കോഴിക്കോട്: കേരളത്തിന്റെ സൗന്ദര്യ ശാസ്ത്രം രൂപപ്പെട്ടിരിക്കുന്നത് സവര്ണമായിട്ടാണെന്നും കറുപ്പെന്ന നിറത്തെ മാത്രമല്ല കറുപ്പെന്ന ആശയത്തെ തന്നെ സമൂഹം മോശമായിട്ടാണ് കാണുന്നതെന്നും എം ആര് രേണുകുമാര്‍ പറഞ്ഞു. കോഴിക്കേട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വേദി രണ്ടില്‍ ദലിതം: കഥയില്‍ പറഞ്ഞതെത്ര അറിഞ്ഞതെത്ര എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമായി വേര്തിരിക്കപ്പെട്ടവര് രാഷ്ട്രീയമായും വേര്തിരിക്കപ്പെടണ്ടതുണ്ട് എന്ന ആശയവും അദ്ദേഹം മുന്നോട്ടുവെച്ചു.
തന്റെ രാഷ്ട്രീയ ഉത്തരവാദിത്തമാണ് ദലിതരെ പറ്റി കഥയെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ധന്യ എം ഡി പറഞ്ഞു. ദലിത് എന്ന സ്വത്വം അവരുടെ രാഷ്ട്രീയം എങ്ങിനയാണ് തെരഞ്ഞെടുക്കുന്നത് എന്നും അവര്‍ വിശദീകരിച്ചു.
സമത്വം ഒരിക്കലും സ്വാതന്ത്രത്തെ ഇല്ലാതാക്കുന്നില്ലെന്നും സ്വാതന്ത്യം സമത്വത്തെയും ഇല്ലാതാക്കന്നില്ലന്നും ഉണ്ണി ആര് പറഞ്ഞു. സ്വാതന്ത്ര്യവും സമത്വവും പുലരുന്ന ഒരിടത്ത് മാത്രമേ സാഹോദര്യം ഉടലെടുക്കൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. ജാതി എന്നത് മാനത്തുനിന്ന് പൊട്ടി വീണ ഒരു കാര്യമല്ല. സമൂഹം ഉണ്ടാക്കിയെടുത്ത ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.