സുംബാ നൃത്തം എതിർക്കപ്പെടേണ്ടതോ..?

Analysis

ഡോ മുഹമ്മദ് അഷ്‌റഫ്‌(ജർമനി)

കായികക്ഷമതയും വിനോദവും സംയോജിപ്പിച്ചുകൊണ്ട് പ്രൈമറിതലം മുതൽ സ്കൂൾ കായിക വിദ്യാഭ്യാസ പദ്ധതിയിൽ വിവിധ രാജ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഫിറ്റ്‌നസ് രീതിയാണ് സുംബാ നൃത്തം. അങ്ങേയറ്റം രസകരവും ആഹ്ളാദപ്രദവുമാണ് ഇതിലെ പങ്കാളിത്തസ്വഭാവം. ചുരുക്കത്തിൽ നൃത്തത്തിൽ അധിഷ്ഠിതമായ ഒരു ഫിറ്റ്‌നസ് പരിപാടി!

ലാറ്റിൻ-പ്രചോദിത സംഗീതവും നൃത്തച്ചുവടുകളും എയറോബിക് വ്യായാമവുമായി ഇത് സംയോജിപ്പിക്കുന്നു, സാധാരണ ഗതിയിലുള്ള ഫിറ്റ്‌നസ് സ്പോർട്സ് ട്രെയിനിങ് സമയത്ത് കുട്ടികൾ അനുഭവിക്കുന്ന മടുപ്പും വിരസതയും മറികടന്ന് പരിശീലനം ആസ്വാദ്യകരവും രസകരവുമാക്കാൻ ഇതിന്റെ നൃത്തസംഗീത ആവിഷ്കാരത്തിന് കഴിയും. സുംബ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.

കാർഡിയാക് ഏകോപനമാണ് ഈ എക്സർസൈസ് കൊണ്ടുള്ള മറ്റൊരു പ്രയോജനം. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങൾ, സന്തുലിതാവസ്ഥ ബാല്യത്തിൽ തന്നെ ക്രമപ്പെടുത്തുന്നു. (ആസ്മാരോഗ പ്രതിരോധത്തിനും ബാല്യത്തിൽ ഉണ്ടാകുന്ന പ്രമേഹരോഗത്തിനും പരിഹാരമായി ഇത് പരിശീലിപ്പിക്കുന്നുണ്ട്).

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു എന്നതുകൊണ്ട് തന്നെ, താഴ്ന്ന ക്ളാസുകൾ മുതൽ ഈ രീതി പ്രവർത്തികമാക്കിവരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഊർജ്ജസ്വലമായ വ്യായാമ രീതിയാണിത്. വ്യത്യസ്ത പ്രായക്കാർക്കും കഴിവുകൾക്കും അനുയോജ്യമായ മാറ്റങ്ങൾ ഇതിൽ വരുത്താവുന്നതാണ്. അതായത്, സ്കൂൾ കുട്ടികൾക്ക് മാത്രമായിട്ടിട്ടുള്ള ഒരു ആരോഗ്യ സംരക്ഷണ രീതിയല്ല ഇത്. അതുകൊണ്ട് തന്നെ സമൂഹം ഇതിനെ പൂർണ്ണമനസോടെ സ്വീകരിക്കേണ്ടതുണ്ട്.

സുംബ ക്ലാസുകൾക്ക് പ്രത്യേക യൂണിഫോം ആവശ്യമില്ല.

ഇതിന് ഏതെങ്കിലും രീതിയിലുള്ള വസ്ത്രം വേണമെന്ന് നിയമവും നിയന്ത്രണവും ഒന്നുമില്ല. ഫിറ്റ്‌നസ് ഗ്രൂപ്പുകൾ അവരുടേതായ യൂണിഫോം വസ്ത്രങ്ങൾ അണിഞ്ഞ് അതിന്റെ ചിത്രങ്ങൾ പുറത്തുവിടുന്നതുകൊണ്ടുള്ള തെറ്റിദ്ധാരണയാണ് അങ്ങനെ വേണമെന്നുള്ള പ്രചാരണത്തിന് കാരണം.
ട്രാക്സ്യൂട്ട് മുതൽ ഫിറ്റ്‌നസ് ഡ്രസ്സ്‌ അടക്കം സാധാരണ രീതിയിലുള്ള ഏത് കുപ്പായവുമാകാം. അതൊന്നും മനുഷ്യന്റെ ആരോഗ്യ സംരക്ഷണ രീതിക്ക് എതിരുമല്ല.

അമേരിക്കയിൽ തുടക്കം കുറിച്ച ഈ പ്രായോഗിക ആരോഗ്യസംരക്ഷണ രീതി ഇന്ന് ആഫ്രിക്കൻ രാജ്യങ്ങളടക്കം 180 രാജ്യങ്ങളിൽ ഫ്രീ ടൈം സ്പോർട്സിന്റെ ഭാഗമാണ്.