വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഇന്ത്യക്കൊപ്പം ചേര്‍ന്ന് നില്‍ക്കുക: ഐ എസ് എം സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി

Kozhikode

കോഴിക്കോട്: വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഇന്ത്യക്കൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്ന് ഐ എസ് എം സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നിര്‍ണായക തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും ഇന്ത്യാമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചത്.

ഷുക്കൂര്‍ സ്വലാഹിയുടെ ഫേസ്ബുക്ക് കുറിപ്പ്:
നമ്മുടെ രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സന്ദര്‍ഭമാണല്ലോ ഇത്. ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ ഈ തെരഞ്ഞെടുപ്പിന്റെ പങ്ക് വിശദീകരിക്കേണ്ടതില്ലാത്ത വിധം വ്യക്തമാണ്. മതം മറയാക്കി വെറുപ്പ് പടര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് നമ്മുടെ നാടിനെ മതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും തുടച്ചു നീക്കുക എന്നത് ഏതൊരു പൗരന്റെയും ബാധ്യതയാണ്. ഇന്ത്യയെ മനോഹരമാക്കുന്ന നാനാത്വത്തെ പിഴുതെറിഞ്ഞ് ജനാധിപത്യ മതേതരത്വ സവിശേഷതകള്‍ നശിപ്പിച്ച് സവര്‍ണാധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യന്‍ ജനത തോളോട് തോള്‍ ചേര്‍ന്ന് ചെറുക്കേണ്ടത് ഏറെ അനിവാര്യമാണ്.

ജാതി, മത വര്‍ഗ വര്‍ണ ദേശ ഭാഷകള്‍ക്കപ്പുറം ഭാരതീയരെ ഒന്നായി കാണുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ശക്തി പകര്‍ന്നു കൊണ്ടാണ് നമ്മുടെ പ്രതിരോധമാരംഭിക്കേണ്ടത്. ഫാസിസ്റ്റ് വെറുപ്പുല്‍പ്പാദനത്തിനെതിരെ സ്‌നേഹത്തിന്റെ ചേര്‍ത്ത് പിടിക്കലുകളാണ് നമുക്കാവശ്യം. രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കളുടെ പ്രസക്തി വര്‍ദ്ധിക്കുന്നതും അവിടെയാണ്.

രാഹുല്‍ഗാന്ധി: എന്തൊരു മനുഷ്യനാണയാള്‍! പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മുന്നില്‍ പതറാതെ വെയിലും മഴയും വകവെക്കാതെ രാജ്യം മുഴുവന്‍ സ്‌നേഹ ദൂത്യമായി അയാള്‍ നടന്നു തീര്‍ത്തു. മതേതര ഇന്ത്യയുടെ പ്രതീക്ഷയായ ആ മനുഷ്യന്‍ ഈ രാജ്യത്തിനുവേണ്ടി ജീവിക്കുന്നു. ചിതറിത്തെറിച്ച മുത്തശ്ശിയുടെയും അച്ഛന്റെയും മൃതശരീരങ്ങള്‍ക്കു മുന്നില്‍ തളര്‍ന്നു പോയ ഒരു കുട്ടിയില്‍ നിന്നും ഈ രാജ്യം പ്രതീക്ഷയോടെ കാണുന്ന ഒരു മനുഷ്യനിലേക്ക് അയാള്‍ വളര്‍ന്നിരിക്കുന്നു. അയാള്‍ നടക്കുന്നതും പരിഹാസങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങുന്നതും നമുക്കു വേണ്ടിയാണ്. അയാളോടൊപ്പമല്ലാതെ ആര്‍ക്കൊപ്പമാണ് നാം നില്‍ക്കുക. അയാള്‍ക്കുവേണ്ടിയല്ലാതെ ആര്‍ക്കുവേണ്ടിയാണ് നാം സംസാരിക്കുക.
സ്റ്റാന്‍ഡ് വിത്ത് ഇന്ത്യ സ്റ്റാന്‍ഡ് വിത്ത് ആര്‍ ജി. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.