ഖുർആനിനെ സ്നേഹിക്കുന്ന അമുസ്‌ലിംകൾ ധാരാളം: ഡോ. ഹുസൈൻ മടവൂർ

Kannur

പഴയങ്ങാടി (കണ്ണൂർ) മനുഷ്യ സമൂഹത്തെ സംസ്കാര സമ്പന്നരാക്കി വളർത്താനുതകുന്ന കാലാവർത്തിയായ നിയമ സംഹിതയാണ് വിശുദ്ധ ഖുർആൻ എന്നു മനസ്സിലാക്കി ഖുർആനിനെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന അമുസ്‌ലിം വിദ്യാസമ്പന്നർ ലോകത്തെമ്പാടുമുണ്ടെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

പഴയങ്ങാടി മണ്ഡലം ഖുർആൻ വെളിച്ചം, ക്യു. എഛ്. എൽ. എസ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈയൊരു സഹകരണം നമ്മുടെ ബഹുസ്വര സംസ്കാരവും മതേതരത്വവും ശക്തിപ്പെടുത്തും.

ഖുർആൻ പഠിച്ച് മനസ്സിലാക്കുക മാത്രമല്ല അവർ അത് പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുക കൂടി ചെയ്യുക കൂടി ചെയ്തിട്ടുണ്ട്. കണ്ണൂരിലെ വാണിദാസ് എളയാവൂരിൻ്റെ ഖുർആൻ ലളിതസാരം എന്ന ഖുർആൻ വിവർത്തനവും ഖുർആനിൻ്റെ മുമ്പിൽ വിനയാന്വിതം എന്ന ഗ്രന്ഥവും പ്രസിദ്ധമാണ്.

കെ.ജി. രാഘവൻ നായരുടെ അമൃത വാണിയും കോന്നിയൂർ രാഘവൻ നായരുടെ ദിവ്യദീപ്തിയും മലയാളത്തിൽ പ്രസിദ്ധീകൃതമായ ആദ്യത്തെ ഖുർആൻ സമ്പൂർണ്ണ കാവ്യ വിവർത്തനങ്ങളാണ്. പാരം ദയാലുവായ് ദാക്ഷിണ്യ ശാലിയായ് വാഴുമൊരീശ്വരൻ തിരുനാമത്തിൽ ….. എന്നുതുടങ്ങുന്ന സ്കൂൾ പ്രാർത്ഥനാ ഗീതം കോന്നിയൂർ രാഘവൻ നായർ എഴുതിയ ദിവ്യദീപ്തിയിലെ സൂറത്തുൽ ഫാതിഹയുട പരിഭാഷയാണ്. ഖുർആൻ പഠിക്കുകയും മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടുകയും ചെയ്യുന്ന ഇതര മതവിശ്വാസികളും ധാരാളമുണ്ട്.

മാനവരാശിക്ക് സമാധാന ജീവിതവും ശാശ്വത വിജയവും ഉറപ്പ് വരുത്തുന്ന പ്രായോഗികവും ഫലപ്രദവുമായ നിയമങ്ങളാണ് ഖുർആനിലുള്ളത്.
വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹികജീവിതത്തിലും മനുഷ്യൻ പാലിക്കേണ്ട നിയമങ്ങൾ ഖുർആനിലുണ്ട്. അത് പഠിച്ച് മനസ്സിലാക്കാനുള്ള വ്യവസ്ഥാപിതമായ പദ്ധതികളാണ് വെളിച്ചം പദ്ധതിയും ക്യു എഛ് എൽ എസ് സംവിധാനവുമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

എന്നാൽ സുരക്ഷിതമായ സാമൂഹികഘടനയെ തകർക്കുകയാണ് നാസ്തികരും ലിബറിസ്റ്റുകളും ചെയ്യുന്നത്. അതിൻ്റെ ദുരന്തഫലം ഇപ്പോൾ ലോകമെങ്ങും അനുഭവിക്കുകയാണന്നും സ്വതന്ത്രചിന്തകർ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്നും ഉദാഹരണ സഹിതം അദ്ദേഹം വ്യക്തമാക്കി.

മൊട്ടാമ്പ്രം സലഫി മസ്ജിദ് അങ്കണത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന സംഗമത്തിൽ നൂറു കണക്കിന് ഖുർആൻ പഠിതാക്കൾ പങ്കെടുത്തു. എം. ജി .എം സംസ്ഥാന ജനറൽ സെക്രട്ടരി ശമീമ ഇസ്ലാഹിയ്യ, റാഷിദ് സ്വബാഹി, മുഹമ്മദ് സഫവാൻ മദനി എന്നിവർ പ്രഭാഷണം നടത്തി. വെളിച്ചം, ബാലവെളിച്ചം, ക്യു എഛ് എൽ എസ് പരീക്ഷാ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും വെളിച്ചം സംസ്ഥാന കൺവീനർ കെ എം എ അസീസ് നിർവഹിച്ചു.

അഹമ്മദ് പരിയാരം ആദ്ധ്യക്ഷത വഹിച്ചു. ഫസിലു റഹ്മാൻ ഏഴോം സ്വാഗതവും അബ്ദുൽ റഷീദ് മാട്ടൂൽ നന്ദിയും പറഞ്ഞു. കെ എൻ എം , ഐ എസ് എം, എം എസ് എം, എം ജി എം മണ്ഡലം ജില്ലാ ഭാരവാഹികളായ വി.പി.കെ അബ്ദുൽ റഹ്മാൻ, ഹസ്സൻ കുഞ്ഞി അരിപ്പാമ്പ്ര, മുഹമ്മദ് അക്രം, ഷംസീർ കൈതേരി, ജാബിർ കെ.എം, ജാസിർ മാട്ടൂൽ, അമീർ അലി, നസീമ ബഷീർ, സാജിറ പി.വി എന്നിവർ ആശംസകൾ നേർന്നു.
ഖുർആൻ പഠിതാക്കളുടെ അനുഭവങ്ങൾ പങ്ക് വെക്കലും ചർച്ചകളും ലുഖ്മാൻ അബൂബക്കറിന്റെ നേതൃത്വത്തിൽ നടന്നു. ബാലവെളിച്ചം സംഗമത്തിന്ന് റഷീദ ടീച്ചർ, ഖദീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി.