നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
അഷറഫ് ചേരാപുരം
ദുബൈ: യു പി ഐ വഴി ഇനിമുതല്‍ പ്രവാസികള്‍ക്കും പണമിടപാട് നടത്താം. പത്തു രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. നാട്ടിലെ മൊബൈല്‍ നമ്പറില്ലെങ്കിലും ഇടപാട് നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
യു എ ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു എസ്, യു കെ, കാനഡ, ആസ്ത്രേലിയ, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് യു പി ഐ ഇടപാടിന് അവസരം ലഭിക്കും. നോണ്‍ റെസിഡന്റ് എക്സ്റ്റേണല്‍(എന്‍ ആര് ഇ), നോണ്‍ റെസിഡന്റ് ഓര്‍ഡിനറി(എന്‍ ആര് ഒ) ബാങ്ക് അക്കൗണ്ടുള്ള പ്രവാസികള്‍ക്ക് അന്താരാഷ്ട്ര ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താനാകുമെന്ന് നാഷനല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ(എന്‍ പി സി ഐ) അറിയിച്ചു.
വിദേശത്തെ സമ്പാദ്യം ഇന്ത്യയിലേക്ക് അയക്കാന്‍ പ്രവാസികള്‍ ഉപയോഗിക്കുന്ന അക്കൗണ്ടാണ് എന്‍ ആര് ഇ. എന്‍ ആര് ഐകളുടെ ഇന്ത്യയിലെ സമ്പാദ്യം കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് എന്‍ ആര് ഒ എക്കൗണ്ട്.
അതേസമയം, വിദേശ വിനിമയ നിയമം(ഫെമ) അനുസരിച്ചാണ് യു പി ഐ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടെന്ന് ഉറപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് എന്‍ പി സി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പത്തു രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് യു പി ഐ പണമിടപാട് സാധ്യമാകുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ പേയ്മെന്റ് കോര്പറേഷന് ലക്ഷ്യമിടുന്നുണ്ട്.