ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ അവാര്‍ഡ് ലഫ്.ജനറല്‍ മൈക്കിള്‍ മാത്യൂസ് കൊട്ടാരത്തിന്

Kottayam

പാലാ: പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസ്സിയേഷന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പ്രത്യേക മേഖലയിലുള്ള സംഭാവനകള്‍ക്ക് വര്‍ഷംതോറും നല്‍കി വരുന്ന ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ അവാര്‍ഡിന് ലഫ്. ജനറല്‍ മൈക്കിള്‍ മാത്യൂസ് കൊട്ടാരം അര്‍ഹനായി. സൈനിക അര്‍ദ്ധസൈനിക മേഖലകളില്‍ മികവ് പ്രകടിപ്പിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നായിരുന്നു അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മുന്‍ ഡി.ജി.പി സിബി മാത്യൂസ് ചെയര്‍മാനും കേണല്‍ കെ.ജെ.തോമസ്, പത്രപ്രവര്‍ത്തകനായ ദേവപ്രസാദ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 24 ന് ഉച്ചകഴിഞ്ഞ് 2 ന് പാലാ സെന്റ് തോമസ് കോളേജിലെ സെന്റ് ജോസഫ് ഹാളില്‍ അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കേരളാ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് അവാര്‍ഡ് സമ്മാനിയ്ക്കും.

റവ.ഫാ.പൗലോസ് കുന്നത്തേടം അവാര്‍ഡ് പാലാ രൂപതാ വികാരി ജനറാളും കോളേജ് മാനേജരുമായ മോണ്‍ ജോസഫ് തടത്തില്‍ റവ.ഫാ.തോമസ് ഓലിയ്ക്കലിന് സമ്മാനിയ്ക്കും. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.ജെയിംസ് ജോണ്‍ മംഗലത്ത് മുഖ്യ പ്രഭാഷണം നടത്തും. അന്താരാഷ്ട്ര മാസ്‌റ്റേഴ്‌സ് നീന്തല്‍ മല്‍സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ പ്രൊഫ.റ്റി.സെബാസ്റ്റ്യന്‍, വെള്ളി മെഡലിന് അര്‍ഹനായ വി.ജെ തോമസ് തോപ്പന്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ പടിപ്പുരയ്ക്കല്‍ ഗോപാലകൃഷ്ണന്‍ എന്നീ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ യോഗത്തില്‍ പ്രത്യേകമായി ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *