അഷറഫ് ചേരാപുരം
ദുബൈ: റമദാനെ വരവേറ്റ് അബൂദബിയിലെ ശൈഖ് സായിദ് മസ്ജിദും. ലോകത്തിലെ ശ്രദ്ധേയമായ മുസ്ലിം പള്ളികളിലൊന്നാണ് യു.എ.ഇ യിലെ അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്. ആരാധകരായും സന്ദര്‍ശകരായും പ്രതിവര്‍ഷം 70 ലക്ഷത്തിലേറെപ്പേര്‍ എത്തുന്ന ഈ മസ്ജിദില്‍ ഇത്തവണത്തെ റമദാനില്‍ വിശ്വാസികളെ സ്വീകരിക്കാനായി വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
റമദാന്‍ മാസത്തിലെ പരമ്പരാഗത ആചാരങ്ങളുടെ ഭാഗമായി മിദ്ഫ അല്‍ ഇഫ്താര്‍ എന്നറിയപ്പെടുന്ന പീരങ്കി മോസ്‌കില്‍ സ്ഥാപിച്ചിട്ടുണ്ട്. പീരങ്കി വെടിയുതിര്‍ക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ അബൂദബി ടി.വി.യില്‍ സംപ്രേഷണംചെയ്യും.
കൊവിഡ് കാലമായതിനാല്‍ പോയ രണ്ട് വര്‍ഷങ്ങളിലും സന്ദര്‍ശകര്‍ക്കും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് പിന്‍മാറിയ ശേഷം പൂര്‍ണമായും വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പള്ളിയുടെ കവാടങ്ങള്‍ തുറന്നിരിക്കയാണ്.
ആധുനിക യു.എ.ഇയുടെ ശില്‍പ്പിയായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നാഹ്യാന്റെ പേരിലറിയപ്പെടുന്ന ഈ പള്ളിയില്‍ തന്നെയാണ് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിന്റെ ഖബറിടം സന്ദര്‍ശിക്കാനും ആയിരങ്ങളാണ് ദിനേന ഇവിടെ എത്താറുള്ളത്. റമദാനില്‍ പതിനായിരക്കണക്കിന് പേര്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ ഇവിടെ നിന്നും നല്‍കാറുണ്ട്.
തറാവീഹ് നമസ്‌കാരത്തിനും വന്‍ ജനബാഹുല്യം ഉണ്ടാവാറുണ്ട്. കഴിഞ്ഞ റമദാനില്‍ 12 ലക്ഷത്തോളം പേര്‍ പള്ളിയിലെത്തിയിരുന്നു.രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ പാരമ്പര്യം മുന്‍നിര്‍ത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇസ്ലാമിക പണ്ഢിതര്‍ പ്രത്യേക ക്ഷണിതാക്കളായി രാജ്യത്ത് ഇത്തവണയും എത്തും. ഇവരില്‍ പലരും ഗ്രാന്റ് മോസ്‌കില്‍ പ്രഭാഷണം നടത്താറുണ്ട്. നിര്‍മിതിയിലും ഭംഗിയിലും ആത്മീയപ്രഭയിലും തിളങ്ങി നില്‍ക്കുകയാണ് ഈ റമദാനിലും അബൂദബി ഗ്രാന്റ് മോസ്‌ക്. മാസപ്പിറ കാണാത്തതിനാല്‍ യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് , ബഹറൈന്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് നാളെ വൃതം ആരംഭിക്കുകയാണ്.