വിദ്യാര്‍ഥികള്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തണം: ദ വയര്‍ എഡിറ്റര്‍ സീമ ചിഷ്തി

Kerala

കോട്ടയം: അറിവുകളിലൂടെ കരുത്തു നേടാനും അഭിപ്രായ സ്വാതന്ത്ര്യം യഥാസമയം പ്രയോജനപ്പെടുത്താനും വിദ്യാര്‍ഥി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ദ വയര്‍ എഡിറ്റര്‍ സീമ ചിഷ്തി നിര്‍ദേശിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലാ യൂണിയന്‍ സംഘടിപ്പിക്കുന്ന ത്രിദിന നാഷണല്‍ കോണ്‍റന്‍സില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അവര്‍.

യുവതലമുറയ്ക്ക് ഏറെ ആശയങ്ങളുണ്ട്. അറിയുവാനും കാലോചിതമായി ചിന്തിക്കുവാനും വിദ്യാര്‍ഥികള്‍ക്കു മുന്നിലുള്ള സാധ്യതകള്‍ അതിവിപുലമാണ്. സ്വതന്ത്രമായി ചിന്തിക്കുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും തെറ്റിനു നേരെ വിരല്‍ ചൂണ്ടുകയും ചെയ്യുന്ന സമീപനം നിലനിര്‍ത്താന്‍ കഴിയണം സീമ ചിഷ്തി നിര്‍ദേശിച്ചു.

സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ജിനീഷ രാജന്‍ അധ്യക്ഷത വഹിച്ചു. സര്‍വകലാശാലാ സെനറ്റ് അംഗം ഡോ. എം.കെ. ബിജു. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് സര്‍വീസസ് സെക്ഷന്‍ ഓഫീസര്‍ ആന്റണി ജോസഫ്, സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറി യദുകൃഷ്ണന്‍, കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ അശ്വിന്‍ രാജന്‍ വര്‍ഗീസ്, സര്‍വകലാശാലാ യൂണിയന്‍ ജോയിന്റ് സെക്രട്ടറി വിഷ്ണു രാജ് എന്നിവര്‍ സംസാരിച്ചു.