കേരള യംഗ് ടൂറിസം ലീഡേഴ്‌സ് പരിപാടിക്ക് തുടക്കമായി

Kottayam

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള യംഗ് ടൂറിസം ലീഡേഴ്‌സ് പരിശീലന പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്തെ വിനോദസഞ്ചാര വികസനത്തിന് ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കു വഹിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് മൂന്നു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം.

നിലവില്‍ വിനോദസഞ്ചാര മേഖല നേരിടുന്ന പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനും ടൂറിസം കേന്ദ്രമെന്ന നിലയില്‍ കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ പരിശോധിക്കുന്ന ക്ലാസുകള്‍, ചര്‍ച്ചകള്‍, ശില്‍പ്പശാലകള്‍ ഇതിന്റെ ഭാഗമായി നടക്കും.

സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഡീന്‍ ഡോ. റോബിനറ്റ് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടയം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ റോബിന്‍ സി. കോശി മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ടോണി കെ. തോമസ്, ടൂറിസം ഫോര്‍ ലൈഫ് ചീഫ് കോഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ കുരുവിള എന്നിവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള യാത്രകള്‍ അപകടരഹിതമായി സംഘടിപ്പിക്കുന്നതിനുള്ള മുന്‍കരുതലുകള്‍, സുസ്ഥിര വികസനം, ടൂര്‍ ഓപ്പറേഷന്‍, ഡിജിറ്റല്‍ മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ നൈപുണ്യം നേടാന്‍ ഉപകരിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിലെ അധ്യാപകരായ എന്‍.എസ്. റിയാസ് മെഹമൂദ്, ജോസഫ് ജോര്‍ജ്, സുധിഷ് പിയേഴ്‌സണ്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നു. കേരള യംഗ് ടൂറിസം ലീഡേഴ്‌സ് പരിപാടിയുടെ പുതിയ ബാച്ചുകളില്‍ പങ്കെടുക്കുന്നതിനും വിശദ വിവരങ്ങള്‍ അറിയുന്നതിനും 9995553828,
7510910533 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.