കോഴിക്കോട്: നിര്‍ധന കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ 102 കുട്ടികള്‍ക്ക് സൗജന്യമായി അസ്ഥിവൈകല്യ ശസ്ത്രക്രിയ നടത്തി. കൂടെ 2022 എന്ന തണല്‍ വടകരയുടെ പദ്ധതിയുമായി ആസ്റ്റര്‍ മിംസ് ആണ് സഹകരിച്ചത്. ഈ പദ്ധതിയിലൂടെ രണ്ട് കോടിയിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയകള്‍ കുട്ടികള്‍ക്ക് നടത്തിയതെന്ന് തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്‌രീസും ആസ്റ്റര്‍ മിംസ് സി.ഇ.ഒ ലുക്മാനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2500ലധികം കുട്ടികളെ പരിശോധിച്ച് ഇതില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി നിര്‍ദേശിച്ച 828 കുട്ടികളില്‍ നിന്ന് അര്‍ഹരായ 102 പേരെ കണ്ടെത്തി സൗജന്യ ശസ്ത്രക്രിയ ചെയ്തു കൊടുക്കുകയായിരുന്നു. പദ്ധതിയുടെ തുടര്‍ച്ചയായി അടുത്ത വര്‍ഷം കൂടെ 2023 എന്ന പരിപാടി കൂടി നടപ്പാക്കും. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് അടിയന്തര ജീവന്‍രക്ഷാ ശസ്ത്രക്രിയകള്‍ ചെയ്തു നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 250 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഭിന്നശേഷിക്കാരുള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള കുട്ടികള്‍ക്ക് അപസ്മാരം, ഹൃദയശസ്ത്രക്രിയ, അവയവമാറ്റ ശസ്ത്രക്രിയ എന്നിവ പദ്ധതിയുടെ ഭാഗമായി ചെയ്തു നല്‍കും.
2023 ജനുവരിയിലാണ് കൂടെ 2023 ആരംഭിക്കുക. പദ്ധതിയുടെ പ്രഖ്യാപനം നാളെ വൈകീട്ട് 6ന് കോഴിക്കോട് ദേശപോഷിണി കമ്യൂണിറ്റി ഹാളില്‍ എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കും. കൂടാതെ മൈല്‍സ്‌റ്റോണ്‍ എന്ന പേരില്‍ എസ്.എം.എ രോഗബാധിതരുള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രം മാങ്കാവില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും പത്മശ്രീ ആസാദ് മൂപ്പനും നിര്‍വഹിക്കും. അഞ്ചു കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ മിംസിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ.മഹേന്ദ്ര വര്‍മ, സ്‌പൈന്‍ സര്‍ജന്‍ ഡോ.പ്രമോദ് സുദര്‍ശനന്‍, തണല്‍ സി.ഇ.ഒ അനൂപ്, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ലീഡര്‍ കെ.വി മുഹമ്മദ് ഹസീം എന്നിവരും പങ്കെടുത്തു.