ഹമാസിനെ ഭീകര സംഘടനയാക്കാന്‍ സാമ്രാജ്യത്വ മാധ്യമങ്ങള്‍ ബോധപൂര്‍വ നീക്കം നടത്തുന്നു: ആര്യാടന്‍ ഷൗക്കത്ത്

Kozhikode

കോഴിക്കോട്: ഇപ്പോഴത്തെ ഫലസ്തീന്‍ ആക്രമണം ഹമാസിന്റെ ഭീകരത കൊണ്ടുണ്ടായതാണെന്ന തെറ്റായ പ്രചാരണം സാമാജ്യത്വ മാധ്യമങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. ഫലസ്തീനെക്കുറിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള മിഡില്‍ ഈ സ്റ്റ് റിസര്‍ച്ച് ഏജന്‍സി നല്ക്കുന്ന വാര്‍ത്തകള്‍, അതേ പോലെ നല്കുന്ന അവസ്ഥയിലേക്ക് നമ്മുടെ മാധ്യമങ്ങള്‍ അടക്കം മാറുന്നതുകൊണ്ടാണ് ഈ തെറ്റിദ്ധാരണ കേരളത്തിലടക്കം വ്യാപകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിചാരവേദി സംഘടിപ്പിച്ച ഫലസ്തീന്‍ സംവാദ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഷിംഗ്ടണ്ണില്‍ നിന്നും ടെല്‍ അവീവില്‍ നിന്നുമുള്ള തെറ്റായ വ്യാഖ്യാനങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് മാധ്യമങ്ങളില്‍ വരുന്നത്. മറിച്ച് ഫലസ്തീന്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ ചരിത്രത്തെ വിസ്മരിക്കുകയാണ്. ഒരു ആഗോള മനുഷ്യാവകാശ പ്രശ്‌നത്തെ ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണം, പ്രത്യാകമണവുമാക്കി ചുരുക്കുകയാണ് സാമ്രാജ്യത്വ മാധ്യമങ്ങളും ഇന്ത്യയില്‍ സംഘ്പരിവാറും ചെയ്യുന്നത്.

ഹമാസിനെ ഒരിക്കലും ഐ.എസിനോടോ, താലിബാനോടോ, ബൊക്കാഹറമിനോട് താരതമ്യം ചെയ്യുവാന്‍ പറ്റില്ല. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അധിനിവേശ ശക്തികളോട് പോരാടുന്ന സംഘടനയാണിത്. ഫലസ്തീന്റെ ചരിത്രം പഠിച്ചാല്‍ നാം ഒരിക്കലും ഇസ്രായേലിനെ പിന്തുണക്കുകയില്ല. പലസ്തീന്‍ പ്രശ്‌ന ത്തെക്കുറിച്ച് യഥാര്‍ത്ഥമായ അന്വേഷണം നടത്തുവാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. ഫലസ്തീന്‍ പ്രശ്‌നത്തിന് ജാതിയും മതവും വര്‍ണവും വര്‍ഗവുമില്ലെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം. നന്മയുടെ പക്ഷത്ത് നില്ക്കണമെന്ന താല്‍പര്യമാണ് ഫലസ്തീന്റ പക്ഷത്ത് എന്നെ നിറുത്തുന്നത്. അല്ലാതെ എനിക്കക്കം വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാവുന്ന കാര്യമായല്ല ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വിചാരവേദി ഉപാധ്യക്ഷന്‍ എം.കെ. ബീരാന്‍ അക്ഷത വഹിച്ചു. ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍, വേദി പ്രസിഡന്റ് ഏ. സജീവന്‍, കോളമിസ്റ്റ് കെ.മൊയ്തീന്‍ കോയ, എം.പി. പത്മനാഭന്‍, ഏ.കെ. മുഹമ്മദലി, കെ.പി. മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. വിചാരവേദി സെക്രട്ടറി നിസാര്‍ ഒളവണ്ണ സ്വാഗതവും ജോ. സെക്രട്ടറി എ.വി. ഫര്‍ദിസ് നന്ദിയും പറഞ്ഞു.