വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷ കേന്ദ്രം: അപേക്ഷ മാർച്ച് 9 വരെ

Kerala

റമീസ് പാറാൽ

കണ്ണൂ‍ര്‍: വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ അഭ്യർത്ഥന മാനിച്ച് ഇന്ത്യക്ക് പുറമേ 12 വിദേശ രാജ്യങ്ങളിലെ 14 നഗരങ്ങളിൽ നീറ്റ് യുജി പരീക്ഷാ കേന്ദ്രം അനുവദിച്ചു.

നീറ്റ് പരീക്ഷക്ക് നേരത്തെ അപേക്ഷിച്ചവർക്ക് മാർച്ച് 9 നു ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള സമയത്ത് സെൻറർ മാറ്റി കൊടുക്കാവുന്നതാണ്. വിദേശ രാജ്യത്ത് സെൻറർ അനുവദിക്കുന്നതിന് ആവശ്യമായ ഫീസ് ആ സമയത്ത് ഒടുക്കേണ്ടതാണ്. പുതുതായി അപേക്ഷിക്കുന്നവർക്ക് വിദേശരാജ്യങ്ങളിൽ പ്രസൻറ് അഡ്രസ്സ് കൊടുക്കുകയാണെങ്കിൽ വിദേശരാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രം സെലക്ട് ചെയ്യാവുന്നതാണ്.

കുവൈത്ത്, യു എ ഇ, തായ്‌ലൻഡ്, ശ്രീലങ്ക, ഖത്തർ, നേപ്പാൾ, മലേഷ്യ, നൈജീരിയ, ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്.

കുവൈത്ത് സിറ്റി, ദുബൈ, അബുദാബി, ഷാർജ, ബാങ്കോക്ക് കൊളംബോ, ദോഹ, കാൺമണ്ഡു, കോലാലമ്പൂർ, ലാഗോസ്, മനാമ, മസ്കറ്റ്, റിയാദ്, സിംഗപ്പൂർ എന്നീ നഗരങ്ങളിലാണ് നീറ്റ് യുജി പരീക്ഷാ കേന്ദ്രം.

മാർച്ച് 9 വരെ നീറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. മെയ് അഞ്ചിനാണ് നീറ്റ് പരീക്ഷ. ജൂൺ 14ന് ഫലം പ്രഖ്യാപിക്കും.

നീറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നവർ ഫോട്ടോ, സിഗ്നേച്ചർ, 10 വിരലുകളുടെയും ഇംപ്രഷൻ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്. എൻ ആർ ഐ കാറ്റഗറിയിൽ അപേക്ഷിക്കുന്നവർ എംബസിയിൽ സാക്ഷ്യപ്പെടുത്തിയ എൻ ആർ ഐ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

എസ് സി / എസ് ടി / ഒ ബി സി എൻ സി എൽ/ ഇ ഡബ്ല്യു എസ് കാറ്റഗറിയിൽപെട്ട വിദ്യാർത്ഥികൾ അപേക്ഷാ സമയത്ത് കാറ്റഗറി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. കാറ്റഗറി സർട്ടിഫിക്കറ്റുകൾ മെഡിക്കൽ കോളേജുകളിൽ പ്രവേശന സമയത്ത് ഹാജരാക്കിയാൽ മതി.

കേരളത്തിലും ലക്ഷദ്വീപിലും പരീക്ഷയെഴുതുന്ന വർക്ക് മലയാള ചോദ്യപേപ്പർ ആവശ്യമാണെങ്കിൽ അപേക്ഷയിൽ മലയാളഭാഷ തിരഞ്ഞെടുക്കേണ്ടതാണ്.

നീറ്റ് പരീക്ഷയിൽ ഒന്നിലധികം പേർക്ക് ഒരേ മാർക്ക് ലഭിച്ചാൽ ബയോളജി (ബോട്ടണിയും സുവോളജിയും) പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥിക്ക് ഉയർന്ന റാങ്ക് നൽകും. ടൈ തുടർന്നാൽ കെമിസ്ട്രി പരീക്ഷയിലെ മാർക്കും വീണ്ടും തുടർന്നാൽ ഫിസിക്സിലെ മാർക്കും പരിഗണിച്ചാണ് മികച്ച റാങ്ക് നിർണയിക്കുന്നത്. എന്നിട്ടും ടൈ തുടരുക യാണെങ്കിൽ കംപ്യൂട്ടർവഴി നറുക്കെടുത്ത് റാങ്ക് നിർണയിക്കും.

കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ പ്രവേശനത്തിന് നീറ്റ് യു.ജി പരി ക്ഷ എഴുതുന്നതോടൊപ്പം കേരളാ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് പ്രത്യേകം അപേക്ഷയും നൽകേണ്ടതു ണ്ട്. ഇത്തവണത്തെ കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ വിജ്ഞാപനം ഇത് വരെ വന്നിട്ടില്ല. മാർച്ച് മാസത്തിൽ പ്രതീക്ഷിക്കാം.

യോഗ്യതയുള്ളവർക്ക് എത്രതവണ വേണമെങ്കിലും നീറ്റ് പരീക്ഷയെഴുതാവുന്നതാണ്. ഉയർന്ന പ്രായ പരിധിയില്ല.

രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള എയിംസ്, ജിപ്‌മർ തുടങ്ങിയ പ്രീമിയർ സ്ഥാപനങ്ങളിലെ പ്രവേശനം നീറ്റ് റാങ്കടിസ്ഥാനത്തിൽ എം.സി. സി കൗൺസലിങ് വഴിയാണ്.

എം സി സി നടത്തുന്ന കേന്ദ്രീകൃത കൗൺസലിംഗ് വഴിയും സംസ്ഥാന കൗൺസലിംഗ് വഴിയുമാണ് എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സു‌കളുടെ പ്രവേശനം.

ബി.എ.എം.എസ് /ബി.എച്ച്.എം എസ്/ബി. എസ്.എം.എസ് / ബി.യു. എം.എസ് കോഴ്‌സുകളുടെ പ്രവേശനം ആയുഷ് അഡ്‌മിഷൻസ് സെൻട്രൽ കൗൺസലിംഗ് കമ്മറ്റി നടത്തുന്ന അലോട്ട്‌മെൻ്റ് പ്രക്രിയ വഴിയും സംസ്ഥാന കൗൺസലിംഗ് വഴിയുമാണ്.

ബി.വി.എസ് സി & എ.എച്ച് (വെറ്ററിനറി ) പ്രോഗ്രാമിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ടാ സീറ്റുകളിലേക്ക് വി.സി.ഐ (വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ) നടത്തുന്ന അലോട്ട്മെൻ്റ് പ്രക്രിയ വഴിയാണ് പ്രവേശനം.

ഇന്ത്യയിലെ എല്ലാ ഗവൺമെൻ്റ് മെഡിക്കൽ കോളജുകളിലെയും 15 ശതമാനം സീറ്റുകൾ ഓൾ ഇന്ത്യാ ക്വാട്ടയാണ്. പ്രവേശനത്തിനായി എം.സി.സി കൗൺസിലിങ് പ്രക്രിയയിൽ പങ്കെടുത്ത് ഓപ്ഷൻ നൽകിയാൽ മതി. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ മാനേജ്‌മെന്റ്/ എൻ.ആർ.ഐ സീറ്റുകൾ ലഭ്യമാകണമെങ്കിൽ അതത് സ്റ്റേറ്റിലെ അലോട്ട്മെന്റ് ഏജൻസിക്ക് പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്.

ഇ.എസ്.ഐ.സി.ഐ.പി സംവരണം ലഭിക്കാൻ ഇ എസ് ഐ സി (എം പ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ) വെബ്സൈറ്റിൽ വാർഡ് ഓഫ് ഇൻഷ്വർഡ് പഴ്‌സൺ സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷ നൽകേണ്ടതാണ്. രാജ്യത്തെ 11 ഇ.എസ്. ഐ.സി മെഡിക്കൽ കോളേജുകൾ, ഒരു ഇ.എ സ്.ഐ.സി.ഡെൻ്റൽ കോളജ് എന്നിവയിലെ ഇ.എസ്.ഐ.സി.ഐ.പി. സംവരണ സീറ്റുകളിലേക്കാണ് പ്രവേശനം ലഭിക്കാറുള്ളത്. കേരളത്തിൽ കൊല്ലം മെഡിക്കൽ കോളജിൽ 30 സീറ്റ് ലഭ്യമാണ്.

എ.എഫ്.എം.സി (ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ്) ലെ മെഡിക്കൽ പ്രവേശനത്തിന് എം.സി.സി ഓപ്ഷൻ രജി സ്ട്രേഷൻ വേളയിൽ എ.എഫ്.എം. സിയിലേക്ക് ഓപ്ഷൻ നൽകേണ്ടതാണ്. ഇപ്രകാരം എ.എഫ്.എം സിയിലേക്ക് താൽപര്യം പ്രകടിപ്പിച്ചവരുടെ പട്ടിക ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ്, എ.എ ഫ്.എം.സിക്ക് കൈമാറും. ഈ പട്ടികയിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെ നീറ്റ് യു.ജി സ്കോറനുസരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. തുടർന്ന് ഇവർക്കായി പൂനെയിൽവച്ച് പ്രത്യേകം സ്ക്രീനിങ് ടെസ്റ്റ് നടത്തും. പരിശോധനയുമുണ്ടാകും. 115 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കു്യമാണ് കഴിഞ്ഞ വർഷം സെലക്ഷൻ ലഭിച്ചത്.

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നടത്തുന്നത് സ്ഥാപനം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ/കേന്ദ്ര ഭരണ പ്രദേശത്തെ പ്രവേശന പരീക്ഷാ അതോറിറ്റിയാണ്. വിജ്ഞാപനങ്ങൾ വരുന്ന മുറയ്ക്ക് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

മിലിറ്ററി നഴ്‌സിങ് സർവിസിലെ ബി എസ്.സി നഴ്‌സിംഗ്, ചില കേന്ദ്ര സ്ഥാ പനങ്ങളിലെ ബി.എസ്സി (ഓണേഴ്സ് ) നഴ്‌സിങ്, ഐ.ഐ.എസ്‌സി ബെംഗളൂരിലെ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്) പ്രോഗ്രാം, ജിപ്മറിലെ പാരാമെഡിക്കൽ പ്രോഗാമുകൾ തുടങ്ങിയവയു ടെ പ്രവേശനത്തിനും നീറ്റ് സ്കോർ പരിഗണിക്കാറുണ്ട്.

(ലേഖകൻ നീറ്റ് കൗൺസലിംഗ് എക്സ്പർട്ടാണ്. ഫോൺ: 9447709121)