ടാലന്‍റ് ടീന്‍സ് ജിദ്ദ ഇഫ്താര്‍ സംഗമം

Gulf News GCC

വാര്‍ത്തകളും ചിത്രങ്ങളും അഭിപ്രായങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

ജിദ്ദ: ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ടാലന്റ് ടീന്‍സിന്റെ നേതൃത്വത്തില്‍ ഷറഫിയയിലെ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ടാലന്റ് ടീന്‍സ് അംഗങ്ങളും രക്ഷിതാക്കളുമടക്കം ഇരുനൂറോളം പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രബോധകനും അല്‍ഹുദാ മദ്‌റസ പ്രിന്‍സിപ്പലുമായ ലിയാഖത്തലി ഖാന്‍ റമദാന്‍ സന്ദേശം നല്‍കി.

കുട്ടികളുടെ ഇഷ്ടങ്ങളായ കളികളും വിനോദങ്ങളും ലഹരിയായി മാറാതിരിക്കാനും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനും കുട്ടികള്‍ക്ക് സാധിക്കേണ്ടതുണ്ട്. മാതാപിതാക്കളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ എപ്പോഴും പാലിക്കണമെന്നും അവര്‍ക്ക് നന്മ ചെയ്യാന്‍ ഉത്സാഹം കാണിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു

ജിദ്ദയില്‍ നടന്ന ജെ.എഫ്.എഫ്,ബ്ലാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റുകളില്‍ ചാമ്പ്യന്മാരായ ടാലന്റ് ടീന്‍സ് ഫുട്‌ബോള്‍ അക്കാദമിയിലെ അണ്ടര്‍ 17 കളിക്കാര്‍ക്കുള്ള സമ്മാനങ്ങളും കോച്ചുമാര്‍ക്കുള്ള ഉപഹാരങ്ങളും സംഗമത്തില്‍ വെച്ച് വിതരണം ചെയ്തു.

മുഹമ്മദ് ഇഖ്ബാല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. അഷ്‌റഫ് (ബദര്‍ അല്‍ തമാം പോളി ക്ലിനിക്), സലാഹ് കാരാടന്‍ (ഇസ്‌ലാഹി സെന്റര്‍), സലീം മമ്പാട് (വൈസ് പ്രസിഡന്റ്, സിഫ് ജിദ്ദ), ഹാരിസ് (ബ്ലാസ്‌റ്റേഴ്‌സ് എഫ് സി), അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അബു കട്ടുപ്പാറ സ്വാഗതവും ശിഹാബ് പി.സി. നന്ദിയും പറഞ്ഞു.

ടാലന്റ് ടീന്‍സ് ഭാരവാഹികളായ ഹാത്തിം അലി, മുഹമ്മദ് റിദ്വാന്‍, അയ്ഹാം ശിഹാബ്, അബ്ദുല്ല, അബ്ദുല്‍ ഫതാഹ്, ഫസില്‍ നവാസ്, ഫസീഖ് നവാസ് എന്നിവരോടൊപ്പം അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, സകരിയ്യ കുറ്റിച്ചിറ, നവാസ് നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.