പൊലീസ് തുനിഞ്ഞിറങ്ങി കഞ്ചാവ് മാഫിയ സംഘം അകത്തായി

Crime News

കഞ്ചാവ് മാഫിയാ തലവന്മാരെ ഒറീസയിലെ വനാന്തരത്തില്‍ പോയി സാഹസികമായി പൊലീസ് പിടികൂടി. കേരള, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസണ്‍ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്മയില്‍ ഗന്ധ (27) എന്നിവരെയാണ് ഒറീസയിലെ ഉള്‍വനത്തിലെ ശ്രീ പള്ളി ആദിവാസി കുടിയില്‍ നിന്നും തടിയിട്ട പറമ്പ് പൊലീസ് പിടികൂടിയത്. ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളില്‍ കഞ്ചാവ് കൃഷി ചെയ്യുകയും മറ്റ് സംസ്ഥാനങ്ങളിലെ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ തലവനാണ് സാംസണ്‍. ദിനംപ്രതി നൂറുകണക്കിന് കിലോ കഞ്ചാവാണ് ഇത്തരത്തില്‍ ഇയാള്‍ കയറ്റി വിടുന്നത്. കേരളത്തിലേക്കും ഇത്തരത്തില്‍ നിരവധി പ്രാവശ്യം കഞ്ചാവ് കടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ തടിയിട്ട പറമ്പ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും രണ്ടു കിലോയോളം കഞ്ചാവുമായി ചെറിയാന്‍ ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ അന്വേഷണം നടക്കുന്നതിനിടയില്‍ വാഴക്കുളത്ത് നിന്ന് 70 കിലോ കഞ്ചാവും കുറുപ്പംപടിയില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന 250 കിലോ കഞ്ചാവും പിടികൂടി. തുടര്‍ന്നുള്ള അന്വേഷണമാണ് ഈ പ്രതികളിലേക്കെത്തിയത്. ഗ്രാമത്തില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയുള്ള ഉള്‍ വനത്തിലാണ് ഇവരുടെ താമസം. റോഡുകളോ മൊബൈല്‍ ടവറുകളോ ഇല്ലാത്ത പ്രദേശത്തേക്ക് തടയിട്ട പറമ്പ് എസ്.എച്ച്.ഒ വി.എം കേഴ്‌സണ്‍ ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

സാംസണ്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമായിരുന്നില്ല. സ്വന്തം അക്കൗണ്ടിലൂടെ പണമിടപാടും നടത്താറില്ല. ഇത് പ്രതികളിലേക്ക് എത്തുന്നതിന് ബുദ്ധിമുട്ടായി. ഈ വെല്ലുവിളികള്‍ തരണം ചെയ്താണ് ഇവരെ പിടികൂടിയത്. പ്രതികളെ ആദിവാസികള്‍ രക്ഷപ്പെടുത്തുന്നതിനും ശ്രമമുണ്ടായി. എസ്.എച്ച് ഒ വി.എം കേഴ്‌സണെ കൂടാതെ സീനിയര്‍ സി പി ഒ കെ.കെ ഷിബു സി.പി. ഒമാരായ അരുണ്‍.കെ.കരുണന്‍, പി.എ.ഷെമീര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *