രാഷ്ടീയ ലോക് മോർച്ച ദേശീയ ജന. സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ സി പി ഐ യിൽ ലയിച്ചു. കോട്ടയത്തു നടന്ന ചടങ്ങിൽ ആർ എൽ എം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് പ്രസാദ്, സെക്രട്ടറി രാജൻ കെ. ജോയി ഇടുക്കി ജില്ലാ പ്രസിഡണ്ട് സോബി വർഗ്ഗീസ് എന്നിവർ ഉൾപ്പടെയുള്ള നേതാക്കളേയും പ്രവർത്തകരെയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം രക്തഹാരം അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
സിപിഐ കളങ്ക രഹിതരുടെ പാർട്ടിയാണെന്നും ഡോ. ബിജു കൈപ്പാറേടനെപ്പോലെയുള്ളവർ പാർട്ടിയിലേക്കു കടന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണെന്നും പാർട്ടിയിലേക്കു നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് ബിനോയ് വിശ്വം പറഞ്ഞു. ദേശീയ ഭരണകൂടം മനുഷ്യാവകാശ ലംഘനത്തിന്റെ എല്ലാ അതിർവരമ്പുകളും ഭേദിക്കുകയാണെന്ന് ഡോ. കൈപ്പാറേടൻ കുറ്റപ്പെടുത്തി.
ഒരു സിനിമക്കു പേരിടാൻപോലും ഭരണകൂടത്തിന്റെ തിട്ടൂരം വേണമെന്ന സ്ഥിതി ലജ്ജാകരമാണ്. രാജ്യത്തെ സ്ഥിതിഗതികൾ സഹിക്കാനാവാത്തവിധം വഷളായിരിക്കുന്നു. നുണകളുടെ നെറുകയിലിരുന്ന് രാജ്യം ഭരിക്കാൻ അധികകാലം ആർക്കും കഴിയില്ല. ജനങ്ങളിലാകെ അസ്വസ്ഥതയും അരക്ഷിത ബോധവും അനുദിനം വളരുകയാണ്.
ഈ സാഹചര്യത്തിലാണ് എൻ ഡി എ ഘടക കക്ഷി ബന്ധം അവസാനിപ്പിക്കാനും നൻമയുടെ രാഷ്ട്രീയം പിന്തുടരാനും തീരുമാനിച്ചതെന്ന് കൈപ്പാറേടൻ പറഞ്ഞു. സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ, മുതിർന്ന നേതാക്കളായ റ്റി.എൻ രമേശൻ, മോഹൻ ചേന്ദംകുളം തുടങ്ങിയവരുരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.