നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോഴിക്കോട്: വയനാട് ഗേറ്റില്‍ നിന്ന് ജൂലൈ എട്ടിന് താമരശ്ശേരി ചുരത്തിലൂടെ നടന്നിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെയും പ്രകൃതി പരിസ്ഥിതി പ്രവര്‍ത്തകരുടെയും 18-ാമത് പ്രകൃതി പഠന യാത്രയുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി കോര്‍ഡിനേറ്ററും മുഖ്യസംഘാടകനുമായ പ്രൊഫ. ശോഭീന്ദ്രന്‍ അധ്യക്ഷനായി. മാനാഞ്ചിറ ഗവ. ടി ടി ഐ മോഡല്‍ യു പി സ്‌കൂളില്‍ 263 കുട്ടികള്‍ വരയ്ക്കാനെത്തി. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ദേശീയ ഹരിത സേന, ദര്‍ശനം സാംസ്‌കാരിക വേദി എന്നിവര്‍ പിന്തുണ നല്കുന്ന പെയിന്റിങ്ങ് മത്സരം പ്രമുഖ ശില്പി ചിത്രകാരന്‍ സദ്ഭാവന വേള്‍ഡ് സ്‌കൂളിലെ ആര്‍ട്ടിസ്റ്റ് കെ സുധീഷ് ക്യാന്‍വാസില്‍ പ്രകൃതി ദൃശ്യങ്ങള്‍ വരച്ച് ഉദ്ഘാടനം ചെയ്തു. ഊര്‍ജത്തിന്റെ അക്ഷയ ഘനിയായ സൂര്യന്റെ കിരണങ്ങളും പെയ്തിറങ്ങുന്ന മഴയില്‍ നനയുന്ന ജന്തുജീവജാലങ്ങളും മഴയില്‍ തുള്ളിക്കളിക്കുന്ന മനുഷ്യക്കുട്ടികളും ചേര്‍ന്ന ചിത്രം ദര്‍ശനം സെക്രട്ടറി എം എ ജോണ്‍സണു സുധീഷ് കൈ മാറി. പ്രകൃതി പഠനയാത്രയുട ബ്രോഷര്‍ പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍, ഗവ ടി ടി ഐ (മെന്‍) പ്രിന്‍സിപ്പല്‍ എം മുഹമ്മദ് റഷീദിന് നല്കി പ്രകാശനം ചെയ്തു. ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ പി സിദ്ധാര്‍ത്ഥന്‍, എക്കോ ക്‌ളബ് ജില്ലാ നിര്‍വ്വഹണ പരിശോധന സമിതി അംഗം പി രമേഷ് ബാബു, പരിസ്ഥിതി സംരക്ഷണ സമിതി അംഗം പി കെ ശശിധരന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കെ പി യു അലി, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ സതീശന്‍ കൊല്ലറയ്ക്കല്‍, ദര്‍ശനം ഐ ടി കോര്‍ഡിനേറ്റര്‍ ഡഗ്‌ളസ് ഡിസില്‍വ എന്നിവര്‍ നേതൃത്വം നല്കി. വിജയികളുടെയും ജൂറി പ്രദര്‍ശന യോഗ്യമെന്ന് കണ്ടെത്തുന്ന ചിത്രങ്ങളുടെയും പ്രദര്‍ശനം ജൂലൈ രണ്ടു മുതല്‍ കാളാണ്ടിത്താഴം ദര്‍ശനം എം എന്‍ സത്യാര്‍ത്ഥി ഹാളില്‍ സംഘടിപ്പിക്കും.