മനുഷ്യ സ്‌നേഹത്തിന്‍റെ ആ മനോഹരമായ ചിരി ഒരിക്കലും മറക്കില്ല, രണ്ടു പൂക്കള്‍ പോലെ അവ സൂക്ഷിക്കുന്നു

Articles

ചിന്ത / എസ് ജോസഫ്

ചിലയാളുകളുടെ ചിരി പൂവിരിയുമ്പോലെയാണെന്ന് പറയാറുണ്ട്. ഞാനതൊന്നും ഓര്‍ത്തു വയ്ക്കാറില്ല. ആളുകള്‍ക്കു മാത്രമേ ചിരിക്കാന്‍ കഴിയൂ. കഴുതപ്പുലി ചിരിക്കുന്നതായി തോന്നുമെങ്കിലും ചിരിയല്ലത്. എല്ലാ മനുഷ്യരും പരിചയക്കാരെ കാണുമ്പോള്‍ ചിരിക്കുന്നതിനാല്‍ ചിരി നമ്മള്‍ ഓര്‍ത്തു വയ്ക്കാറില്ല. പൂക്കളെ നോക്കുമ്പോള്‍ ചിരിക്കുകയാണെന്ന് തോന്നും. വീട്ടില്‍ നിറയെ കായ്ക്കുന്ന പേരമരം ഉണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് അതില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ കണ്ടത്. ഞാനതിന്റെ ഫോട്ടോ എടുത്ത് ഇവിടെ ഇട്ടിരുന്നു. ഒന്നു കൂടി ഇടാം.

മലബാറിലേക്കുള്ള തീവണ്ടി യാത്ര. ഞാന്‍ തേര്‍ഡ് എ. സിയിലാണ് കിടന്നത്. രാവിലെ യായപ്പോള്‍ ഇറങ്ങാന്‍ വേണ്ടി എണീറ്റ് വാതില്‍ക്കല്‍ നില്‍പ്പായി. അപ്പോഴ് ഒരു അച്ഛനും മകളും വന്ന് വാസ് ബേസിന്റെ അരികില്‍ നിന്ന് പല്ലുതേയ്ക്കുന്നു. ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്ക് നോക്കി ഒതുങ്ങി നിന്നു. മുഖം കഴുകിയിട്ട് ആ പെണ്‍കുട്ടി അച്ഛന്റെ പിന്നില്‍ നിന്ന് ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. എന്റെ മുഖം ക്രൂരമാണെന്ന് ഭാര്യ പറയാറുണ്ട്. ഞാന്‍ ചിരിക്കില്ലെന്നും പറയുന്നു. അങ്ങനെയുളള എന്നെ നോക്കിയാണ് ആ കുട്ടി ചിരിച്ചത്.

മടക്കയാത്ര. സെക്കന്റ് എ.സിയില്‍ എന്റെ ബര്‍ത്ത് മുകളില്‍ ആണ്. താഴെ വലത്തായി ഒരു സിസ്റ്റര്‍ മൊബൈല്‍ നോക്കി കിടക്കുന്നു . താഴെ ഇടത്തായി ഒരു ബ്ലാക്ക് വുമണ്‍ ( ആഫ്രിക്കന്‍ വംശജ ) മൊബൈലില്‍ സിനിമാ കണ്ടു കടക്കുന്നു. ഞാന്‍ ബര്‍ത്തില്‍ കിടന്ന് ഇതുപോലെ ഒരു കുറിപ്പ് എഴുതിയിട്ട് ഉറങ്ങി. രാവിലെ എറണാകുളത്തിന് മുമ്പ് അവര്‍ കെട്ടും കെടയും എടുത്തിറങ്ങി. അപ്പോള്‍ ആ ശ്യാമ സുന്ദരി എന്നെ നോക്കി ചിരിച്ചു. പിന്നെ ബര്‍ത്തിന്റെ ഫോട്ടോ എടുത്തു. വീണ്ടും പോകാന്‍ നേരം എന്നെ നോക്കി ഒന്നു കൂടി ചിരിച്ചു , യാത്ര പറച്ചില്‍ പോലെ. അതൊരു യുവതിയുടെ ചിരി. മറ്റേതോ ദേശക്കാരി . അപരിചിതനായ എന്നെ നോക്കി ചിരിക്കേണ്ട കാര്യം അവര്‍ക്കില്ല. മനുഷ്യസ്‌നേഹത്തിന്റെ ആ മനോഹരമായ ചിരിയും ഞാനൊരിക്കലും മറക്കില്ല. രണ്ട് പൂക്കള്‍ പോലെ ഞാനവ സൂക്ഷിക്കുന്നു.

ഉറക്കം തൂങ്ങുന്ന കണ്ണുകളില്‍ ക്രിസ്തുമസ്,
എല്ലാവര്‍ക്കും മെറി ക്രിസ്തുമസ്

ഇരുണ്ട മഞ്ഞു രാത്രി. ഇരുട്ടു പുരണ്ട മഞ്ഞ്. ഒരു നക്ഷത്രം മാത്രം. നീലയും മഞ്ഞയും ചോപ്പും കടലാസുകള്‍ ഒട്ടിച്ചിരിക്കുന്നു . ഉള്ളിലെ ചുവന്ന വെളിച്ചത്തിന്റെ ഒരു വൃത്തം മണ്ണെണ്ണ നിറച്ച വിളക്ക് വരച്ചു. കുടപ്പനകള്‍ ചൂണ്ടപ്പനകള്‍ കാപ്പികള്‍ വാളന്‍പുളിമരം എല്ലാം കാവല്‍ . മഞ്ഞുപെയ്യുന്നു. മരങ്ങളില്‍ നിന്ന് മഞ്ഞു തുള്ളികള്‍ വീഴുന്നു. രാത്രി പണിതു വച്ച ഗ്രാമവും വീടും. വിളക്കുകളുടെ ചൂട്ടിന്റെ വെട്ടം ഉള്ള ഗ്രാമം. ഉറക്കം തൂങ്ങുന്ന കണ്ണുകളില്‍ ക്രിസ്തുമസ് . എല്ലാവര്‍ക്കും മെറി ക്രിസ്തുമസ്‌