ദുബായ്: പാണക്കാട് കുടുംബവുമായി നയപരമായ പ്രശ്‌നങ്ങള്‍ സമസ്തയ്ക്ക് ഉണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രശ്‌നം കുടുംബപരമല്ല. തികച്ചും നയപരം മാത്രമാണെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കുന്നു. സാദിഖലി ശിഹാബ് തങ്ങളും താനും തമ്മില്‍ ഭിന്നത ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. അതേസമയം സമസ്ത പറയുന്നത് പോലെ കേട്ടില്ലെങ്കില്‍ തള്ളി കളയുമെന്നും ജിഫ്രി തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഞങ്ങള്‍ തമ്മില്‍ എതിര്‍പ്പൊന്നുമില്ല. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു രൂപത്തിലേക്ക് എത്തിക്കണം. അല്ലെങ്കില്‍ അത് പോകുന്ന വഴിക്ക് പോകട്ടെ. തള്ളി കളയും. സമസ്ത പറയും പോലെ കേള്‍ക്കുന്നില്ലായെങ്കില്‍ അതിനെ നമ്മള്‍ തള്ളുമെന്നതില്‍ സംശയമില്ല.’ എന്നായിരുന്നു ജിഫ്രി തങ്ങളുടെ വാക്കുകള്‍.
സമസ്തയുമായി എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങളും പറഞ്ഞു. നേരത്തേയും പരിഹരിച്ചിട്ടുണ്ട്. ‘എന്റെ കുടുംബവും സമസ്തയും തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ല. പാലും വെള്ളവും ചേര്‍ന്നാല്‍ അതിനെ വേര്‍തിരിച്ചെടുക്കാനാകില്ല. സമസ്തയും എന്റെ കുടുംബവും അങ്ങനെയാണ്. ആര്‍ക്കും വേര്‍തിരിക്കാന്‍ കഴിയില്ല. ചില സംഭവ വികാസങ്ങളൊക്കെ ഉണ്ടാവും. അതൊക്കെ പരിഹരിക്കാവുന്നതല്ലേ.’ സാദിഖലി തങ്ങള്‍ പറഞ്ഞു.
ദുബായില്‍ നടന്ന സമസ്ത മുഅല്ലിമീന്‍ 30-ാം വാര്‍ഷിക വേദിയിലായിരുന്നു സമസ്ത അധ്യക്ഷന്റെയും പാണക്കാട് സാദിഖലി തങ്ങളുടേയും നിലപാട് വ്യക്തമാക്കല്.