കോഴിക്കോട്: സി പി എം ജില്ലാകമ്മിറ്റി 11ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിക്കുമെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷണിച്ചാല്‍ റാലിയില്‍ പങ്കെടുക്കുമെന്ന ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ കൊച്ചിയിലെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. പലസ്തീന്‍ സാര്‍വദേശീയ വിഷയമാണ്. അതില്‍ സങ്കുചിത രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. മനുഷ്യത്വത്തിന്റെ പ്രശ്‌നമായി കണ്ടാല്‍ മതി. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമില്ല. ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്ത് എഐസിസി അംഗം ശശി തരൂര്‍ ഇസ്രയേല്‍ അനുകൂല പ്രസംഗം നടത്തിയത് നമ്മുടെ മുമ്പിലുണ്ട്. ആ കെണിയില്‍ വീഴാന്‍ സി പി എം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
യാസര്‍ അറാഫത്ത് നഗറില്‍ (സരോവരം കലിക്കറ്റ് ട്രേഡ് സെന്ററില്‍) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കുക, അന്താരാഷ്ട്ര ധാരണ അനുസരിച്ച് പലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി. വൈകീട്ട് മൂന്നോടെ ട്രേഡ് സെന്റര്‍ പരിസരം ജനസാഗരമാകും. നഗരപരിധിയിലുള്ളവര്‍ പ്ലകാര്‍ഡുകളും ബാനറുകളുമായി ചെറു റാലികളായി എത്തും. മന്ത്രിമാര്‍ക്കും സി പി എം നേതാക്കള്‍ക്കും പുറമെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മുതിര്‍ന്ന നേതാക്കളും മുസ്ലിംലീഗ് പ്രതിനിധിയും വിവിധ മത സാമുദായിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണനും പങ്കെടുത്തു.