തിരുവനന്തപുരം: കുടുംബശ്രീ ദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് മെയ് 17ന് നിര്‍വഹിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കുടുംബശ്രീയുടെ ആദ്യ ഡിജിറ്റല്‍ റേഡിയോ ‘ശ്രീ’യുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കുടുംബശ്രീയിലെ മുതിര്‍ന്ന അംഗം വാസന്തി കെ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ പുതുക്കിയ കുടുംബശ്രീ ലോഗോ പ്രകാശനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിര്‍വഹിക്കും. കുടുംബശ്രീ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കിയ പോസ്റ്റല്‍ കവര്‍ പ്രകാശനം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. ‘നിലാവ് പൂക്കുന്ന വഴികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. ശശി തരൂര്‍ എംപി, മേയര്‍ ആര്യാ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. റിപ്പോര്‍ട്ട് കുടുംബശ്രീ കുടുംബാഗങ്ങള്‍ അവതരിപ്പിക്കും.
മുന്‍ എം പി സുഭാഷിണി അലി, മാഗ്സസെ അവാര്‍ഡ് ജേതാവ് അരുണ റോയ്, സാമൂഹിക പ്രവര്‍ത്തക കെ വി റാബിയ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, കില ഡയറക്ടര്‍ ജോയി ഇളമണ്‍, മുന്‍ എം പി പി കെ ശ്രീമതി, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ സ്മിതാ സുന്ദരേശന്, ഗീതാ നസീര്‍, കൗണ്‍സിലര്‍ സിമി ജ്യോതിഷ്, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷൈന എ, കേന്ദ്ര ഗ്രാമവികസന മന്ത്രാലയ പ്രതിനിധികള്‍, കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയ പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും ബാലസഭ അംഗങ്ങള്‍ നന്ദി അര്‍പ്പിക്കും.
ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി 1998 മേയ് 17 നാണ് കുടുംബശ്രീ രൂപീകരിച്ചത്. ഇതിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും മേയ് 17ന് കുടുംബശ്രീ ദിനമായി ആചരിക്കുന്നു. മൂന്ന് മാസമായി നടന്നു വരുന്ന കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളും നാളെ സമാപിക്കും.