കോഴിക്കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. കോഴിക്കോട് കടപ്പുറത്ത് നടക്കേണ്ടിയിരുന്ന സംയുക്ത ഈദ് ഗാഹ് മഴയുടെ പശ്ചാത്തലത്തില്‍ ഇത്തവണ നടന്നില്ല. പകരം വിവിധ മസ്ജിദുകളിലും ഓഡിറ്റോറിയങ്ങളിലും ഹാളുകളിലുമാണ് ഈദ് നമസ്‌ക്കാരം നടത്തിയത്. നഗരത്തിലെ പ്രധാന മസ്ജിദായ പാളയം മൊയ്തീന്‍ പള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പള്ളിയിലെ ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കി. പുതിയറ സലഫി മസ്ജിദില്‍ കെ വി അബ്ദുള്‍ ലത്തീഫ് മൗലവി നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. നഗര പ്രാന്ത പ്രദേശമായ പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി നേതൃത്വം നല്‍കി.
മാത്തോട്ടം എ എല്‍ പി സ്‌കൂളില്‍ ആര്‍ യു ഏ കേളെജ് പ്രിന്‍സിപ്പള്‍ സഹദ് ബിന്‍ അലിയായിരുന്നു ഖത്വീബ്. പ്രമുഖ പൗരാണിക പള്ളികളായ കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ ആക്ടിംഗ് ഖാദി സഫീര്‍ സഖാഫിയും പട്ടാളപ്പള്ളിയില്‍ മിസ്ബഹ് ഫാറൂഖിയും നേതൃത്വം നല്കി. കുറ്റിച്ചിറ ജമാഅത്ത് പള്ളി മുച്ചുന്തി എന്നിവിടങ്ങളിലും നമസ്‌ക്കാരം നടന്നു. മര്‍ക്‌സ് നോളജ് സിറ്റിയില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനു മാനേജിങ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കി. ആകര്‍ഷണീയ രൂപത്തില്‍ വന്ന് ബാല്യവും യൗവനവും ജീവിതവും തന്നെ നശിപ്പിക്കുന്ന മയക്കു മരുന്നിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പെരുന്നാളില്‍ ലഹരിക്കെതിരെ വിശ്വാസികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കണമെന്നും ഇന്ത്യയില്‍ തീവ്രവാദത്തെ അകറ്റി നിര്‍ത്തണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പെരുന്നാള്‍ സന്ദേശത്തിലൂടെ അറിയിച്ചു. രാവിലെ കനത്ത മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി വിശ്വാസികളാണ് പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ പങ്കുചേര്‍ന്നത്. ശേഷം വൈകീട്ട് വരെ മഴ മാറി നിന്നതോടെ കോഴിക്കോട് ബീച്ചടക്ക മുള്ളിടങ്ങളില്‍ വന്‍ തിരക്കായിരുന്നു.
അതിനിടെ സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് നാടുകളേതു പോലെ കേരളത്തില്‍ അനേകം പേര്‍ ബുധനാഴ്ച തന്നെ പെരുന്നാള്‍ ആഘോഷിച്ചിരുന്നു. ഹിജ്‌റ കലണ്ടര്‍ അടിസ്ഥാനത്തില്‍ ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ നൂറോളം കേന്ദ്രങ്ങളില്‍ പെരുന്നാള്‍ നമസ്‌ക്കാരം നടത്തി. കോഴിക്കോട് ടൗണിലെ സ്‌നേഹാഞ്ഞലി ഓഡിറ്റോറിയത്തില്‍ ഷിര്‍ഷാദ് ഫാറൂഖി നേതൃത്വം നല്കി. ഫാറൂഖ് കോളെജില്‍ ഡോ. കോയക്കുട്ടി ഫാറൂഖിയും നേതൃത്വം നല്കി. സുന്നി വിഭാഗത്തില്‍പ്പെട്ട ജിലാനി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ശിക്ഷക് സദനിലും പെരുന്നാള്‍ നമസ്‌ക്കാരം നടത്തി.