സാമ്പത്തിക പ്രതിസന്ധി രൂക്ഷം, സഹകരണ സ്ഥാപനങ്ങളെ പിഴിയാനൊരുങ്ങി സര്‍ക്കാര്‍

Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സഹകരണ സംഘങ്ങളെ പിഴിഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ശ്രമം. സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കുന്ന ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടുകയാണ് ഇതിനായി ചെയ്യുന്നത്. ഇതോടെ സഹകരണ സ്ഥാപനങ്ങള്‍ വെട്ടിലായി. പല ഫീസുകള്‍ക്കും അഞ്ചിരട്ടി വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തുന്നത്.

ജനങ്ങളെ നേരിട്ട് പിഴിയാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയുള്ള വരുമാന വര്‍ദ്ധനവ് ലക്ഷ്യമാക്കിയാണ് നടപടിയെങ്കിലും ഫലത്തില്‍ ഈ ഭാരവും ജനം തന്നെ വഹിക്കേണ്ടി വരും. ഭീമമായി വരുത്തുന്ന ഫീസ് വര്‍ദ്ധന പല സഹകരണ സംഘങ്ങള്‍ക്കും താങ്ങാനാവില്ല. ഇത് മറികടക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ ജനങ്ങളെ തന്നെയാവും ബാധിക്കുക. അതിനിടെ പ്രതിസന്ധിയില്‍ ഓടുന്ന സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ ഫീസുയര്‍ത്തല്‍ വലിയ പ്രതിസന്ധിയായി മാറുകയും ചെയ്യും. അതുകൊണ്ട് തന്നെ സഹകരണ കൊള്ളയ്ക്കാണ് സര്‍ക്കാര്‍ നീക്കമെന്ന വിമര്‍ശനവും സജീവമാണ്.

ഉയര്‍ന്നനിരക്കുകള്‍ നല്‍കിയില്ലെങ്കില്‍ സഹകരണസ്ഥാപനങ്ങളെ ക്ലാസിഫിക്കേഷനില്‍ തരംതാഴ്ത്താനുള്ള വ്യവസ്ഥ കൊണ്ടുവരാനാണ് നീക്കം. ഓരോ സഹകരണ സ്ഥാപനത്തിലെയും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ക്ലാസിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ തുകയെല്ലാം കൃത്യമായി കിട്ടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പരമാവധി ഓഡിറ്റ് ഫീസ് ഒരുലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കണമെന്നാണ് ശുപാര്‍ശ. പ്രവര്‍ത്തന മൂലധനം, വിറ്റുവരവ്, മൊത്തവരുമാനം എന്നിവയിലേതെങ്കിലും ഒന്ന് അടിസ്ഥാനമാക്കി 100 രൂപയ്ക്ക് 50 പൈസ എന്ന നിലയിലാണ് ഓഡിറ്റ് ഫീസ് ഈടാക്കുക. പ്രാഥമിക സഹകരണ സംഘങ്ങളുടെ ഫീസ് 50,000 രൂപയില്‍നിന്ന് രണ്ടുലക്ഷമാക്കും. 10 കോടിക്കുമുകളില്‍ പ്രവര്‍ത്തന മൂലധനമുള്ള സംഘത്തിന്റെ ഫീസ് ഒരുലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കും. സാമ്പത്തിക തര്‍ക്കങ്ങളിലെ കേസിനുള്ള മിനിമം ഫീസ് 200 രൂപയില്‍നിന്ന് 500 രൂപയാക്കും.

പരമാവധി 2000 രൂപയായിരുന്നത് രണ്ടുലക്ഷം രൂപവരെ 5000 രൂപയും രണ്ടുലക്ഷം മുതല്‍ പത്തുലക്ഷംവരെ 7500 രൂപയും പത്തുലക്ഷത്തിനുമുകളില്‍ 10,000 രൂപയുമാക്കാനാണ് തീരുമാനം. സഹകരണ ജീവനക്കാരുടെ പരാതികള്‍ക്കുള്ള ഫീസ് 1000 രൂപയില്‍ നിന്ന് 5000 രൂപയാക്കാനും ശുപാശയുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ക്കുള്ള ഫീസ് 5000 രൂപയില്‍നിന്ന് 10,000 രൂപയാകും. സഹകരണസംഘം രജിസ്ട്രാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള ഫീസ് 2000ത്തില്‍നിന്ന് 5000 രൂപയാക്കും. പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ശാഖ അനുവദിക്കാനുള്ള അപേക്ഷാഫീസ് 5000 രൂപയില്‍ നിന്ന് 7500 രൂപയാക്കും. സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ പുതുക്കാനുള്ള അപേക്ഷാഫീസ് 2000 രൂപയില്‍ നിന്ന് 5000 രൂപയാക്കാനുമാണ് തീരുമാനം.