം നടക്കുമ്പോഴും കോണ്‍ഗ്രസ് ആണ് ഭരിച്ചു കൊണ്ടിരുന്നത്. മൂന്നിലും ആത്യന്തികമായി ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല.
എല്ലാ കാലത്തും സമുന്നതരായ രാഷ്ട്രീയക്കാരും മതനേതാക്കളും വ്യക്തിപരമായി ചെയ്യുന്ന തീവ്രകുറ്റങ്ങള്‍ക്കൊക്കെയുള്ള ശിക്ഷ നിര്‍ണ്ണയിക്കപ്പെടുന്നതും ഇപ്പറഞ്ഞ മത ജാതി ബലങ്ങളെ ആസ്പദമാക്കിയാണ്.
ഇവരുടെ വേഷം കെട്ടലുകള്‍ പോലും ദയനീയമാണ് .
മോദിക്ക് ഓരോരോ പ്രദേശത്ത് ചെല്ലുമ്പോഴും അതാതിടത്തെ പ്രാദേശിക ഹിന്ദു പ്രച്ഛന്നവേഷം ധരിച്ചാല്‍ മതി.രാഹുല്‍ ഗാന്ധിയുടെ കാര്യമാണ് കഷ്ടം. കേരളത്തിലെ ‘ജോഡോ യാത്ര’യില്‍ സെക്കുലര്‍ വേഷം. കേരളത്തിന്റെ അതിര്‍ത്തി കടന്നതേയുള്ളു നാനാവിധ ഹിന്ദു പ്രച്ഛന്നവേഷങ്ങള്‍ അയാള്‍ ധരിക്കുന്നത്. ഇനി അജ്മീറിലും മാല്‍ഡയിലും ദോഡയിലും ചെല്ലുമ്പോള്‍ മൗലവി വേഷം ധരിക്കണം.
ഇവിടെ നിര്‍ബാധം ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന സി .പി .എം .ബിഹാറില്‍ ഒരു തരി കനല്‍ മാത്രമാണ്.അവിടെ അവരും പ്രചാരണോപകരണമായി വിശുദ്ധ പശുവിനെ ഉപയോഗിക്കുന്നുണ്ട് .
എല്ലാം അടിമുടി മാറ്റാന്‍ വന്ന കേജ്രിവാളിന്റെ കാവിവേഷങ്ങള്‍ ആണ് ഏറ്റവും അവഹേളനപരം. (സാമാന്യമായി പ്രത്യയശാസ്ത്രദാര്‍ഢ്യം ഉണ്ടായിരുന്ന കേരളത്തിലെ പഴയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ പാര്‍ട്ടികളെ തോല്‍പ്പിക്കാന്‍ നടത്തിയ ചെറിയ ചെറിയ മതപ്രീണനങ്ങളിലൂടെയാണ് ഇന്നത്തെ അളിഞ്ഞ നിലയില്‍ എത്തിയതെന്ന് ഓര്‍ക്കുന്നത് നല്ലതാണ് ).
ഈ വേഷംകെട്ടലുകള്‍ എല്ലാം ജനങ്ങള്‍ വിഡ്ഢിയാക്കപ്പെടാനും പറ്റിക്കപ്പെടാനും അര്‍ഹരും യോഗ്യരും ആയ കഴുതകള്‍ ആണ് എന്ന ജനാധിപത്യവിരുദ്ധബോധത്തില്‍ നിന്ന് ഉരുത്തിരിയുന്നതാണ്
മതാടിസ്ഥാനത്തില്‍ ഉള്ള ജനസംഖ്യാശാസ്ത്രവും (Demographics )ഉം രാഷ്ട്രീയബലവും സാമ്പത്തികബലവും ആണ് എല്ലാം നിര്‍ണ്ണയിക്കുന്നത് എങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താണ് ?
കേരളം ഫലത്തില്‍ ഒരു അപ്രഖ്യാപിത ഇസ്ലാമിസ്റ്റ് ‘മതേതര ‘ ഇടത് രാജ്യമാണ്.യുഡി എഫിന്‍റേയും എല് ഡി എഫിന്റെയും മതനയങ്ങള്‍ മാത്രമല്ല എല്ലാ മതസ്ഥരെയും ബാധിക്കുന്ന പൊതുനയങ്ങള്‍ വരെ തീരുമാനിക്കുന്നത് മുസ്ലിംലീഗും സമസ്തയും ഇസ്ലാമിസ്റ്റുകളും ഉള്‍പ്പടെയുള്ള മുസ്‌ലിം സംഘടനകള്‍ ആണെന്ന് വന്നിരിക്കുന്നു.
ഗവര്‍ണ്ണര്‍ എന്ന നിലയിലും ചാന്‍സലര്‍ എന്ന നിലയിലും ആരിഫ് മുഹമ്മദ് ഖാനെ മാറ്റണമെന്ന് പ്രതിപക്ഷധര്‍മ്മം ഒക്കെ മാറ്റിവച്ച് കോണ്‍ഗ്രസ് ഒറ്റ രാത്രി കൊണ്ട് തീരുമാനം എടുത്തത് മുന്നണിയിലെ ഒരു ചെറുപാര്‍ട്ടിയായ മുസ്‌ലിം ലീഗ് കണ്ണുരുട്ടിയപ്പോള്‍ ആണ്. വാസ്തവത്തില്‍ ,കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഗാന്ധി കുടുംബത്തേക്കാള്‍ എത്രയോ കൂടുതല്‍ ആജ്ഞാശക്തിയുള്ള ഹൈക്കമാന്‍ഡ് ആണ് മുസ്ലിംലീഗ് ഇന്ന്.
മാപ്പിള കലാപത്തില്‍ ഹിന്ദു വംശീയഹത്യ നടന്നു എന്ന് സമകാലികര്‍ ആയിരുന്ന ഗാന്ധിജി അടക്കമുള്ള നാല് എ .ഐ സി .സി പ്രസിഡന്റുമാരും അംബേദ്കറും കുമാരനാശാനും സാക്ഷ്യം പറഞ്ഞിട്ടുണ്ട് ..എന്നാല്‍,കുഞ്ഞാലിക്കുട്ടി പറയുന്ന വ്യത്യസ്ത ചരിത്രപാഠം ധിക്കരിക്കാന്‍ കെല്‍പ്പുള്ള ഒരു കോണ്‍ഗ്രസ്സുകാരനും ഇന്ന് ജീവിച്ചിരിപ്പില്ല .ഇക്കാര്യത്തില്‍ ഉള്ള സിപിഎം ന്റെ മുസ്ലീം പ്രീണനം പ്രത്യേകിച്ച് പരാമര്‍ശിക്കേണ്ടതുപോലുമില്ല .
പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനെതിരെ എന്തു കൊണ്ടാണ് കേരളത്തില്‍ മാത്രം ഹര്‍ത്താല്‍ പ്രഖ്യാപനം ഉണ്ടായത്? ആരുടെ ആജ്ഞ അനുസരിച്ചാണ് അഞ്ചും ആറും പേര്‍ ആത്മവിശ്വാസത്തോടെ പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നത് നാല്പതും അമ്പതും പേര്‍ അടങ്ങുന്ന പോലിസ് സംഘം നോക്കുകുത്തികളെ പോലെ നോക്കി നിന്നത്?മറ്റു സ്‌റ്റേറ്റുകളില്‍ നിന്ന് വിഭിന്നമായി നിരോധനാനന്തര നടപടികള്‍ക്ക് ‘തിടുക്കം വേണ്ട ‘ എന്ന് ക്രമസമാധാനച്ചുമതലയുള്ള ഭരണാധികാരി തന്നെ അസംബന്ധപൂര്‍വ്വം ആജ്ഞാപിച്ചത് എന്താണ്?പോലീസും റവന്യൂ വകുപ്പും ആ ആജ്ഞക്കനുസരിച്ച് ഹൈക്കോടതി വിധി അടക്കമുള്ള നിയമനടത്തിപ്പിനോട് നിസ്സഹകരിക്കുന്നത് എന്താണ്? നിയമലലംഘകരെ നിലക്ക് നിര്‍ത്തേണ്ട പോലീസില്‍ കേരളത്തില്‍ വിവിധ തലങ്ങളില്‍ എണ്ണൂറിലധികം പേര്‍ പോപ്പുലര്‍ ഫ്രന്റിന് സഹായികള്‍ ആയി ഉണ്ട് എന്ന വാര്‍ത്ത ആരെയും അത്ഭുതപ്പെടുത്താത്തത് എന്താണ്?
കാരണം, കേരളം ഫലത്തില്‍ ഒരു അപ്രഖ്യാപിത ഇസ്ലാമിസ്റ്റ് ‘മതേതര ‘ അഥവാ ഇസ്ലാമിസ്റ്റ്ഇടത് അഥവാ അഥവാ ഇസ്ലാമിസ്റ്റ്കമ്മ്യൂണിസ്റ്റ് അഥവാ ഇസ്ലാമിസ്റ്റ്പിണറായിസ്റ്റ് രാജ്യമാണ്. തീവ്രവാദി സംഘടനയോട് തത്തുല്യമായി നിയമവാഴ്ചാരാഹിത്യത്തിനോട് ആസക്തി തന്നെയുള്ള ഒരു ഭരണാധികാരി ഉള്ളിടത്ത് ഇത്തരം അപ്രഖ്യാപിത ദേശങ്ങള്‍ ഉണ്ടാകും.
ഞാനീ പറഞ്ഞതില്‍ ആവശ്യാനുസരണം ഉള്ള ഇസ്ലാമിസ്റ്റ് വിരുദ്ധതയേ വായിച്ചെടുക്കേണ്ടൂ. കാരണം, ഞാന്‍ പറഞ്ഞത് ഒരു ലോകനിയമമാണ്.ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ ,ഭരണഘടന അപ്രധാനമായ,ഹിന്ദുത്വ നിയമങ്ങള്‍ക്ക് മാത്രം പ്രാമുഖ്യമുള്ള, കിഴക്കും പടിഞ്ഞാറും വടക്കും ഉള്ള ഹിന്ദുത്വ ദേശങ്ങളിലൂടെയും ഞാന്‍ ധാരാളം സഞ്ചരിച്ചിട്ടുണ്ട്.അവിടങ്ങളിലും ഭരണകൂടങ്ങളും അതിന്റെ അവയവങ്ങളായ സ്ഥാപനങ്ങളും അവിടെയുള്ള അപ്പപ്പോഴുള്ള യജമാനന്മാരെ ഭരണഘടനാവിരുദ്ധമായി സേവിക്കുന്നുണ്ട് എന്നതില്‍ സംശയം ഒന്നുമില്ല .
ആധുനികമാകാത്ത ഒരു നിയോഫ്യൂഡല്‍ സമൂഹത്തില്‍ മതേതരത്വം എന്നത് ഒരു പകുതിനുണയാണ്. ഈ നുണയുടെ വേരുകള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മാത്രമല്ല ഉള്ളത് ; വിഭജനകാലത്തിലേക്കും സ്വാതന്ത്ര്യസമരകാലത്തിലേക്കും ഒരു പക്ഷെ ആയിരം കൊല്ലത്തെ ചരിത്രത്തിലേക്കും നീണ്ടു കിടക്കുന്നു.
മനുഷ്യചരിത്രാരംഭം മുതലുള്ള ഈ സാമാന്യലോകതത്വീ കേരളത്തില്‍ തല്‍ക്കാലം ഇസ്ലാമിസ്റ്റ് ഇടതുകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്നേ ഉള്ളു. സര്‍വ്വപ്രധാനം സമ്പദ് ശക്തിയാലും രാഷ്ട്രീയശക്തിയാലും പരിപുഷ്ടമാക്കപ്പെട്ട ഉലാീഴൃമുവ്യ ആണ്. ജനസംഖ്യാശക്തി ആണ്.മറ്റു ചില ഘടകങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന്, ചരിത്രപരമായ മനോവീര്യം (morale) അക്ബര്‍ ഓവൈസി പറഞ്ഞ പോലെയുള്ള,ഏറെക്കുറെ ഒ. അബ്ദുള്ള ആവര്‍ത്തിച്ച പോലെയുള്ള, ‘പത്ത് ഹിന്ദുവിന് കിട നില്‍ക്കാന്‍ ഒരു മുസ്ലിം മതി ‘എന്ന അനുപാതം ഞാന്‍ സ്വകാര്യമായി അംഗീകരിക്കുന്നു ഒരു വസ്തുതയാണ് .
ഇസ്ലാമാണ് കേരളത്തിലെ ന്യൂനപക്ഷ മതമെന്നത് ഒരു വസ്തുതാപരമായ നുണയാണെന്ന് ഞാന്‍ കരുതുന്നു. മറിച്ച് കേരളത്തിലെ ഏറ്റവും വലിയ മതം 26.56 ശതമാനത്തോടെ ഇസ്‌ലാമാണ് . ഇക്കാര്യത്തില്‍ ഫസല്‍ ഗഫൂറിന്റെ ആത്മവിശ്വാസം അസ്ഥാനത്തല്ല. (പല തരം )ഈഴവമതം 25%, (പല തരം )ക്രിസ്ത്യാനി മതം 18.38%, നായര്‍ മതം 14.47%, ബാക്കി ദളിത് ആദിവാസിവിശ്വകര്‍മ്മ ബ്രാഹ്മണകീബ്രണാദികള്‍. ഇവരില്‍ ബ്രാഹ്മണമതക്കാരും നായര്‍ മതക്കാരും സവര്‍ണ്ണഉത്സവക്കമ്മിറ്റികളില്‍ ഒത്തൊരുമിക്കാറുണ്ട് എന്നതൊഴിച്ചാല്‍ അല്‍പ്പമൊന്ന് സഹകരിച്ചത് ശബരിമല ലഹളക്കാലത്താണ്. അതിലൂടെ രൂപം കൊണ്ട ഇച്ചിരി വോട്ട് ബാങ്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് വില്‍പ്പനയിലൂടെ കെ. ജെ. പി. നിര്‍വീര്യമാക്കി.
ഓരോരോ മതങ്ങളോടുള്ള പിണറായിയുടെ പ്രതികരണമാണ് വോട്ട് ബാങ്കുകളുടെ ശക്തിയെ കുറിച്ച് വാസ്തവത്തില്‍ ഞാന്‍ ആശ്രയിക്കുന്ന വിശ്വസനീയമായ മാപിനി.അദ്ദേഹം ഏതു മതസ്ഥാപനങ്ങളില്‍ പോകുന്നു ,ആരെ വന്ദിക്കുന്നു ,ആരുടെ മുന്‍പില്‍ മുട്ടിടിക്കുന്നു, ആര്‍ക്ക് തന്റെ ദുര്‍ലഭമായ പുഞ്ചിരി സമ്മാനിക്കുന്നു ,ആരെ ഭര്‍ത്സിക്കുന്നു ,ആരുടെ നിയമലംഘനങ്ങളെയും ക്രിമിനല്‍ കുറ്റങ്ങളേയും സാധൂകരിക്കുന്നു ,ആര്‍ക്ക് പൊതുഖജനാവില്‍ നിന്നെടുത്ത് ഉപഹാരങ്ങളും സൗജന്യങ്ങളും നല്കുന്നു എന്നൊക്കെ നോക്കിയാണ് ഞാന്‍ കേരളത്തിലെ മതജാതി ബലതന്ത്രം പഠിക്കുന്നത് .
കേരളം ഇങ്ങനെ ജനസംഖ്യാശാസ്ത്രപരമായി ഒരു ഇസ്ലാമിസ്റ്റ് ഇടത് ‘മതേതര ‘ ദേശമായിരിക്കുന്നത് സംഘപരിവാറിന് ഇന്ത്യയെ ജനസംഖ്യാശാസ്ത്രപരമായി ഒരു ഹിന്ദുത്വ രാഷ്ട്രമാക്കുന്നതിനുള്ള ഒന്നാന്തരം സാധൂകരണമാണ് .അതിനാല്‍ ഇവിടത്തെ ഇസ്ലാമിസ്റ്റ് ഇടത് ‘മതേതര ‘ ഉത്സുകരാണ് ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തില്‍ ഭാഗികപങ്ക് വഹിക്കുന്നത് എന്ന് പറയാം .