കൊച്ചി: കോണ്‍ഗ്രസിന് പാര്ലമെന്റില് അംഗബലം കൂടുന്നതിന് യു ഡി എഫിന് വോട്ട് ചെയ്യണമെന്ന് കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഹംസ നെട്ടൂക്കുടി, ജനറല്‍ സെക്രട്ടറി കെ എസ് ഹര്‍ഷന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഫാസിസ്റ്റ് ശക്തികളെ അധികാര കേന്ദ്രത്തില്‍ നിന്നും താഴെ ഇറക്കുന്നതിന് ഇന്ത്യമുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് വിജയിക്കേണ്ടത് ആവശ്യമാണ്.

ഇന്ത്യ സഖ്യത്തിന് നേതൃത്വം നല്‍കുന്ന കക്ഷി കോണ്‍ഗ്രസ്സാണ്. കേരളത്തില്‍ പരസ്പരം മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഇന്ത്യ സഖ്യത്തിലെ സഖ്യകക്ഷികളാണ്. സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് പാര്ലമെന്റില് അംഗബലം കൂടിയാലേ ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യമാകു. ആയതിനാല്‍ കേരളത്തില്‍ നിന്നും മല്‍ത്സരിക്കുന്ന ഐക്യ ജനാധിപത്യമുന്നണി സാരഥികളെ വന്‍ഭൂരിപക്ഷത്തോടെ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് അയക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

എതിര്‍ ശബ്ദങ്ങളെ വകവരുത്തിയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചും അധികാരത്തില്‍ ഇരുന്ന് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ഫാസിസ്റ്റ് സര്‍ക്കാറിന്റേത്. ഇന്ത്യന്‍ മതേതരത്വത്തെ തച്ചുതകര്‍ക്കുന്ന, ഭരണഘടനയ്ക്ക് പോലും ഭീഷണിയാകും വിധം അധികാര ദുര്‍വിനിയോഗം നടത്തുന്ന ഇവരെ നിലക്ക് നിര്‍ത്തണം. ഫാസിസ്റ്റ് ശക്തികളെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് താഴെ ഇറക്കുന്നതിനും ജനാധിപത്യവും ഇന്ത്യന്‍ മതേതരത്വവും നമ്മുടെ മഹത്തായ ഭരണഘടനയും സംരക്ഷിക്കുന്നതിനും നിലനര്‍ത്തുന്നതിനുമാവണം വോട്ട് ചെയ്യുന്നത്. അതിനായി ഐക്യ ജനാധിപത്യ മുന്നണിക്ക് നിരുപാധിക പിന്തുണ നല്‍കാന്‍ കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഹംസ നെട്ടൂക്കുടിയും ജനറല്‍ സെക്രട്ടറി കെ എസ് ഹര്‍ഷനും പറഞ്ഞു.