കാക്കനാട്: സിനിമ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി തുടങ്ങിയത്.
സുരാജിനോട് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നിര്‍ദേശിച്ചു മോട്ടര്‍ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നല്‍കിയെങ്കിലും സുരാജ് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതിനാലാണ് സുരാജിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടന്നത്.
ജൂലൈ 29ന് രാത്രി തമ്മനം കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം നടന്നത്. സുരാജ് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികന്‍ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്തു. എഫ്‌ഐആര്‍ മോട്ടര്‍ വാഹന വകുപ്പിനു കൈമാറുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആര്‍ടിഒക്ക് ലഭിച്ചിരുന്നു.