കേരളത്തില്‍ ഉദ്യോഗസ്ഥ ലോബിയുടെ ജി എസ് ടി കൊള്ള

Analysis

കേരളത്തില്‍ പിണറായി സര്‍ക്കാറിന്റെ കീഴിലെ ജി എസ് ടി വകുപ്പ് ഉന്നത ഉദ്യോഗസഥര്‍ വ്യാപകമായി കോടികളുടെ ജി എസ് ടി തട്ടിപ്പ് നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മുഴു നീളം നടക്കുന്ന നികുതി കൊള്ളക്ക് ചുക്കാന്‍ പിടിച്ച് സര്‍ക്കാരിന്റെ ഖജനാവിലേക്കെത്തേണ്ട പണം വിഴുങ്ങുന്നതാവട്ടെ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥ ലോബിയും. ഇതില്‍ നിന്നുളള വിഹിതം ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൈകളിലേക്കും എത്തുന്നുണ്ട്. കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

പ്രതിമാസം ഒരു ലക്ഷത്തോളം രൂപ സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ജി എസ് ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് സര്‍ക്കാരിനെ പച്ചയായി കൊള്ളയടിച്ചു വരുന്നത്. നികുതി വെട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഉന്നതങ്ങളിലെ ബന്ധം കാരണം ഇവര്‍ക്കെതിരെ ഒരു അന്വേഷണവും നടത്താന്‍ തയ്യാറായിട്ടുമില്ല.

സര്‍ക്കാരിന്റെ ഖജനാവില്‍ എത്തേണ്ട കോടിക്കണക്കിനു രൂപ പിഴയായി വാങ്ങിയെടുക്കുന്നതിനു പകരം ഫൈനുകള്‍ അടക്കാതിരിക്കാന്‍ ഇടനിലക്കാരായി ചില ഉദ്യോഗസ്ഥന്മാരെ നിര്‍ത്തി ‘ഡീല്‍’ ഉറപ്പിച്ച് കോടികളാണ് ഇവര്‍ ഇതിനകം കീശയിലാക്കിയത്. ജി എസ് ടി വരുന്നതിനു മുന്‍പ് സെയില്‍ ടാക്‌സ് ആയിരിക്കുമ്പോള്‍ മുതല്‍ തുടങ്ങിയ ഈ ഉദ്യോഗസ്ഥ കൊള്ള, ജി എസ് ടി വന്നതിന് ശേഷവും തടസ്സമേതുമില്ലാതെ തുടരുകയാണ്.

സംസ്ഥാനത്തേക്ക് ബില്ലുകള്‍ ഇല്ലാതെ ചെക്ക് പോസ്റ്റുകള്‍ വഴി സ്റ്റീല്‍ കടത്തി കൊണ്ട് വരിക, സ്വര്‍ണ്ണക്കടത്ത്, ജ്വല്ലറികളിലെ റെയ്ഡുകള്‍, വമ്പന്‍ ജി എസ് ടി കുടിശികകള്‍ക്ക് ഇളവുകള്‍ നല്‍കല്‍, പെരുമ്പാവൂരില്‍ നിന്നുള്ള പ്ലൈവുഡ് കടത്ത്, നിര്‍മാണ മേഖല, ക്വറികള്‍ എന്നിവയിലൂടെയാണ് സര്‍ക്കാരിന് കിട്ടേണ്ട പണം സ്വന്തം കീശ വീര്‍പ്പിക്കാന്‍ ഈ ഉദ്യോഗസ്ഥ ലോബി ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളിലും ഈ സംഘത്തിന്റെ അദൃശ്യ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൊച്ചിയിലെ പ്രമുഖ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഈ തട്ടിപ്പിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ 7 ജോയിന്റ് കമ്മീഷണര്‍മാരും സഹായികളായുണ്ട്. ഇവര്‍ 8 പേര്‍ അറിയാതെ ജി എസ് ടി വകുപ്പില്‍ ഒരു ഇല അനങ്ങില്ല. തുടര്‍ച്ചയായി അഞ്ചു വര്‍ഷം കേരളത്തിലെ പല ചെക്ക് പോസ്റ്റുകളിലും ജോലി നോക്കിയിരുന്ന കൊച്ചിയിലെ പ്രമുഖ ഉദ്യോഗസ്ഥന്‍ നേരത്തെ മുതല്‍ വിലന്‍സുമായി അടുത്ത ബന്ധത്തിലാണ്. സിനിമ രംഗത്തെ പ്രമുഖര്‍ക്ക് നികുതി ഇളവുകള്‍ തരപ്പെടുത്തുന്നതും ഇതേ ലോബി തന്നെ. ബിനാമി രജിസ്‌ട്രേഷനുകള്‍ എടുത്ത് നല്‍കുക, പിഴയിട്ട ശേഷം വിളിച്ചു ഡീലുകള്‍ ഉറപ്പിച്ച് സര്‍ക്കാരിനെ പറ്റിച്ച് ഇടപാടുകള്‍ നടത്തി വീതം വെക്കുക എന്നിങ്ങനെയാണ് ഇവര്‍ ചെയ്തു വരുന്നത്.

അതിനിടെ കൊച്ചിയിലെ പ്രമുഖനെ തിരുവന്തപുരത്തേക്ക് മാറ്റിയെങ്കിലും പിറകെ ഇയാളെ തിരികെ കൊച്ചിയില്‍ തന്നെ പ്രതിഷ്ഠിച്ച് കിട്ടാന്‍ സംസ്ഥാന ജി എസ് ടി കമ്മീഷണര്‍ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങിയത് നിരവധി തവണയാണ്. (തുടരും)