കല്പറ്റ: സി എച്ച് റെസ്‌ക്യൂടീമിന്റെ ബ്ലഡ് ബാങ്ക് പ്രഖ്യാപനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സ്മരണയില്‍ കല്പറ്റ ആസ്ഥാനമായി പാലിയേറ്റീവ് കെയര്‍, സന്നദ്ധ സേവനങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തിലെ നിര്‍ധനരും പാവപ്പെട്ടവരുമായ രോഗികള്‍ക്ക് ചികിത്സ സഹായം ഉപകരണങ്ങളും നല്‍കല്‍ തുടങ്ങി വ്യത്യസ്തവും വിപുലവുമായ സേവന പ്രവര്‍ത്തനങ്ങളാണ് കല്പറ്റ സി എച്ച് റെസ്‌ക്യൂടീമിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നത്.
കല്പറ്റ പരിധിയിലുള്ള ആശുപത്രികളിലെ രോഗികള്‍ക്ക് രക്തം ആവശ്യം വന്നാല്‍ ഉടനടി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലഡ് ബാങ്കിന് തുടക്കം കുറിച്ചത്. നിരാലംബരായ രോഗികള്‍ക്ക് ചികിത്സാസഹായവും നിര്‍ധര വിഭാഗത്തിന് ആവശ്യമായ ഉപകരണ സംവിധാനങ്ങളും സൗജന്യമായി നല്‍കിയും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് താങ്ങായും പ്രവര്‍ത്തിക്കുന്ന സംഘടന മാതൃക പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.
നിയോജകമണ്ഡലം എം എല്‍ എ ടി സിദ്ദീഖ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, എസ് ടി യു ജില്ലാ പ്രസിഡന്റ് സി മൊയ്തീന്‍കുട്ടി, മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, സി ഹാരിസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ്, ബാപ്പു എം പി, ഹാറൂണ്‍ എന്‍ കെ, മജീദ് സി പി, ഹാഷിം യു കെ, റസാഖ് മുണ്ടേരി എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ രണ്ടു വര്‍ഷമായി കല്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീമിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം നാളെ വൈകുന്നേരം 4.30ന് ചുങ്കം ജംഗ്ഷനില്‍ (വില്ലേജ് ഓഫീസ് റോഡ്) നടക്കും.