കടവത്തൂർ: കണ്ണൂർ, കോഴിക്കോട് ജില്ലാ അതിർത്തികളിൽ വ്യാപിച്ചുകിടക്കുന്ന പ്രസിദ്ധമായ അറക്കൽ തറവാട് കുടുംബ സംഗമം നടത്തി. കുടുംബാംഗങ്ങളെ സ്നേഹത്തിൻ്റെ പാശത്താൽ ബന്ധിപ്പിക്കുന്ന മഹിതമായ പാരമ്പര്യമുള്ളതാണ് അറക്കൽ തറവാട്. തറവാടിലെ അംഗങ്ങൾ കണ്ണൂർ ജില്ലയിലെ കടവത്തൂരിലും കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂരിലുമായി വ്യാപിച്ചുകിടക്കുന്നു. കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അറക്കൽ കുടുംബത്തിൻറെ ഒത്തൊരുമ എടുത്തു പറയേണ്ടതാണ്.
വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ കുടുംബത്തിനും നാട്ടിനും മാർഗ ദീപമായി വർത്തിച്ച പലരും ഈ കുടുംബത്തിലുണ്ട്. കുടുംബത്തിനും നാട്ടിനും മാർഗദീപമായി പ്രവർത്തിച്ച പലരും കുടുംബത്തെ വിട്ടുപിരിഞ്ഞു പോയെങ്കിലും അവർ കൈമാറിയ വെളിച്ചം കെടാതെ സൂക്ഷിക്കാൻ പിൻതലമുറക്കാരുടെ പ്രയത്നം ശ്രദ്ധേയമാണ്. തറവാടിന്റെ ഓർമ്മകൾ പുതുക്കാനും പുതുതലമുറയ്ക്ക് പരസ്പരം പരിചയപ്പെടാനും കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹം പങ്കുവെക്കാനുമായി ഒത്തുകൂടിയ സ്നേഹസംഗമം നവ്യാനുഭൂതിയായി. അറക്കൽ തറവാടിന്റെ തിരുമുറ്റത്ത് ഒരിക്കൽ കൂടി എല്ലാവരും ഒത്തുകൂടിയിരുന്ന് പഴയകാല ഓർമ്മകൾ പങ്ക് വെച്ചു.
5 മുതൽ 80 വയസായവർ വരെ ആവേശത്തോടെയാണ് സംഗമത്തിൽ പങ്കെടുത്തത്. സ്നേഹവും കരുതലും സ്നേഹത്തലോടലുമായി ഒത്തുചേർന്നപ്പോൾ അവർ പഴയ കാലത്തേക്ക് തിരിച്ചു പോയി. ആടിയും പാടിയും കുട്ടിത്തം നിറഞ്ഞ കുസൃതികളിലൂടെയും ബാല്യത്തിലേക്ക് തിരിച്ചു നടന്നു. സ്നേഹ സമ്മാനങ്ങൾ പങ്കു വെച്ചും ഓർമ്മകൾ അയവിറക്കിയും പാട്ടു മത്സരം നടത്തിയും സ്നേഹക്കടലിൽ ആറാടി.
വി അബ്ദുൽ ജലീൽ സംഗമം ഉദ്ഘാടനം ചെയ്തു. പരവൻകണ്ടി സൂപ്പി അദ്ധ്യക്ഷത വഹിച്ചു. റമീസ് പാറാൽ മുഖ്യ പ്രഭാഷണം നടത്തി. കെ എം സുലൈഖ, അറക്കൽ അബൂബക്കർ, കെ എം അബ്ദുല്ല, സമീർ വി കെ, ആസിഫ് പി പി, അഫ്ലഹ് പരവൻകണ്ടി എന്നിവർ പ്രസംഗിച്ചു. കുടുംബാംഗങ്ങൾ നടത്തിയ കലാകായിക മത്സരങ്ങളിൽ എല്ലാവരും ആവേശപൂർവം പങ്കെടുത്തു.