കൽപ്പറ്റ: ഭൂസമര സമിതിയുടെയും സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൽപ്പറ്റ എമിലിയിലുള്ള പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഭൂസമര സമിതി കൺവീനർ എം.കെ ഷിബു ഡോ. നല്ല തമ്പി തേര അനുസ്മരണ പ്രഭാഷണം നടത്തി.
നിയമ പോരാട്ടങ്ങളോടൊപ്പം സമരപ്രക്ഷോഭങ്ങളും അനിവാര്യമായ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത് എന്ന് അദ്ദേഹം അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. വയനാട്ടിലെ ആദിവാസി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഡോ. നല്ല തമ്പി തേര ആദിവാസികളുടെ ഭൂ അവകാശത്തിനും, ഭൂസംരക്ഷണത്തിനും അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കുന്നതിനും വേണ്ടി നടത്തിയ നിയമ പോരാട്ടങ്ങൾ ചരിത്രമാണ്. സംസ്ഥാനത്തെ ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനായി മുന്നോട്ട് വെച്ച ആദിവാസിഭൂസംരക്ഷണ നിയമം മനസ്സില്ലാമനസ്സോടെ നിയമസഭ പാസ്സാക്കിയെങ്കിലും, ചട്ടങ്ങൾ രൂപീകരിക്കാൻ സർക്കാർ തയാറായില്ല.
ആദിവാസികൾക്ക് അർഹതപ്പെട്ട ഭൂമിക്ക് വേണ്ടി ഡോ. നല്ലതമ്പി ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും കേസ് നടത്തി. 2006 ൽ നേടിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കി കിട്ടാൻ സുപ്രീം കോടതിയെ സമീപിച്ചു. 2009 ൽ ഉത്തരവ് കരസ്ഥമാക്കി. വിവി നടപ്പാക്കാൻ വി.എസ്. അച്ചുതാനന്ദൻ്റെ LDF സർക്കാർ യാതൊരു കാര്യവും ചെയ്തില്ല. ഈ കേസുകളും അതിൻ്റെ വിധികളും നിയമ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമാണ്. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല, ഡോക്ടര്‍ എന്ന നിലയിലും തന്റെ സേവനം ലഭ്യമാക്കുവാന്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.
സർക്കാർ ഉദ്യോഗസ്ഥനായി പല ആശുപത്രികളിലും സേവനമനുഷ്ഠിച്ച ഡോ. നല്ലതമ്പി ക്ക് 2 സെൻ്റ് ഭൂമി പോലും സ്വന്തമായി ഉണ്ടായിരുന്നില്ല സംസ്ഥാനത്തെ ഭൂസമരങ്ങളോടും, അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചു പിടിക്കുന്നതിനുമുള്ള പോരാട്ടങ്ങളോടും എന്നും അദ്ദേഹം ഐക്യപ്പെട്ടു. 2010 ജൂൺ 17 ന് നിര്യാതനായ ഡോ. നല്ലതമ്പി തേര മേപ്പാടി, വിത്ത്കാട് ഭൂസമരസമിതിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത വർഗ്ഗീസ് സ്മാരക സമരഭൂമിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, സുനിൽ ജോസഫ്, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.