എ വി ഫര്‍ദിസ്
വര്‍ത്തമാന കാലത്ത് ഏറ്റവും വലിയ അപചയങ്ങളിലൊന്ന് സംഭവിച്ചത്, മുഖത്തെ പുഞ്ചിരിക്കാണ്. അകത്ത് ഒന്ന് വെച്ച്, മുഖത്ത് മറ്റൊന്ന് കാണിക്കുവാന്‍ ഇന്ന് വ്യാപകമായി പുഞ്ചിരി ഉപയോഗിക്കുന്ന ഒരു പരിതസ്ഥിതിയിലാണ് നമ്മുടെ ചുറ്റുപാടൊന്നാകെ. ഈ സമയത്താണ് കഴിഞ്ഞ ദിവസം കടന്നു പോയ പ്രിയ സുഹൃത്ത് പ്രവീണ്‍ കുമാറും ആ മുഖത്തെ പുഞ്ചിരിയുമെല്ലാം വേറിട്ടതാകുന്നത്. പ്രവീണിന്റെ മുഖത്ത് വരുന്ന പുഞ്ചിരി ഉള്ളില്‍ നിന്നും വരുന്നതായിരുന്നു. മറിച്ച്, മുഖത്ത് മാത്രം വരുത്തുന്ന അഭിനയവുമായിരുന്നില്ല. ഇതു തന്നെയായിരുന്നു, പലരുടെയും അടുത്ത ഒരാളാക്കി പ്രവീണിനെ മാറ്റിയതും.
കൂടെ കിടക്കുന്നവനെ രാപ്പനിയറിയും എന്ന ചൊല്ല് കേള്‍ക്കുമ്പോള്‍, ആദ്യം എന്റെ മനസ്സിലേക്കോടിയെത്തുക, രണ്ട് ഫോട്ടോഗ്രാഫര്‍മാരുടെ മുഖങ്ങളാണ്. അതിലൊന്ന് പ്രവീണിന്റേതും മറ്റൊന്ന് ച(ന്ദികയില്‍ നിന്ന് ചീഫ് ഫോട്ടോഗ്രാഫറായി വിരമിച്ച സെയ്തുമുഹമ്മദ്ക്കയുടേതുമാണ്. എന്തുകൊണ്ടെന്നാല്‍ ഒരു യാത്രയില്‍, ഒരു കട്ടിലില്‍ കൂടെ കിടന്ന ഓര്‍മകളാണ് ഇവരുമായി കൂടുതല്‍ സൗഹൃദത്തിന്റെ തുടക്കമാകുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരൊന്നാകെ കശ്മീരിലേക്ക് നടത്തിയ യാത്രയിലായിരുന്നത്. കശ്മീരിലെ ദല്‍ തടാകത്തിലെ ഹൗസ് ബോട്ടില്‍ ഒരു രാത്രി കഴിയുന്നത് കൂടി ആ ടൂര്‍ പാക്കേജിന്റെ ഭാഗമായിരുന്നു. കുറഞ്ഞ മുറികളായിരുന്നതിനാല്‍ ഞങ്ങള്‍ മൂന്നുപേരായിരുന്നു ഒരു മുറിയിലെ ഒരു കട്ടില്‍ ഷെയര്‍ ചെയ്യേണ്ടിയിരുന്നത്. തണുപ്പില്‍ നിന്നും രക്ഷപ്പെടുവാന്‍ കിടക്കക്കടിയില്‍ ഹീറ്റ് കൂട്ടുന്ന മെഷീന്‍ വെച്ചറിയാതെ ന്തോ ചൂടിങ്ങനെ കയറുന്നുവെന്ന് പറഞ്ഞ് ഉറക്കം ശരിയാകാതെ സൈയ്ദുക്ക ബഹളം കൂട്ടിയിരുന്നത്, പറഞ്ഞ് പ്രവീണും ഞാനും മൂപ്പരെ പലപ്പോഴും കളിയാക്കാറുണ്ടായിരുന്നു. എന്തായാലും യാത്രയിലുടനീളം ഞാനും പ്രവിയും തന്നെയായിരുന്നു പിന്നീട് റും മേറ്റുകള്‍.
ചൂടാകുമെങ്കിലും പ്രവീണിന്റെ ചൂടിനും ഒരു സോഫ്റ്റ്‌നെസ്സുണ്ടായിരുന്നു. ചുറ്റുവട്ടത്തുമുള്ളവരെ ആകര്‍ഷിക്കുവാന്‍ മാത്രം പ്രാപ്തിയുള്ള എന്തോ എന്ന് പുഞ്ചിരിയോടൊപ്പം ആ പ്രിയ സുഹൃത്തിലുണ്ടായിരുന്നു. പലപ്പോഴും പ്രവിയുടെ ചുറ്റും സ്‌നേഹിതന്മാരെ കൂടാതെ ധാരാളം സ്‌നേഹിതമാരെയും കാണുമ്പോള്‍, നമ്മളെല്ലാം തമാശയില്‍ പ്രവിയോട് പറയുന്ന ഒരു കമന്റ്, ഇങ്ങളെ മാതിരിയായ മതിയായിരുന്നെന്നായിരുന്നു.
പക്ഷേ, ഇപ്പോള്‍ ആ സുഹൃത്ത് മരണത്തിന് കീഴടങ്ങി കടന്നുപോകുമ്പോള്‍ അന്ന് തമാശ പറഞ്ഞ ഞാനടക്കമുള്ളവര്‍ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. ഒരിക്കലും നമുക്ക് ഒരു പ്രവീണാകുവാന്‍ സാധിച്ചു കൊള്ളണമെന്നില്ല. കാരണം എങ്ങനെ ഒരാളെ തന്റെ പെരുമാറ്റത്തിലൂടെ തന്റെ ഇഷ്ടക്കാരനാക്കുവാന്‍ സാധിക്കുമെന്ന അസാധാരണ കഴിവ് , ആ സുഹൃത്തിനു മാത്രം പടച്ചോന്‍ നല്കിയ അനുഗ്രഹമാണെന്ന്.
മരണം പുതിയ കാലത്ത് വലിയൊരു കാര്യമല്ലെങ്കിലും നമ്മളുടെ മനസ്സിനെ അത് മഥിക്കുമ്പോഴാണ് മരണപ്പെട്ട ആള്‍ എത്രത്തോളം നമുക്കിഷ്ടപ്പെട്ടവരാണെന്ന് നാം തിരിച്ചറിയുക, പ്രവിയുടെ മരണവും ഇപ്പോള്‍ നല്കുന്നത് അത്തരമൊരു അനുഭവം തന്നെയാണ്.